മലപ്പുറം: താൻ ഉന്നയിച്ച കാര്യങ്ങളിൽ ഉപദേശകർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പി വി അൻവർ എംഎൽഎ. തെറ്റിദ്ധാരണ മാറുമ്പോൾ തന്നോടുള്ള നിലപാടും മാറുമെന്നും അദ്ദേഹം പറഞ്ഞു. സത്യങ്ങൾ മറച്ചുവെച്ച് പോലീസിൻറെ മനോവീര്യം തകർക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചു. മുഖ്യമന്ത്രി നിലപാട് പുന പരിശോധിക്കണമെന്നും പി വി അൻവർ അഭ്യർത്ഥിച്ചു. മാത്രമല്ല പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം ഇനിയും തുടരുമെന്നും എംഎൽഎ വീണ്ടും മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ വിമർശനത്തോട് കടുത്ത ഭാഷയിൽ തന്നെയായിരുന്നു നിലമ്പൂരിലെ ഇടത് എംഎൽഎ പ്രതികരിച്ചത്.
താൻ ആരോപണം ഉന്നയിച്ചത് പൊലീസിലെ വളരെ കുറച്ച് ഉദ്യോഗസ്ഥർക്കെതിരെയാണ്. പൊലീസിൽ നല്ല ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും. പത്താം ക്ലാസ് പാസാകാത്ത എഴുതാനറിയാത്ത പൊലീസുകാരും കേരളത്തിലില്ല. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെയാണ് തന്റെ പോരാട്ടം. അത് തുടരും. തൻ്റെ ആരോപണത്തിൽ പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകർന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
content highlight: pv-anwar-responds