Kerala

തലസ്ഥാന മെട്രോയ്ക്ക് വീണ്ടും ‘പാരയോ’? പുതിയ അലൈന്‍മെന്റ് നീക്കവും, യാര്‍ഡ് നിര്‍മ്മാണവും ചെന്നു നില്‍ക്കുന്നത് സംശയത്തിലേക്കോ

സര്‍ക്കാരിനെ മറികടന്ന് ഗതാഗതവകുപ്പിന്റെ പുതിയ അലൈൻമെൻ്റ് 'പാര' നിര്‍ദ്ദേശം

തലസ്ഥാനത്തെ മെട്രോ പദ്ധതി നടക്കുമോ? ഈ ചോദ്യം ജനങ്ങള്‍ ചോദിക്കുന്നത് സംസ്ഥാന സര്‍ക്കാരിനോടാണ്. പത്തുവര്‍ഷമായി ഇഴഞ്ഞു നീങ്ങുന്ന തലസ്ഥാന മെട്രോയുടെ അലൈന്‍മെന്റ് പഠനം വീണ്ടു നടത്താന്‍ സര്‍ക്കാര്‍ തലത്തിൽ ആലോചന . ഇതോടെ മെട്രോ പാതി വഴിയിൽ ഉപേക്ഷിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പഴയ പല റൂട്ടുകളും മാറി പുതിയ സ്ഥലങ്ങളിലേക്ക് മെട്രോയുടെ പഠനം നീങ്ങുന്നതോടെ പദ്ധതി വൈകുമെന്ന് ഉറപ്പായി കഴിഞ്ഞു. നിസാര കാര്യങ്ങള്‍ മുന്‍ നിറുത്തിയാണ് പുതിയ അലൈന്‍മെന്റില്‍ വ്യത്യാസം വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നത്. ഇതിന് ഗതാഗത വകുപ്പാണ് ചുക്കാന്‍ പിടിക്കുന്നത്. തിരുവനന്തപുരം മെട്രോയ്ക്കായി നേരത്തെ നിശ്ചയിച്ചിരുന്ന യാര്‍ഡ് പള്ളിപ്പുറത്ത് സിആര്‍പിഎഫിന് സമീപമായിരുന്നു. എന്നാല്‍ ദേശീയ പാത നിര്‍മ്മാണം എന്ന പുതിയ ആയുധമെടുത്ത് യാർഡ് മാറ്റി മനപൂര്‍വ്വം മെട്രോ നിര്‍മ്മാണം വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ശ്രമം. തിരുവനന്തപുരം ജില്ലയിൽ കടമ്പോട്ടുകോണത്തിന് സമീപം ആരംഭിക്കുന്ന ദേശീയ പാത 66 ന്റെ നിര്‍മ്മാണം കഴക്കൂട്ടം സിഎസ്‌ഐ ആശുപത്രിക്ക് സമീപം പൂര്‍ത്തിയാക്കേണ്ടത് 2026 ലാണ്. പള്ളിപ്പുറത്തും, കണിയാപുരത്തും, വെട്ട്‌റോഡിലും മേല്‍പ്പാതകള്‍ വരുന്നുണ്ട്. ഈ നിര്‍മ്മാണത്തോടൊപ്പം മെട്രോയുടെ തൂണുകള്‍ പണിതില്ലെങ്കില്‍ പിന്നീട് അവ നിര്‍മ്മിക്കാന്‍ പ്രയാസമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അതു മാത്രമല്ല കഴക്കൂട്ടം സിഎസ്‌ഐ ആശുപത്രിക്ക് സമീപം നിന്ന ആരംഭിക്കുന്ന മേല്‍പ്പാലം രണ്ടര കിലോമീറ്റര്‍ പിന്നിട്ട് ടെക്‌നോപാര്‍ക്ക് ഫെയ്‌സ് ത്രീയ്ക്കു സമീപം ആറ്റിന്‍കുഴിലാണ് അവസാനിക്കുന്നത്. ഇത്രയും ദൂരം മെട്രോ പാത എങ്ങനെ നിര്‍മ്മിക്കുമെന്നുള്ള കാര്യത്തിൽ ആശങ്കയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുമ്പോഴും, വ്യക്തമായ പഠനമില്ലായ്മയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പള്ളിപ്പുറം സിആർപിഎഫിന് അടുത്തായി സർക്കാർ മെട്രോയ്ക്കായി കണ്ടെത്തിയ സ്ഥലം

