വയനാടിന്റെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന രീതിയില്‍ വന്ന വ്യാജവാര്‍ത്തകള്‍ക്കെല്ലാം മറുപടി പറഞ്ഞ് മുഖ്യമന്ത്രി. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനം അക്കാര്യങ്ങള്‍ക്കെല്ലാം അക്കമിട്ടു നിരത്തിയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്. വിവിധ മാധ്യമങ്ങളില്‍ വന്ന തലക്കെട്ടുകളും, അതിനോട് ചേര്‍ത്തു നടത്തിയ ചര്‍ച്ചകളുമെല്ലാം എടുത്തു പറഞ്ഞും വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ ദൃശ്യ മാധ്യമങ്ങള്‍ നല്‍കിയ ചില തലക്കെട്ടുകള്‍ ഇവിടെ വായിക്കാം.
വയനാട്ടില്‍ ചെലവിട്ട കണക്കുമായി സര്‍ക്കാര്‍ ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങിച്ചതിന് 11 കോടി, ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏഴ് കോടി, പാലത്തിന് അടിയിലെ കല്ല് നിരത്തിയതിന് ഒരു കോടി. മൃതദേഹം സംസ്‌കരിക്കാന്‍ 2.76 കോടി. എന്നിങ്ങനെ നീളുന്നു സര്‍ക്കാര്‍ കണക്ക്.
പിന്നീട് കൗണ്ടര്‍ പോയിന്റ് എന്ന പരിപാടിയുടെ തലക്കെട്ട് ‘കണക്കില്‍ കള്ളമോ?’
ഇത് ഒരു ചാനല്‍ മാത്രം തുറന്നു വിട്ട തലക്കെട്ടുകളാണ്.
മറ്റൊരു ചാനലിന്റെ തലക്കെട്ടുകള്‍ ഇങ്ങനെയാണ് :
സര്‍ക്കാരിന്റെ അമിത ചെലവ് കണക്ക് പുറത്ത്
വളണ്ടിയര്‍മാരുടെ ഗതാഗതം 4 കോടി, ഭക്ഷണ ചെലവ് പത്തു കോടി.
ദുരിതാശ്വാസ ക്യാമ്പിലെ ജനറേറ്റര്‍ 7 കോടി
ക്യാമ്പിലെ ഭക്ഷണം എട്ടു കോടി
ബെയ്‌ലി പാലം ഒരു കോടി. ഇങ്ങനെപോവുകയാണ്.
ഓരോ വാചകങ്ങളും ശ്രദ്ധിക്കുക.
പെട്ടെന്ന് കേള്‍ക്കുന്ന ആരെയും ഞെട്ടിക്കുന്ന കണക്കുകള്‍
ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക വളണ്ടിയര്‍മാര്‍ക്ക് എന്നാണ് പ്രമുഖ സ്ഥാനത്തു നില്‍ക്കുന്ന ഒരു ചാനലിന്റെ കണ്ടെത്തല്‍.
വയനാടിന്റെ പേരില്‍ കൊള്ള എന്ന് മറ്റൊരു കൂട്ടര്‍ വിധിയെഴുതി.
ഓണത്തിന്റെ ദിവസങ്ങളിലാണ് ഇങ്ങനെ ഒരു സ്‌തോഭജനകമായ ‘വാര്‍ത്ത? പ്രചരിക്കപ്പെട്ടത്. ഓണദിവസം അവധി ആയതിനാല്‍ പത്രങ്ങള്‍ക്ക് ചൂടോടെ അത് ഏറ്റെടുക്കാനായില്ല. എന്നാലും മുഖ്യധാരാ പത്രങ്ങള്‍ ഒട്ടും മോശമാക്കിയില്ല. അടുത്ത ദിവസം ഇറങ്ങിയ ഒന്നാം പത്രത്തില്‍ ‘കണക്കു പിഴ? എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ തന്നെ വാര്‍ത്ത വന്നു. ‘ കേന്ദ്രത്തിനു നല്‍കിയത് അവിശ്വസനീയ കണക്കുകള്‍ എന്ന് ആക്ഷേപം’ എന്ന് കൂടി ചേര്‍ത്ത്, വായനക്കാരില്‍ സംശയത്തിന്റെ പുകപടലം നിലനിര്‍ത്താനാണ് ആ പത്രം ശ്രമിച്ചത്. ‘കണക്കുകള്‍ വിവാദമായത് സംസ്ഥാന സര്‍ക്കാരിന് മറ്റൊരു തലവേദന’ എന്ന് എഴുതി അവര്‍ ആശ്വാസം കണ്ടെത്തി.
ഒറ്റ ദിവസം കൊണ്ട് ഈ വാര്‍ത്ത ലോകമാകെ സഞ്ചരിച്ചു. വയനാട് ദുരന്തത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷത്തെ പ്രധാന നേതാക്കളും രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്ഷേപം വന്നു. കേരളത്തിനെതിരായ ദുഷ്പ്രചാരണം എല്ലാ സീമകളും കടന്ന് കുതിച്ചുപാഞ്ഞു.
‘അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക’ എന്മ്പ്രശസ്ത എഴുത്തുകാരന്‍ ജോനാഥന്‍ സ്വിഫ്റ്റ് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്നത് നാം കണ്ടു.
എന്താണ് യഥാര്‍ത്ഥ സംഭവം എന്ന് വിശദീകരിച്ച് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പ് ഇറക്കിയെങ്കിലും ആദ്യം പറന്ന വ്യാജ വാര്‍ത്തയുടെ പിന്നാലെ ഇഴയാന്‍ മാത്രമേ ആ വിശദീകരണത്തിന് കഴിഞ്ഞുള്ളു.
എന്താണ് ഇതിന്റെ ഫലം?
കേരളം കണക്കുകള്‍ പെരുപ്പിച്ച് പറഞ്ഞ് അനര്‍ഹമായ കേന്ദ്ര സഹായം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജ കഥ വലിയൊരു വിഭാഗം ജനങ്ങളുടെ മനസ്സിലേക്ക് കടന്നു കയറി. കേരളീയരും ഇവിടത്തെ സര്‍ക്കാരും ജനങ്ങളും ലോകത്തിനു മുന്നില്‍ അവഹേളിക്കപ്പെട്ടു.
അതുകൊണ്ടാണ് ഇത് കേവലമായ വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മ്മികതയുടെ പ്രശ്‌നമോ അല്ല എന്ന് പറയേണ്ടിവരുന്നത്. വ്യാജ വാര്‍ത്തകളുടെ വലിയ പ്രശ്‌നം നുണകളല്ല, ആ നുണകളുടെ പിന്നിലെ അജണ്ടയാണ്. ആ അജണ്ട ഈ
നാട്ടിനും ജനങ്ങള്‍ക്കുമെതിരായ ഒന്നാണ്.
രാജ്യവും ലോകമാകെയും പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് വയനാട്ടില്‍ നാം നടത്തിയത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും എല്ലാത്തരത്തിലുള്ള സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുവരികയാണ്.
