സ്ത്രീകൾ നേരിടുന്ന സ്വാഭാവിക പ്രശ്നങ്ങളിൽ ഒന്നാണ് ആർത്തവത്തിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ. സമ്മർദ്ദം, ദിനചര്യയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ, യാത്ര, ഭക്ഷണ രീതി എന്നിവയൊക്കെ ചിലപ്പോൾ ആർത്തവം വൈകിപ്പിക്കാറുണ്ട്. എന്നാൽ, പതിവായി ആർത്തവം വൈകുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ആര്‍ത്തവം വൈകുന്നത് പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. ഹോർമോൺ അസന്തുലിതാവസ്ഥയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഒക്കെ ആർത്തവം വൈകിപ്പിക്കാൻ കാരണമാകും. അതിൽ പ്രധാന കാരണങ്ങൾ :
സമ്മർദ്ദം
ആർത്തവം വൈകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സമ്മർദം. സമ്മർദം കൂടുമ്പോൾ ശരീരം കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നു, ഇത് ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും ബാലൻസ് തടസപ്പെടുത്തും കാരണം ഇവ രണ്ടും ആർത്തവചക്രം നിയന്ത്രിക്കുന്നവയാണ്.
ശരീര ഭാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ
ശരീരഭാരം കുറയുകയോ കൂടുകയോ ചെയ്യുന്നത് ഹോർമോൺ ബാലൻസ് തടസപ്പെടുത്തുകയും ആർത്തവം കാലതാമസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ശരീരഭാരം കുറയുന്നത്, പ്രത്യേകിച്ച് അമിതമായ ഡയറ്റ് അല്ലെങ്കിൽ അമിതമായ വ്യായാമം, ഇവയെല്ലാം ശരീരത്തിൽ വേണ്ടത്ര ഈസ്ട്രജൻ ഉത്പാദിപ്പിക്കാത്തതിന് കാരണമാകും. ഇത് അണ്ഡോത്പാദനം വൈകിപ്പിക്കുകയോ നിർത്തുകയോ ചെയ്യാം. പെട്ടെന്ന് ശരീരഭാരം കൂടുന്നത് ഈസ്ട്രജന്റെ അളവ് വർധിപ്പിക്കുകയും അണ്ഡോത്പാദനത്തെ തടസപ്പെടുത്തുകയും ചെയ്യും.
തൈറോയ്ഡ് പ്രശ്നങ്ങൾ
തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുകയും ആർത്തവത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഹൈപ്പർതൈറോയിഡിസവും ഹൈപ്പോതൈറോയിഡിസവും ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകും.
ഭക്ഷണ രീതി
ഭക്ഷണ രീതി ആരോഗ്യകരമല്ലെങ്കില്‍ ഇത് ആര്‍ത്തവത്തെ ബാധിയ്ക്കാം. പ്രത്യേകിച്ചും ജങ്ക് ഫുഡ് പോലുള്ളവയുടെ അമിത ഉപയോഗമെല്ലാം തന്നെ ആർത്തവം വൈകിപ്പിക്കുന്നതിന്റെ സ്വാഭാവിക ഘടകമാണ്. ആരോഗ്യകരമായ ആര്‍ത്തവത്തിന് ശരീരത്തിന്റെ ആരോഗ്യവും ഏറെ പ്രധാനമാണ്.
ഇത് കൂടാതെ കഴിക്കുന്ന ഗുളികകൾ, ചില രോഗങ്ങൾ.. ഇത്തരത്തിൽ പല കാരണങ്ങൾ കൊണ്ടും സ്ത്രീകളിൽ ആർത്തവം വൈകുന്നതിന് കാരണമാകുന്നു.
STORY HIGHLIGHT: Are your periods late these are the reasons