മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം ആണ് വൃക്ക. ശരീരത്തിലുള്ള മാലിന്യത്തെ പുറന്തള്ളാനും, രക്തം ശുദ്ധീകരിക്കാൻ, ചുവന്ന രക്താണുക്കളെ ഉൽപ്പാദിപ്പിക്കാൻ, സോഡിയം പൊട്ടാസ്യം പോലുള്ള ധാതു ലവണങ്ങൾ നിയന്ത്രിക്കുന്നത്, രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നത് ഇങ്ങനെ പലതരത്തിലുള്ള പ്രധാന പ്രവർത്തനങ്ങൾ കിഡ്നി വഹിക്കുന്നു.
കിഡ്നിയുടെ തകരാറ് പലരും വൈകിയാണ് അറിയുന്നത്. അതിനു പ്രധാനകാരണം ആദ്യലക്ഷണങ്ങൾ മനസ്സിലാകാതെ പോകുന്നത് തന്നെയാണ്. ലോകത്തിൽ ദശലക്ഷം ആളുകളെയാണ് കിഡ്നി സംബന്ധമായ അസുഖങ്ങൾ ബാധിക്കുന്നത്. എന്നാൽ ഇതിൽ ഏകദേശം പകുതിയോളം ആളുകൾക്കും രോഗമുണ്ട് എന്ന തിരിച്ചറിയാതെ പോകുന്ന അവസ്ഥ ഉണ്ടാകുന്നു. സി.കെ.ഡി (ക്രോണിക് കിഡ്നി ഡിസീസ് ) സ്റ്റേജ് 5, സ്റ്റേജ് 4 ൽ ഒക്കെയാണ് പലരും കിഡ്‌നി സംബന്ധമായ രോഗങ്ങളെപ്പറ്റി അറിയുന്നത്. എന്നാൽ കിഡ്നിയുടെ രോഗ സാധ്യതകൾ നേരത്തെ അറിയാൻ സാധിച്ചാൽ ജീവിതശൈലിലെ മാറ്റങ്ങൾ കൊണ്ടും മരുന്നുകളുടെ ഉപയോഗം കൊണ്ടും ഒരുവിധം നിയന്ത്രിച്ചു നിർത്താൻ സാധിക്കും. വൃക്ക തകരാർ ഉണ്ടെങ്കിൽ വരാവുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
- മൂത്രത്തിലുണ്ടാവുന്ന വ്യത്യാസങ്ങൾ
ഒഴിക്കുന്ന മൂത്രത്തിന്റെ അളവുകളിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത്. പല കാരണങ്ങൾ കൊണ്ട് മൂത്രത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും പ്രധാനമായും പതയുന്ന രീതിയിൽ മൂത്രം പോകുന്നതും, ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും മൂത്രത്തിൽ നിറവ്യത്യാസം ഉണ്ടാകുന്നതും, മൂത്രമൊഴിക്കുമ്പോൾ തടസ്സം നേരിടുന്നതും, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നതും, മൂത്രത്തിന്റെ അളവ് കുറയുന്നതും കിഡ്നി പ്രവർത്തന രഹിതമാണ് എന്നതിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങൾ സ്ഥിരമായി നിലനിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ചികിത്സ ഉറപ്പാക്കണം.
- ശരീരത്തിൽ നീര് ഉണ്ടാവുക
വൃക്ക തകരാറിൽ ആകുന്നതിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ശരീരത്തിൽ പല ഭാഗത്തായി നീര് ഉണ്ടാകുന്നത്. കണ്ണുകളുടെ അടിയിൽ, കാലിൽ, കൈകളിൽ, സന്ധികളിൽ ഇങ്ങനെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി നീര് രൂപപ്പെടാം. ഇതുകൂടാതെ ഹൃദയത്തിന് തകരാറുണ്ടെങ്കിലും ലിവറിന് തകരാർ ഉണ്ടെങ്കിലും ഇത്തരത്തിൽ നീര് വരാറുണ്ട്. എന്നിരുന്നാലും കിഡ്നി തകരാർ ഉണ്ടാകുന്നതിന്റെ പ്രധാന ലക്ഷണം ആണ് ശരീരം നീര് വയ്ക്കുന്നത്. വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.
- കലശലായ ക്ഷീണം, തളർച്ച
വൃക്ക പൂർണ്ണതോതിൽ പ്രവർത്തിക്കാതാകുമ്പോൾ ശരീരത്തിന് ഊർജ്ജം ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നത് കാരണവും രക്തത്തിലെ മാലിന്യങ്ങൾ പുറന്തള്ളാത്തത് കാരണവുമാണ് ശരീരത്തിന് കലശലായ ക്ഷീണവും തളർച്ചയും ഉണ്ടാകുന്നത്.
- വയറുവേദനയും ഛർദ്ദിയും
വയറുവേദനയും ഛർദ്ദിയും കിഡ്നി തകരാറിന്റെ പ്രധാന ലക്ഷണമാണ്. എന്നാൽ എല്ലാ വയറുവേദനയും ഛർദ്ദിലും കിഡ്നി തകരാറുമൂലം ആണെന്ന് പറയാൻ സാധിക്കില്ല. എങ്കിലും രാവിലെ ഉറക്കം എഴുന്നേറ്റ ഉടൻ ഛർദ്ദിക്കാൻ തോന്നുക, സാധാരണഗതിയിൽ കൂടുതലായി വയറുവേദന അനുഭവപ്പെടുകയും ചെയുന്നു എങ്കിൽ ചികിത്സ തേടുന്നത് ഉത്തമം.
STORY HIGHLIGHT: kidney disease