ഇതിനോടകം ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷവും സി.എംഡിആര്‍.എഫില്‍ നിന്ന് 2 ലക്ഷവും വീതമാണ് നല്‍കിയത്.
ഇതിനായി എസ്.ഡി.ആര്‍.എഫില്‍ നിന്ന് 5,24,00,000 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 2,62,00,000 രൂപയും ചെലവഴിച്ചു.
മരണപ്പെട്ട 173 പേരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കി.
ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രിവാസം ആവശ്യമായി വന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായമായി നല്‍കി. ഇതില്‍ 4,16,000 രൂപ എസ്.ഡി.ആര്‍.എഫില്‍ നിന്നും 13 ലക്ഷം രൂപ സി.എം.ഡി.ആര്‍.എഫി ല്‍ നിന്നുമാണ് അനുവദിച്ചത്.
ദുരന്തത്തില്‍ പരുക്കേറ്റ് ഒരാഴ്ചയില്‍ താഴെ മാത്രം ആശുപത്രിയില്‍ കഴിഞ്ഞ 8 പേര്‍ക്കായി എസ്.ഡിആര്‍എഫ് ല്‍ നിന്ന് 43,200 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപയും വീതം അനുവദിച്ചു. ആകെ 4,43,200 രൂപ ഈയിനത്തില്‍ ചെലവഴിച്ചു.
ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നല്‍കി. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 5000 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 5000 രൂപ വീതവുമാണ് നല്‍കിയത്. 1,01,30,000 രൂപ ഇതിനായി ചെലവഴിച്ചു.
ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേര്‍ക്ക് ഉപജീവന സഹായമായി ദിവസം 300 രൂപ വീതം നല്‍കി. 30 ദിവസത്തേക്ക് 1,52,46,000 രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്.
കിടപ്പ് രോഗികളായ 33 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നല്‍കി.
722 കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക 6000 രൂപ (പ്രതിദിനം 200 രൂപ) വീതം നല്‍കി വരുന്നു. ആദ്യമാസ വാടക ആയി ഇതുവരെ ഈയിനത്തില്‍ 24,95,800 രൂപ ചെലവഴിച്ചു. (വ്യത്യസ്ത ദിവസങ്ങളില്‍ വാടക വീടുകളിലേക്ക് ആളുകള്‍ മാറിയത് കൊണ്ട് ദിവസം 200 രൂപ എന്ന കണക്കിനാണ് വാടക ആദ്യമാസത്തില്‍ നല്‍കിയിട്ടുള്ളത്)
649 കുടുംബങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ബാക്ക് റ്റു ഹോം കിറ്റുകളും നല്‍കി.
ഇത് കൂടാതെ ദുരിതാശ്വാസ ക്വാമ്പിലെ 794 കുടുംബങ്ങളെ 28 ദിവസം കൊണ്ട് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചു.
ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ സര്‍ക്കാര്‍ എല്‍പി സ്‌കൂളും വെള്ളാര്‍മല സര്‍ക്കാര്‍ വൊക്കേഷണള്‍ ഹയര്‍സെക്കന്ററി സ്‌കൂളും മേപ്പാടിയില്‍ താല്‍ക്കാലികമായി തുറന്നു. ദുരന്തമേഖലയിലെ 607 വിദ്യാര്‍ത്ഥികളുടെ പഠനം പുനരാംഭിച്ചു. ദുരന്തത്തിന്റെ അമ്പതാം ദിവസം തേയിലത്തോട്ടങ്ങളില്‍ ജോലി പുനരാരംഭിച്ചു.
നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഉപസമിതി തുടക്കം മുതല്‍ ദുരന്ത മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. ഒരു മന്ത്രി മുഴുവന്‍ സമയവും അമ്പതാം ദിവസം വരെ അവിടെ മേല്‍നോട്ടം വഹിച്ചു. ഒരുതരത്തിലുമുള്ള ആക്ഷേപങ്ങള്‍ക്ക് ഇട നല്‍കാതെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അതിന് എല്ലാ ഭാഗത്തു നിന്നും സഹകരണവും പിന്തുണുമുണ്ടായി.
ആ പിന്തുണ തകര്‍ക്കുകയും സഹായം തടയുകയും എന്ന അജണ്ടയാണ് ഇപ്പോള്‍ പുറത്തുവന്ന വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്.
ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സംഭാവന നല്‍കുന്ന സാധാരണ ജനങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ദുഷ്ട ലക്ഷ്യമാണ് അതിന്റെ മറ്റൊരു വശം. ഒരു സംശയവുമില്ലാതെ തുടക്കത്തില്‍ തന്നെ പറഞ്ഞുവെക്കട്ടെ, ഈ നശീകരണ മാധ്യമ പ്രവര്‍ത്തനം സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്.
എല്ലാ മാധ്യമങ്ങളും ഇക്കൂട്ടത്തിലാണെന്ന് പറയുന്നില്ല. ചിലവ തെറ്റായ വാര്‍ത്ത കൊടുത്തു എന്ന് മനസ്സിലാക്കി തിരുത്തിയിട്ടുണ്ട്. അത്രയും നല്ലത്.
ഇവിടെ മാധ്യമങ്ങള്‍ പൊതുവെ വിവാദ നിര്‍മ്മാണശാലകളായി മാറിയതാണ് കണ്ടത്. യാഥാര്‍ത്ഥ്യം വസ്തുനിഷ്ഠമായി സമൂഹത്തിലേയ്‌ക്കെത്തിച്ച് ജനാധിപത്യത്തെ ശക്തമാക്കുക എന്ന ഉത്തരവാദിത്തം വിസ്മരിച്ചു. പകരം വിവാദങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കച്ചവടരാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കുക എന്ന നിലയിലേയ്ക്ക് അധഃപ്പതിച്ചു.
എന്താണ് സംഭവിച്ചത് എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്.
കേരളത്തിന്റെ ചരിത്രത്തില്‍ താരതമ്യമില്ലാത്ത ദുരന്തമാണ് മേപ്പാടിയില്‍ ഉണ്ടായത്. ദുരന്ത നിവാരണത്തിന് അടിയന്തര അധിക ധനസഹായം അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം മെമ്മോറാണ്ടം സമര്‍പ്പിച്ചു. ആ മൊമ്മോറാണ്ടത്തിലെ കണക്കുകള്‍ ചെലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജ വാര്‍ത്ത ഉണ്ടാക്കിയത്.
ഏതുവിധേനയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം നേടുന്ന ത്വരയില്‍ ദുരന്തത്തിന്റെ ഇരകളായ മനുഷ്യരെയാണ് ദ്രോഹിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ സംവിധാനങ്ങളുടേയും ദുരിതാശ്വാസ നിധികളുടെയും വിശ്വാസ്യത തകര്‍ക്കുന്നതിനായി നടത്തുന്ന വ്യാജപ്രചരണങ്ങള്‍ വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ ഉണ്ടാക്കുക. ഒരു വാര്‍ത്ത ആര്‍ക്കെതിരെയാണോ റിപ്പോര്‍ട്ട് ചെയ്യുന്നത്, അതിനു മുന്‍പ് അവരോട് അതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുക എന്ന അടിസ്ഥാന മാധ്യമ ധര്‍മ്മം പാലിക്കാതെയാണ് ഇത്ര പ്രധാനപ്പെട്ട ഒരു വിഷയത്തിലുള്ള വാര്‍ത്ത പ്രക്ഷേപണം ചെയ്തത്. ബഹുമാനപ്പെട്ട ഹൈക്കോടതി മുന്‍പാകെ സമര്‍പ്പിച്ച മെമ്മോറാണ്ടത്തിലെ വസ്തുതകള്‍ സ്വയം മനസ്സിലാക്കാന്‍ ആയില്ലെങ്കില്‍ അതിനാവശ്യമായ വൈദഗ്ധ്യം ഉള്ളവരോട് ചോദിച്ച് തിരിച്ചറിയാനുള്ള സത്യസന്ധത കാണിച്ചില്ല.
കേന്ദ്ര സര്‍ക്കാര്‍പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നല്‍കിയത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ധൂര്‍ത്തും അഴിമതിയുമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാജവാര്‍ത്തക്കാര്‍ആഗ്രഹിച്ചത്. ഒരു കുടുംബത്തിന്റെ വരവ് ചെലവ് കണക്കുകള്‍ തയ്യാറാക്കുന്നത്ര ലളിതയുക്തിയിലാണ് ഒരു മഹാദുരന്തത്തിന്റെ മെമ്മോറാണ്ടത്തെ അവലോകനം ചെയ്തത്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാത്രമേ മെമ്മോറാണ്ടം വഴി ധനസഹായം ചോദിക്കാന്‍ സാധിക്കൂ. അത് അറിയാത്തവര്‍ അല്ല കേരളത്തിലെ മാധ്യമങ്ങള്‍. 2012 മുതല്‍ 2019 വരെ വിവിധ സര്‍ക്കാരുകള്‍ പല ദുരന്തഘട്ടങ്ങളില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഉണ്ട്. അത് ഒറ്റ ക്ലിക്ക് അകലെ എല്ലാവര്‍ക്കും ലഭ്യമാണ്. 2012 മുതല്‍ 16 വരെയുള്ള യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തു തയ്യാറാക്കി സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങള്‍ ?ധൂര്‍ത്ത്’ ആയോ പെരുപ്പിച്ച കണക്കായോ ഇന്ന് വരെ ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? ഇതിന് വ്യവസ്ഥാപിതമായ രീതികളുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണല്ലോ ആരും അന്നത് വിവാദമാക്കാതെ ഇരുന്നത്.
വരള്‍ച്ച മുതല്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം വരെയുള്ള ദുരന്തഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പരമാവധി സഹായം ചോദിച്ചു വാങ്ങണം എന്നതിനാണ് അന്നത്തെ പ്രതിപക്ഷം പോലും മുന്‍ഗണന നല്‍കിയത്. എന്നാലിപ്പോള്‍ ദുരന്തങ്ങള്‍ നമ്മുടെ നാടിനെ ഗ്രസിക്കുമ്പോള്‍ മലയാളികള്‍ കൂട്ടായ്മ കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും അവ തരണം ചെയ്യാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ അതിനെ തുരങ്കം വെക്കുന്നതിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.
മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. അതിനായി പരിശീലനം ലഭിച്ച പ്രൊഫെഷണലുകള്‍ ആണ്. അത് തയ്യാറാക്കുന്നതിന് രാജ്യമാകെ അവലംബിക്കുന്ന ചില രീതികളുമുണ്ട്. ദുരന്ത ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നതിന്റെ മധ്യത്തില്‍ തയ്യാറാക്കപ്പെടുന്ന മെമ്മോറാണ്ടത്തില്‍ പല സാദ്ധ്യതകള്‍ വിലയിരുത്തി വേണം ഓരോ കണക്കുകളും തയ്യാറാക്കാന്‍. അത്തരത്തില്‍ തയ്യാറാക്കിയ വിവരങ്ങളെ ആണ് കള്ളക്കണക്ക് എന്നാക്ഷേപിച്ചത്.
ഇക്കൂട്ടര്‍ ആദ്യം മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. എസ്.ഡി.ആര്‍.എഫിന്റെ വളരെ ഇടുങ്ങിയ മാനദണ്ഡങ്ങള്‍ പ്രകാരം 219കോടി രൂപ മാത്രമാണ് സര്‍ക്കാരിന് മെമ്മോറാണ്ടത്തിലുടെ ആവശ്യപ്പെടാന്‍ സാധിച്ചത്. എന്നാല്‍ മെമ്മോറാണ്ടം തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ യഥാര്‍ത്ഥ നഷ്ടം 1200 കോടി രൂപയിലധികമാണെന്ന് കണക്കാക്കിയിരുന്നു. വയനാട് ദുരന്തബാധിതമേഖലയെ പുനര്‍നിര്‍മ്മിക്കാന്‍ 2200 കോടിയെങ്കിലും വേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അപ്പോഴാണ് 219 കോടി രൂപ മാനദണ്ഡപ്രകാരം സഹായമായി ചോദിച്ചതിന് ഈ വ്യാജപ്രചരണം.
കണക്ക് പെരുപ്പിച്ചു കാണിച്ചു എന്ന് പറയുന്നവര്‍ക്ക് ഓരോന്നായി വസ്തുതതകള്‍ പരിശോധിക്കാവുന്നതാണ്. അതിന് എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ എന്തൊക്കെ എന്ന കാര്യത്തിലും മെമ്മോറാണ്ടം തയ്യാറാക്കുന്നത് എങ്ങനെ എന്നതിലും പ്രാഥമിക ധാരണ ഉണ്ടായിരിക്കണം. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ധനകാര്യകമ്മീഷന്‍ നിശ്ചയിക്കുന്ന പ്രകാരം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഓരോ വര്‍ഷവും പണം നീക്കി വെക്കുന്നുണ്ട് അതിനോടൊപ്പം സംസ്ഥാന വിഹിതം കൂടി ചേര്‍ത്തതാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധി.
