തൃശൂർ: മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രാമസേതു പാലമാണ് എഡിജിപിയെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.എൻ പ്രതാപൻ. . എഡിജിപി അജിത് കുമാറിനെ പൂരം കലക്കൽ സംഭവം അന്വേഷിപ്പിച്ചത് കള്ളന്റെ കയ്യിൽ തന്നെ താക്കോൽ കൊടുത്തതിന് തുല്യമാണ്. അന്വേഷണ റിപ്പോർട്ട് അഞ്ചു മാസം വൈകിച്ചതിന് പിന്നിൽ മുഖ്യമന്ത്രി ആണെന്നും പ്രതാപൻ കുറ്റപ്പെടുത്തി.
പൂരം കലക്കാൻ കച്ചകെട്ടി ഇറങ്ങിയവരെ കസേരയിൽ ഇരുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കള്ളന്റെ കൈയിലെ താക്കോലിൽ തൃശ്ശൂരുകാർക്ക് വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വേണം. സിപിഐയും വിഎസ് സുനിൽ കുമാറും മുട്ടിൽ ഇഴയുകയാണ്. സേവാഭാരതിയുടെ ആംബുലൻസ് എന്തിനാണ് ഉപയോഗിക്കുന്നത്? സുരേഷ് ഗോപി വന്നത് ആംബുലൻസിലാണ്. ആംബുലൻസ് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് സേവാഭാരതിയോട് ചോദിക്കാൻ പോലീസ് തയ്യാറായില്ല. അന്വേഷണം നടന്നു എന്നത് വ്യാജമാണ്. അന്വേഷണം നടന്നു എന്നു വരുത്തി തീർക്കാൻ രണ്ടു ദേവസ്വങ്ങളുടെയും മൊഴി എടുക്കുകയായിരുന്നു. ശരിയായ വിവരാവകാശ മറുപടി കൊടുത്ത ഉദ്യോഗസ്ഥനെ എഡിജിപിക്ക് വേണ്ടി മുഖ്യമന്ത്രി സസ്പെൻഡ് ചെയ്യുകയാണ് ഉണ്ടായെന്നും ടി.എൻ പ്രതാപൻ വിമർശിച്ചു.
content highlight: investigation-into-the-thrissur-pooram