പഴയതു മാറ്റി പുതിയ അലൈമെന്റ് സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഗതാഗത വകുപ്പിന്റെ തീരുമാനം സര്‍ക്കാര്‍ അറിഞ്ഞിട്ടാണോയെന്ന സംശയം നിലനില്‍ക്കുന്നു. പുതിയ പാരവെയ്പ്പുമായി കെഎംആര്‍എല്‍ അധികൃതരാണ് ഗതാഗത വകുപ്പിനെ സമീപിച്ചെന്നാണ് അറിയാന്‍ സാധിച്ചത്. പദ്ധതി വൈകിപ്പിക്കാന്‍ വേണ്ടി പ്രയാസകരമായ ഒരു റോഡ് കോറിഡോര്‍ ഉള്‍പ്പെടുത്തി രണ്ടാം ഘട്ടം നിര്‍മ്മിക്കാനാണ് കെഎംആര്‍എല്ലിന്റെ നിര്‍ദ്ദേശപ്രകാരം ഗതാഗത വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. പള്ളിപ്പുറം ടെക്‌നോസിറ്റി മുതല്‍ കഴക്കുട്ടം വരെയുള്ള റൂട്ട് മാറ്റി പുതിയ അലൈന്‍മെന്റ് പഠനം നടത്തുന്നത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നടത്തിയ പഠനം, ഇല്ലാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അട്ടിമറിക്കാനാണ് ഗതാഗത വകുപ്പ് വഴി കെഎംആര്‍എല്‍ ചെയ്യുന്നതെന്ന് വ്യക്തമാണെന്ന് തിരുവനന്തപുരത്തെ വികസന കൂട്ടായ്മകള്‍ വ്യക്തമാക്കി. എങ്ങനെയും വൈകിപ്പിച്ച് പദ്ധതി അട്ടിമറിക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നതെന്ന് വ്യക്തമാണ്.


പുതിയ നീക്കം സംശയകരം

ഇന്നത്തെ പ്രമുഖ മലയാള ദിനപത്രത്തില്‍ വന്ന വാര്‍ത്ത പ്രകാരം കഴക്കൂട്ടം ടെക്‌നോപാര്‍ക്കിനു മുന്നില്‍ മെട്രോ ലൈന്‍ ആരംഭിച്ച് അതിനു സമീപത്തെ തരിശു ഭൂമിയില്‍ മെട്രോ ടെര്‍മിനലും ഷണ്ടിങ് യാഡും നിര്‍മിക്കണമെന്നാണ്. മെട്രോ റെയിലിന്റെ ഒന്നാം ഘട്ടം ടെക്‌നോപാര്‍ക്ക് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയാകണം. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ്, ടെക്‌നോപാര്‍ക്ക്, മെഡിക്കല്‍ കോളജ്, വൈദ്യുതി ഭവന്‍, സെക്രട്ടേറിയറ്റ്, നിയമസഭ, യൂണിവേഴ്‌സിറ്റി കോളജ്, വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യമുള്ളതിനാല്‍ ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം കൂടുതലാകുമെന്നാണ് കണക്കാക്കുന്നത്.

ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ എത്രത്തോളം സത്യാവസ്ഥയുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ടെക്‌നോപാര്‍ക്കിനു സമീപം മെട്രോ യാര്‍ഡിന് വേണ്ടിയുള്ള തരിശ് ഭൂമി എവിടെയാണയുള്ളതെന്ന് വ്യക്തമല്ല. കഴക്കൂട്ടം മഹാദേവ ക്ഷേ്ത്രത്തിന് സമീപം കുറച്ച് തരിശ് ഭൂമിയുണ്ടെങ്കിലും അത് സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ്.  കഴക്കൂട്ടത്ത് നിലവില്‍ 10 മുതല്‍ 20 ലക്ഷം രൂപ വരെ  ഒരു സെൻ്റ് ഭൂമിക്കുള്ള വില. അതിനാല്‍ പുതിയ നീക്കം റിയല്‍ എസ്റ്റേറ്റ് ടീമുകളെ സഹായിക്കാനാണോയെന്ന് ചോദ്യം ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പള്ളിപ്പുറത്തെ ഭൂമിയാണ് മെട്രോയ്ക്കായി കണ്ടെത്തിയിരിക്കുന്നതും, അളന്നു തിട്ടപ്പെടുത്തി ബോര്‍ഡ് വെച്ചിട്ടുള്ളതും. നിരപ്പായ ചെറിയ കുന്നുള്ള സ്ഥലമാണ് ഇത്. ഇവിടെ മികച്ചൊരു മെട്രോ യാര്‍ഡ് നിര്‍മ്മിക്കാമെന്നിരിക്കെ എന്തിന് കഴക്കുട്ടത്തെ ചെളിക്കെട്ട് നിറഞ്ഞ പഴയ തരിശ് പാടം തെരഞ്ഞെടുത്തു. സര്‍ക്കാരിന് ഇരട്ടി ബാധ്യതയാകുമെന്ന കരുതുന്ന നീക്കമാണ് ഇതെന്ന് വ്യക്തം.

ഒരോ പ്രാവശ്യവും പുറത്തിറക്കുന്ന അലൈൻമെൻ്റുകൾ

പുതിയ റൂട്ട് ഫലപ്രദമോ…?

മെട്രോ അലൈമെന്റിന്റെ മാറ്റത്തിനൊപ്പം പുതിയ റൂട്ട് നിര്‍ദ്ദേശവും ഗതാഗത വകുപ്പ് മുന്നോട്ട് വെയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പുതിയ നിര്‍ദേശം ഇങ്ങനെ ടെക്‌നോപാര്‍ക്ക്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ്, ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, മുറിഞ്ഞപാലം, പട്ടം, പിഎംജി, നിയമസഭയ്ക്കു മുന്നിലൂടെ പാളയം, ബേക്കറി ജംക്ഷന്‍, തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് ഡിപ്പോ, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍, പുത്തരിക്കണ്ടം മൈതാനം. നിലവിലെ ഒന്നാം ഘട്ടം അവസാനിക്കുന്നത് കിള്ളിപ്പാലത്താണ്. ഇവിടം മുതല്‍ മുതല്‍ നെയ്യാറ്റിന്‍കര വരെയാണ് രണ്ടാം ഘട്ടമായി നിര്‍ദേശിച്ചിരുന്നത്. ഇതിനു പകരം പാളയത്തു നിന്നു കുടപ്പനക്കുന്ന് വരെയുള്ള റൂട്ടിലേക്ക് രണ്ടാം ഘട്ടം നിര്‍മിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന പറയുന്നു.

ഇതില്‍ ആദ്യഘട്ടത്തിലെ അഞ്ചോളം സ്‌റ്റോപ്പുകള്‍ ഒഴിവാക്കിയിട്ടുണ്ട്. പാങ്ങപ്പാറ ഗുരുമന്ദിരം, പാങ്ങപ്പാറ-ചാവടിമുക്ക്, പോങ്ങുമൂട്, ശ്രീകാര്യം, സ്റ്റാച്യു വഴിയുള്ള റൂട്ടുകള്‍ എവിടെ പോയെന്ന് സംശയമാണ്. പുതയി രണ്ടാം ഘട്ടമായി നിര്‍ദ്ദേശിക്കുന്ന പാളയത്തു നിന്നു കുടപ്പനക്കുന്ന് വരെയുള്ള റൂട്ടിലേക്ക് എകദേശം അമ്പലുമുക്ക് വരെ വലിയം ബാധ്യതയില്ലാതെ റൂട്ട് നിര്‍മ്മിക്കാം. അമ്പലമുക്ക് മുതല്‍ പേരൂര്‍ക്കട വഴി കുടപ്പനക്കുന്ന് റൂട്ട് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. പേരൂര്‍ക്കടയില്‍ ഒരു മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം തുടങ്ങാനിരിക്കുന്നതിനാല്‍ മെട്രോ തൂണുകള്‍ക്ക് അവിടെ പ്രശ്‌നമുണ്ടാകില്ലേന്ന് ചോദ്യം വരുന്നു.

Content Highlights: An attempt to delay the new alignment move project for Thiruvananthapuram Metro?