ഇത് മറ്റ് പദ്ധതി വിഹിതങ്ങളെ പോലെയല്ല, ഉപയോഗിച്ചില്ലെങ്കില്‍ ലാപ്‌സ് ആയി പോകില്ല. അടുത്ത വര്‍ഷങ്ങളില്‍ ഉപയോഗിക്കാം. എന്നാല്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഒരു രൂപ പോലും ചെലവഴിക്കാന്‍ സാധിക്കുകയുമില്ല. ഈ ഫണ്ടിന്റെ നിയന്ത്രണം പൂര്‍ണമായും സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന 5 സെക്രട്ടറിമാര്‍ അടങ്ങുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. വാര്‍ഷികമായി ലഭിക്കുന്ന തുകക്ക് പുറമെ വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അധിക ധനസഹായം ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ലഭ്യമാക്കാന്‍ ആണ് നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ മെമ്മോറാണ്ടം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടത്. ഇത് ഉന്നതതല സംഘം പരിശോധിച്ച് വിലയിരുത്തിയാണ് അധിക സഹായം ലഭ്യമാക്കുക.
ഓഗസ്റ്റ് 9 ന് തന്നെ കേരളത്തിലെത്തിയ കേന്ദ്ര സംഘവുമായി കൂടിയാലോചനകള്‍ നടത്തുകയും അവരെ ദുരന്തത്തിന്റെ ആഘാതംബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ഓഗസ്റ്റ് 17 നോട് കൂടി കേരളം മെമ്മോറാണ്ടം തയ്യാറാക്കി സമര്‍പ്പിച്ചത്. ഓഗസ്റ്റ് 14 വരെ ലഭ്യമായ കണക്കുകളാണ് പ്രസ്തുത മെമ്മോറാണ്ടം തയ്യാറാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആശ്രയിച്ചത്.
എസ്.ഡി.ആര്‍.എഫ് ചെലവഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുണ്ട്. ഇത് രണ്ട് തരത്തിലാണ് ചെലവഴിക്കാനാവുക. ഒന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട യൂണിറ്റ് കോസ്റ്റ് വെച്ച് കൊണ്ട്. മറ്റൊന്ന് എത്രയാണോ യഥാര്‍ത്ഥചെലവ് അതിന്റെ ആക്ച്വല്‍സ് ( actuals ) അഥവാ അത് മുഴുവനായി തന്നെ. അതായത് ഒരു വീട് നഷ്ടപ്പെട്ടാല്‍ അത് എത്ര ലക്ഷങ്ങള്‍ വിലയുള്ളത് ആണെങ്കിലും പരമാവധി എസ്.ഡി.ആര്‍.എഫില്‍ നിന്ന് നല്‍കാന്‍ സാധിക്കുക 1.3 ലക്ഷം രൂപ മാത്രമാണ്. ഒരു കിലോമീറ്റര്‍ റോഡിന് 1 ലക്ഷം രൂപ, ഒരു സ്‌കൂളിന് 2 ലക്ഷം രൂപ തുടങ്ങിയവ ആണ് എസ്.ഡി.ആര്‍.എഫില്‍ നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിന്റെ സാഹചര്യത്തില്‍ ഇവ എത്രമാത്രം അപര്യാപ്തമാണ് എന്ന് കൂടി നമ്മള്‍ ഓര്‍ക്കണം. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൊണ്ട് ഒരു വീടു വെക്കാനാകുമോ? കേരളത്തില്‍ ഒരു വീടിന് ഏറ്റവും ചുരുങ്ങിയത് 4 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നത് എസ്.ഡി.ആര്‍.എഫ്‌നു പുറമെ ജനങ്ങള്‍ സംഭാവന നല്‍കിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൂടി ഉപയോഗിച്ച് കൊണ്ടാണ്. കോടികള്‍ ചെലവാക്കി പണിത സ്‌കൂളുകളാണ് നമ്മുടെ നാട്ടിലേത്. അത് തകര്‍ന്നാല്‍ രണ്ടു ലക്ഷ രൂപകൊണ്ട് അടിത്തറ പോലും കെട്ടാനാകില്ല. ഇങ്ങനെ തീര്‍ത്തും അപര്യാപ്തമായ തുക നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ ഒരു പരിധിവരെ അസംബന്ധവുമാണ്. ആ മാനദണ്ഡപ്രകാരം ഒരു ദുരന്ത ഘട്ടത്തില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നിസ്സാരമായ തുകയെ ലഭിക്കുകയുള്ളൂ എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അത് തന്നെ പലപ്പോഴും കിട്ടാറില്ല എന്നതാണ് നമ്മുടെ സംസ്ഥാനത്തിന്റെ അനുഭവം. ഇവിടെ, നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരമാവധി സഹായം ലഭിക്കാന്‍ നല്‍കിയ മെമ്മോറാണ്ടത്തെയാണ് ആക്രമിക്കുന്നത്. അത് പോലും കിട്ടരുത് എന്ന ദുഷ്ടലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രചാരണം വയനാട്ടിലെ ദുരിതബാധിതര്‍ക്കെതിരായ കടന്നാക്രമണമായേ കാണാനാവൂ.
ഇനി മറ്റ് ചില ഹെഡുകളില്‍ എസ്.ഡി.ആര്‍.എഫ് ല്‍ ചെലവായ മുഴുവന്‍ തുകയും അനുവദിക്കാന്‍ സാധിക്കും. രക്ഷാപ്രവര്‍ത്തനം, ക്യാമ്പ് മാനേജ്‌മെന്റ്, ദുരന്ത അവശിഷ്ടങ്ങള്‍ മാറ്റുന്നത്, കുടിവെള്ള വിതരണം തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെട്ടവയാണ്. ഇതിന്റെയൊക്കെ ആകെ ചെലവ് എത്രയാണോ അത് മുഴുവന്‍ എസ്.ഡി.ആര്‍.എഫ് ല്‍ നിന്ന് അനുവദിക്കേണ്ടതുണ്ട്. ഇതാണ് ആക്ച്വല്‍സ് എന്ന് മെമ്മോറാണ്ടത്തില്‍ സൂചിപ്പിക്കുന്ന കാര്യം. എന്നാല്‍ മെമ്മോറാണ്ടത്തിലെ ഈ ആക്ച്വല്‍സ് കണ്ട് അത് ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞ പണം ആണെന്നാണ് ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ചത്.
മെമ്മോറാണ്ടം തയ്യാറാക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ ഇവയുടെ ഒന്നും ചെലവുകളുടെ യഥാര്‍ത്ഥ ബില്ലുകള്‍ ലഭ്യമായിട്ടില്ല. നടക്കുന്ന രക്ഷാപ്രവര്‍ത്തനവും അത് എത്ര നാള്‍ തുടരാന്‍ സാധ്യതയുണ്ട് എന്നതിന്റെയും അടിസ്ഥാനത്തില്‍ ഒരു പ്രോജെക്ടഡ് തുക തയ്യാറാക്കി സമര്‍പ്പിക്കാനാണ് സാധിക്കുക. അത് ചിലപ്പോള്‍ കൂടുതലോ കുറവോ ആകാം. 2018 ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് 102 കോടി രൂപയുടെ ബില്ല് വ്യോമസേന കേരളത്തിന് അയച്ചത് 2019 ഫെബ്രുവരിയിലാണ്. അത് എസ്.ഡി.ആര്‍.എഫ്ല്‍ നിന്ന് കൊടുക്കാന്‍ സംസ്ഥാനം ബാധ്യസ്ഥമാണ്. 2018ല്‍ നല്‍കിയ അരിയുടെ വില 205.81 കോടി രൂപ ഈടാക്കാന്‍ കത്ത് നല്കിയത് 2019ല്‍ ആണ്. അതും എസ്.ഡി.ആര്‍.എഫ്ല്‍ നിന്ന് കൊടുക്കാന്‍ സംസ്ഥാനം ബാധ്യസ്ഥമാണ്.
അതുപോലെ മേപ്പാടിയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര സേനകള്‍ക്ക് ഉണ്ടായ ചെലവുകള്‍, അവരുപയോഗിച്ച അത്യാധുനിക ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ഉള്‍പ്പെടെയുള്ള ചെലവുകള്‍ തുടങ്ങിയവ എല്ലാം ബില്ലുകള്‍ ആയി പിന്നീടാണ് വരിക. അപ്പോള്‍ അത് കൊടുക്കാന്‍ എസ്.ഡി.ആര്‍.എഫ് ല്‍ പണം വേണം. അത് മുന്‍കൂട്ടി കണ്ട് കൊണ്ടാണ് മെമ്മോറാണ്ടം ഉണ്ടാക്കുക. ഇതൊന്നും മനക്കണക്ക് വെച്ചല്ല ചെയ്യുക. അതിന് അവലംബിക്കേണ്ട ശാസ്ത്രീയ രീതികളുണ്ട്. വിവിധ സാഹചര്യങ്ങള്‍ ?സിമുലേറ്റ്? ചെയ്ത് വേണം അതിന്റെ പരമാവധിയിലേക്ക് എത്തിപ്പെടാന്‍. അവ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ ആവുകയാണെങ്കില്‍ അത് കേന്ദ്ര സംഘം പരിശോധിച്ചു കുറക്കും എന്നാല്‍ ദുരന്ത ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം അത്രയൊക്കെ മതി എന്നൊരു നിലപാട് സര്‍ക്കാരിന് സ്വീകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ മെമ്മോറാണ്ടത്തില്‍ ഒരിടത്തും പെരുപ്പിച്ചു കാട്ടിയ കണക്കുകളല്ല. സംസ്ഥാനത്തിന് പരമാവധി സഹായം ലഭിക്കാന്‍ തയ്യാറാക്കിയതാണ്.
എസ്.ഡി.ആര്‍.എഫ് ലെ അനുവദനീയമായ ഓരോ ഹെഡുകളിലും നമ്മള്‍ ചെലവ് പ്രതീക്ഷിക്കുന്ന തുകയാണ് കണക്കാക്കിയിരിക്കുന്നത്. ഇവ കണക്കാക്കാന്‍ നിയതമായ രീതികളും മാനദണ്ഡങ്ങളുമുണ്ട്. ഉദാഹരണത്തിന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ വേണ്ട ചെലവ് കണക്കാക്കുമ്പോള്‍, അതിന് ആവശ്യമായ ഭൂമി വാങ്ങുക, ആ ഭൂമി ഇതിനായി തയ്യാറാക്കുക, അവിടെ കുഴികള്‍ എടുക്കാന്‍ ആവശ്യമായ യന്ത്രങ്ങളും സാമഗ്രികളും മനുഷ്യവിഭവവും ലഭ്യമാക്കുക, ഓട്ടോപ്‌സി നടപടികള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കുക, മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന ഘട്ടത്തില്‍ അവ മാര്‍ക്ക്‌ചെയ്യാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക, ഇവ ട്രാന്‍സ്‌പോര്‍ട് ചെയ്യുക തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തി കൊണ്ട് വേണം ചെലവ് കണക്കാക്കാന്‍.
വയനാട്ടിലെ കാര്യമാണെങ്കില്‍ മെമ്മോറാണ്ടം തയ്യാറാക്കുന്ന ഘട്ടത്തില്‍ 128 പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നുള്ള കാര്യം കൂടി മുന്‍കൂട്ടി കാണണം. അവ ശരീര ഭാഗങ്ങളായി ആണ് ലഭ്യമാകുന്നത് എങ്കില്‍ അവയെ ഓരോന്നിനെയും ഓരോ മൃതദേഹമായി തന്നെ കണ്ട് സംസ്‌കരിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നയം. അപ്പോള്‍ അതിന് കൂടിയുള്ള ചെലവുകള്‍ പ്രതീക്ഷിക്കണം. അധിക ഭൂമി ആവശ്യമെങ്കില്‍ വിലകൊടുത്തു വാങ്ങേണ്ടി വരും. അതിനെല്ലാം പ്രതീക്ഷിക്കുന്ന ചെലവാണ് മെമ്മോറാണ്ടത്തില്‍ രേഖപ്പെടുത്തുക.
യഥാര്‍ത്ഥത്തില്‍ ചിലപ്പോള്‍ ഇതിനായി ഭൂമിയും മനുഷ്യാധ്വാനവും സൗജന്യമായി കേരളത്തിലെ നല്ലവരായ മനുഷ്യര്‍ ലഭ്യമാക്കിയേക്കാം. എന്നാല്‍ അത് വെച്ച് മാത്രമല്ല ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ കണക്ക് ഉണ്ടാക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഇതിനൊന്നും നമുക്ക് പണം തരേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ പറ്റില്ല. നമുക്കിനിയും നിറവേറ്റാന്‍ ഒട്ടേറെ ആവശ്യങ്ങളുണ്ട്. അതിന് മാനദണ്ഡങ്ങള്‍ അനുസരിച്ച് കൊണ്ട് പണം ചെലവഴിക്കേണ്ടതുമുണ്ട്.
ഇത്തരത്തിലാണ് ഓരോ കണക്കുകളും തയ്യാറാക്കിയത്. മറ്റൊരു ആക്ഷേപം സന്നദ്ധ പ്രവര്‍ത്തകരുടെ പേരില്‍ കോടികള്‍ എന്നതായിരുന്നു. മെമ്മോറാണ്ടത്തിലെ ?വൊളണ്ടിയേഴ്‌സ് ആന്റ് ട്രൂപ്‌സ്? എന്നതിലെ സേനകള്‍ എന്ന ഭാഗം സൗകര്യപൂര്‍വം ഒഴിവാക്കി ആ കണക്കുകളെ അവതരിപ്പിക്കുകയാണ് ഈ മാധ്യമങ്ങള്‍ ചെയ്തത്. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കേരളത്തിലെത്തിച്ച കേന്ദ്ര സേനകളെ ട്രാന്‍സ്‌പോര്‍ട് ചെയ്യാനും അവര്‍ക്ക് താമസമൊരുക്കാനും ഒന്നും ചെലവാകില്ല എന്നാണോ?
വിമാനക്കൂലി മുതല്‍ ഇവരെയും ഉപകരണങ്ങളെയും കണ്ണൂരിലെയും കരിപ്പൂരിലെയും എയര്‍പോര്‍ട്ടില്‍ നിന്നും ദുരന്ത സ്ഥലത്ത് എത്തിക്കാനും അതുപോലെ ഇവരെ ഒക്കെ തിരിച്ചയക്കാനുമുള്ള ചെലവുകള്‍ കാണണ്ടേ? കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പോലീസും ഫയര്‍ഫോഴ്‌സും ആരോഗ്യപ്രവര്‍ത്തകരും അവിടെ എത്തിയില്ലേ? അവരുടെ താമസവും ഭക്ഷണവും യാത്രാച്ചെലവും കാണിക്കണ്ടേ? സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ കൊണ്ട് വന്ന പരിശീലനം കിട്ടിയ ആപ്ത മിത്ര സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ ഉണ്ടല്ലോ. ഇതെല്ലാം കണക്കിലെടുക്കണ്ടേ?
90 ദിവസം വരെ തിരച്ചില്‍ തുടരുകയാണെങ്കില്‍ നൂറുകണക്കിന് വരുന്ന ഈ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാസേനകള്‍ക്കും വേണ്ടി പ്രതീക്ഷിക്കേണ്ട ചെലവുകള്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു വാങ്ങേണ്ടേ? കേരളത്തിലെ വിവിധ രാഷ്ട്രീയ യുവജന സംഘടനകള്‍ ഉള്‍പ്പടെ വിവിധ സന്നദ്ധ സംഘടനകള്‍ നിസ്വാര്‍ത്ഥമായ സേവനം ദുരന്ത ബാധിത പ്രദേശത്ത് ചെയ്തിട്ടുണ്ട്. അവരാരും തന്നെ അതില്‍ പണം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ കേരളത്തില്‍ ഇങ്ങനെ എല്ലാം ജനങ്ങള്‍ ചെയ്തുകൊള്ളും എന്നാണോ നമ്മള്‍ കേന്ദ്രത്തോട് പറയേണ്ടത്? ഇതെല്ലം പരിഗണിച്ചു വേണം മെമ്മോറാണ്ടത്തിലെ ഓരോ വരിയും തയ്യാറാക്കാന്‍. നിര്‍ഭാഗ്യവശാല്‍ ഇതിനെ കുറിച്ചു അജ്ഞരായവരോ അങ്ങനെ നടിക്കുന്നവരോ ആയി ഇവിടുത്തെ ഒരു കൂട്ടം മാധ്യമങ്ങള്‍ മാറി എന്നതാണ് വസ്തുത.
വിദ്യാസമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്ന? ചെലവുകളെ ചിലവഴിച്ച തുക എന്നും പിന്നീട് പെരുപ്പിച്ച തുക എന്നും പ്രചരിപ്പിക്കുന്നത് വിദ്യാഭ്യാസക്കുറവിന്റെ പ്രശ്‌നമല്ല, മറിച്ച് അവരുടെ ചില പ്രത്യേക താല്‍പര്യങ്ങളുടെ കുഴപ്പമാണ്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്.
ഇവിടെയാകട്ടെ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിന്യായത്തെയാണ് ദുര്‍വ്യാഖ്യാനം ചെയ്തത്. ?ഇന്റര്‍ഫിയറന്‍സ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ജസ്റ്റിസ്? ആണ് നടത്തിയിരിക്കുന്നത്. അതുകൂടി കണക്കിലെടുത്തുള്ള നിയമനടപടികള്‍ ആലോചിക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.
ഇതാദ്യമായല്ല മാധ്യമങ്ങള്‍ ഇവ്വിധം ഇല്ലാക്കഥ മെനയുന്നത്. മാധ്യമങ്ങളുടെ ക്രിമിനല്‍ വാസനാ വികൃതികളുടെ എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. സര്‍ക്കാരിനെതിരെ മാത്രമല്ല, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത രാഷ്ട്രീയത്തിനെതിരെയും വ്യക്തികള്‍ക്കെതിരെയും നിരന്തരം ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
കെവിന്‍ കേസ് ഓര്‍മ്മയില്ലേ? ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമല്ലേ അന്ന് കെവിന്‍ കൊലക്കേസില്‍ മാധ്യമങ്ങള്‍ വ്യാജപ്രചാണങ്ങള്‍ അഴിച്ചുവിട്ടത്? നടന്നത് ദുരഭിമാനക്കൊലയാണെന്നറിഞ്ഞിട്ടും സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ഡിവൈഎഫ്‌ഐയെ പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വല്ലാതെ വ്യഗ്രത കാട്ടിയത്. തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് കഴിയുന്നതുവരെയും ഡിവൈഎഫ്‌ഐയെ ആക്രമിക്കാനായിരുന്നു ഇത്തരം ചാനലുകള്‍ക്ക് അമിതതാല്പര്യം. അവസാന വോട്ടും വീണുകഴിഞ്ഞെന്ന് ഉറപ്പിച്ച ശേഷം മാത്രമാണ് കെവിന്‍ കേസിലെ പ്രതികള്‍ ഭാര്യ സഹോദരനും പിതാവുമാണെന്ന് വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പലരും തയ്യാറായത്.
ഓമനക്കുട്ടന്റെ കഥയും അത്ര പെട്ടന്ന് മറക്കാന്‍ കഴിയില്ലല്ലോ?
പ്രളയ സമയത്താണ് ചേര്‍ത്തലക്കാരന്‍ ഓമനക്കുട്ടനെ ക്രൂശിച്ചത്. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി വന്ന ഓട്ടോക്ക് വണ്ടിക്കൂലികൊടുക്കാന്‍ കയ്യില്‍ പണമില്ലാത്തതു കൊണ്ട് ക്യാമ്പിലുള്ള ചിലരോട് എഴുപതുരൂപ പിരിക്കുകയായിരുന്നു ഓമനക്കുട്ടന്‍ എന്ന സിപിഐഎം പ്രാദേശികനേതാവ്. അദ്ദേഹത്തെ ഏതുവിധേനെയാണ്‌കൈകാര്യം ചെയ്തിരുന്നതെന്ന് മാധ്യമങ്ങള്‍ സ്വയം ആലോചിച്ചു നോക്കുന്നതുനന്നാവും. ദുരിതാശ്വാസ ക്യാമ്പിലെ വട്ടിപ്പിരിവുകാരനായല്ലേ അദ്ദേഹത്തെ ചിത്രീകരിച്ചത്?
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം എസ്എഫ്‌ഐക്കാര്‍ തകര്‍ത്തതാണ് എന്നായിരുന്നു കുറേ ദിവസം ഇവിടത്തെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. പിന്നീട് ഇതിന്റെ വാസ്തവം വ്യക്തമായതല്ലേ? എസ്എഫ്‌ഐക്കാര്‍ ഓഫീസ് വിട്ടിറങ്ങിയ ശേഷമാണ് ഗാന്ധി ചിത്രം തകര്‍ക്കപ്പെട്ടതെന്ന വസ്തുത പിന്നീട് തെളിവ് സഹിതം പുറത്തു വന്നില്ലേ?
എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ ആളെ കിട്ടിയോ എന്നായിരുന്നില്ലേ പരിഹാസം? ഒടുവില്‍ ആളെ കിട്ടിയപ്പോള്‍ അത് കോണ്‍ഗ്രസ്സിന്റെ വേണ്ടപ്പെട്ടയാള്‍ ആയിരുന്നില്ലേ? കൂടാതെ ഈയിടെ പിടിയിലായ ഈ കേസിലെ മുഖ്യ ആസൂത്രകനും കെപിസിസി പ്രസിഡന്റിന്റെ അടുത്ത അനുയായിയല്ലേ? ഇതേ വ്യക്തി വിമാനത്തില്‍ വെച്ച് ആക്രമണശ്രമമുണ്ടായ ദിവസം വിമാനത്തിലുണ്ടാവുകയും ഇതിന്റെ ആസൂത്രണം ഉള്‍പ്പെടെ ചെയ്യുകയുമുണ്ടായില്ലേ?
ന്യൂയോര്‍ക്കിലെ ലോകകേരള സഭ മേഖലാ സമ്മേളനത്തില്‍ ?താരനിശ മോഡലി?ല്‍ പിരിവ് എന്നല്ലേ വാര്‍ത്ത ചമച്ചത്? ലോക കേരള സഭയില്‍ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ 82 ലക്ഷം രൂപ ഫീസ് എന്നായിരുന്നു അന്നത്തെ തലക്കെട്ട്. ന്യൂയോര്‍ക്കിലെ സമ്മേളന നടത്തിപ്പിന് സംഘാടകര്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ വഴി തേടിയതിനെ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ പണം പിരിക്കുന്നു എന്നു കാട്ടിയല്ലേ നിര്‍ലജ്ജം വ്യാജവാര്‍ത്ത നിര്‍മിച്ചത്?
മാധ്യമപ്രവര്‍ത്തനത്തിന്റെ മാനം മാറുന്നു എന്നാണ് പുതിയ സംഭവങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
കേരളത്തെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ സ്വയം ആയുധമാവുകയാണ്.
ഏതു കാര്യവും തെറ്റായ വാര്‍ത്ത നല്‍കി വഴി തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്.
സ്വീകരിക്കാന്‍ പാടില്ലാത്ത ഈ നില ജനങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്നതുകൊണ്ടാണ് ഇവിടെ ഇത്രയും വിശദീകരിച്ചത്.
വ്യക്തികളെ, രാഷ്ട്രീയ പാര്‍ട്ടികളെ ആക്രമിക്കുന്നതും സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും മാധ്യമങ്ങളുടെ രീതി ആണ്. അതില്‍ പുതുമ കാണുന്നില്ല.
ഇവിടെ ഒരു നാടിനെ തന്നെയാണ് ആക്രമിക്കുന്നത്.
സര്‍ക്കാരിനെതിരെയുള്ള വ്യാജവാര്‍ത്തകളും വ്യാജ പ്രചാരണങ്ങളും മാത്രമല്ല, ജനങ്ങള്‍ക്ക് വലിയ തോതില്‍ ഉപകാരപ്രദമാകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകര്‍ക്കാനും ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പല രൂപത്തില്‍ ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ ഇവര്‍ ആലോചിക്കുന്നില്ല ഇവരുടെ ഈ വ്യാജ പ്രചാരണങ്ങള്‍ എത്ര പാവപ്പെട്ട മനുഷ്യരെയാണ് ബാധിക്കുന്നതെന്ന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഇല്ലാതായാല്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്കാണ് ചികിത്സാ സഹായം ലഭ്യമാകാതെ പോകുക. അതോടൊപ്പം വിവിധ ദുരന്തങ്ങളും ദുരിതങ്ങളും നേരിട്ടവര്‍ക്കുള്ള അടിയന്തര സഹായങ്ങളും നിലച്ചുപോകും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 2135.29 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത്. അതില്‍ ചികിത്സാസഹായമായി മാത്രം നല്‍കിയത് 685.62 കോടി രൂപയാണ്. ആയിരക്കണക്കിന് പേര്‍ക്കാണ് സഹായം ലഭ്യമായത്.
ഇതു കൂടാതെ പ്രളയബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ വന്ന ശേഷം 856.95 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് സമയത്ത് ദുരിതമനുഭവിച്ചവര്‍ക്ക് 380.95 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ കാലയളവില്‍ നല്‍കിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി പറഞ്ഞാല്‍ 25/5/2016 മുതല്‍ 20/5/2021 വരെ 5715.92 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണംചെയ്തത്.
സുതാര്യവും സുഗമവും ആയി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അത് ഇല്ലാതായാല്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സാ സഹായം ഇല്ലാതാകും. രോഗബാധിതരുടെ ചികിത്സയ്ക്ക് തടസ്സമുണ്ടാകും. അതുപോലെതന്നെ മറ്റു പല ദുരിതങ്ങളും അനുഭവിക്കുന്നവര്‍ക്കുള്ള സഹായങ്ങളും ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും. അതുകൊണ്ട് വ്യാജപ്രചാരകര്‍ അതില്‍ നിന്ന് പിന്മാറണം. ഈ ദുരവസ്ഥ നമ്മുടെ നാടിനുണ്ടാകരുത്.
മാധ്യമങ്ങള്‍ മാത്രമാണ് ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തുന്നത് എന്ന് പറയാനാകില്ല. അതിനുപിന്നിലെ രാഷ്ട്രീയവും അജണ്ടയും ആണ് പരിശോധിക്കേണ്ടത്.
പ്രളയത്തിന്റെ സമയത്ത് കോണ്‍ഗ്രസ്സ് അനുകൂലികളായ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ?സാലറി ചലഞ്ചി’നെതിരെ രംഗത്തുവന്നത് ഓര്‍ക്കുന്നത് നന്നാവും. ദുരന്തമുഖത്തുപോലും രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷമായി അവര്‍ അധപതിച്ചില്ലേ അന്ന്? സാലറി ചലഞ്ചിനോട് മുഖം തിരിക്കുക മാത്രമല്ല, ക്യാമ്പെയിന്‍ മുടക്കാന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്തു.
സര്‍ക്കാര്‍ ഇന്നാട്ടിലെ അധ്യാപകരേയും ജീവനക്കാരെയും അകാരണമായി പിഴിയുന്നു എന്നാണ് അന്ന് ഇവര്‍ പറഞ്ഞു പരത്തിയത്? എന്നാല്‍ പ്രതിപക്ഷത്തിന്റെ ദുഷ്പ്രചാരണങ്ങളെ വകവെക്കാതെ നാടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാവുകയാണ് ബഹുഭൂരിപക്ഷം ജീവനക്കാരും ചെയ്തത്.
കൊറോണക്കാലത്ത് മാനദണ്ഡം ലംഘിച്ചു പുറത്തിറങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുകവരെ ചെയ്തില്ലേ പ്രതിപക്ഷ നേതൃത്വം? സമരകോലാഹലങ്ങള്‍ നടത്തി നാടിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാനല്ലേ ഇവര്‍ അന്ന് ശ്രമിച്ചത്? വ്യാജ പ്രചാരണങ്ങളുടെ പെരുമഴയല്ലേ അന്നിവര്‍ നടത്തിയത്?
കോവിഡ് വിഷയത്തിലെ സാലറി ചലഞ്ചുവഴി ധനമന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് വിളിച്ചു പറഞ്ഞത്. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാന്‍ഡേറ്ററി സാലറി കട്ട് നല്‍കുന്ന അതേ സമയത്തായിരുന്നു ആറു ദിവസത്തെ ശമ്പളം കടമായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്.
ലോകം മുഴുവന്‍ മഹാമാരി മരണം വിതച്ച സമയമായിരുന്നല്ലോ അന്ന്. തൊഴില്‍ നഷ്ടപ്പെട്ട് സകലരും വീട്ടില്‍ അടച്ചിരിക്കേണ്ടിവന്ന ഒരു ഘട്ടം. സര്‍ക്കാരുകളുടെ വരുമാനം നിലച്ചപ്പോള്‍ ദൈനംദിന ചെലവുകള്‍ക്കുപോലും വേണ്ടത്ര കാശില്ലാതെ ലോകമാകെ സര്‍ക്കാരുകള്‍ പ്രയാസപ്പെട്ട സാഹചര്യമായിരുന്നു. പല ഇടങ്ങളിലും ശമ്പളം മുടങ്ങുന്ന നിലയുണ്ടായി. എന്നാല്‍ കേരളത്തില്‍ അങ്ങനെ ഉണ്ടായില്ല. ആറു ദിവസത്തെ ശമ്പളം കടം കൊടുക്കാന്‍ മാത്രമാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരോടഭ്യര്‍ത്ഥിച്ചത്.
സര്‍ക്കാരിന്റെ ഉത്തരവ് തെരുവില്‍ കത്തിക്കുകയല്ലേ കോണ്‍ഗ്രസ്സ് അനുകൂല സര്‍വീസ് സംഘടനകള്‍ ചെയ്തത്? ഇതിനും പുറമെ ആറു ദിവസത്തെ ശമ്പളം കടം കൊടുക്കാന്‍ മനസ്സില്ലാതെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹര്‍ജിയുമായി പോവുകയാണ് കോണ്‍ഗ്രസ്സുകാര്‍ ചെയ്തത്.
ഇപ്പോള്‍ ‘പെരുപ്പിച്ച കണക്ക്? എന്നും ‘വ്യാജ കണക്ക്? എന്നും മറ്റുമുള്ള കഥകള്‍ പ്രചരിപ്പിക്കുന്നതും ഇതേ കൂട്ടരാണ്.
കേന്ദ്ര സര്‍ക്കാര്‍ വയനാടിനായി ഇതുവരെ പ്രത്യേക സഹായമൊന്നും നല്‍കിയിട്ടില്ല. എന്നാല്‍, സംസ്ഥാനം നല്‍കിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റിനെ ‘ചെലവാക്കിയ തുകയായി’ ദുര്‍വ്യാഖ്യാനം ചെയ്ത നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയുടെ പ്രധാന നേതാക്കളും ഉണ്ട് എന്നത് നാം കാണുകയാണ്. ആ പരിഹാസ്യ സമീപനം നമ്മുടെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയേ അല്ല. മറ്റു പല സംസ്ഥാനങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ പെട്ടെന്ന് തന്നെ സഹായം പ്രഖ്യാപിക്കുന്ന വാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ സഹായം എത്രയും വേഗം ലഭ്യമാക്കാനുള്ള ഇടപെടലാണ് നാടിനെയും ജനങ്ങളെയും സ്‌നേഹിക്കുന്ന എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുക. മാധ്യമങ്ങള്‍ ആ ഉത്തരവാദിത്തം നിറവേറ്റാന്‍ തയാറാകണം.
മുഖ്യധാരാ മാധ്യമങ്ങള്‍ക്കുള്ള ഇടതുപക്ഷ വിരുദ്ധതയുടെ ആഴവും പരപ്പും എന്തെന്നു കാട്ടിത്തരുന്ന കൃത്യമായ ഉദാഹരണമാണ് ?വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ കൊള്ള? എന്ന ഏറ്റവും പുതിയ അസത്യ പ്രചാരണം. ഒരു പകല്‍ മുഴുവന്‍ തങ്ങളാല്‍ കഴിയുംവിധം നുണ പ്രചരിപ്പിച്ച ശേഷം തെറ്റുപറ്റിപ്പോയെന്ന ചിലരുടെ പരിദേവനങ്ങളും പിന്നീട് കേട്ടു. തെറ്റിദ്ധരിപ്പിച്ചു വാര്‍ത്ത നല്‍കിയതിനുശേഷം ആദ്യം തിരുത്തുകൊടുത്തതു തങ്ങളാണെന്നുവരെ മേനി നടിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ് മലയാള മാധ്യമലോകം.
ചാനലുകളുടെ കിടമത്സരത്തില്‍ വ്യാജവാര്‍ത്തകളുടെയും അജണ്ടവെച്ചുള്ള അസത്യപ്രചരണങ്ങളുടെയും കുത്തൊഴുക്കാണ് നടക്കുന്നത്. സാമാന്യ ഭാഷാശേഷിയുള്ളവര്‍ക്കുപോലും മനസ്സിലാവുന്ന ഒരു കാര്യം മനഃപൂര്‍വം തെറ്റായി വ്യാഖ്യാനിച്ച് സര്‍ക്കാരിനെ പഴിചാരാന്‍ ഉപയോഗിക്കുകയായിരുന്നു എന്നത് വയനാടിന്റെ കാര്യത്തില്‍ വ്യക്തമാണ്. ദുരന്താനന്തരം ലഭിക്കേണ്ടുന്ന കേന്ദ്ര സഹായം മുടക്കാനുള്ള ക്വട്ടേഷനാണോ ഇക്കൂട്ടര്‍ ഏറ്റെടുത്തതെന്ന സംശയം സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഉണ്ടായ ദുരന്തത്തില്‍ നിന്നും നാട് ഇനിയും കരകയറിയിട്ടില്ല. കേരളമൊന്നായി വയനാട്ടിനൊപ്പം ചേര്‍ന്ന് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. അതിനിടയില്‍ ചാനല്‍ റേറ്റിങ്ങിനുവേണ്ടി ഒരു ജനതയുടെ അതിജീവനപോരാട്ടങ്ങളെ തുരങ്കം വെക്കരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
CONTENT HIGHLIGHTS;Reply to fake news: Chief Minister accurately stated the amount spent for Wayanad