മലപ്പുറം: പിവി അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോണ്‍ഗ്രസിൽ നിന്നാണ് വന്നതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിനു മറുപടിയുമായി പിവി അൻവര്‍ എംഎല്‍എ. താൻ മാത്രമല്ല, ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് പിവി അൻവര്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും തനിക്ക് വെറെ വഴിയില്ലായിരുന്നുവെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇഎംഎസ് പഴയ കോണ്‍ഗ്രസുകാരൻ അല്ലേ?. അതുപോലെ താനും പഴയ കോണ്‍ഗ്രസുകാരൻ തന്നെയാണ്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എംആര്‍ അജിത് കുമാറിന്‍റെ പ്രസ്താവനയാണ്. മുഖ്യമന്ത്രി പറഞ്ഞത് എഡിജിപിയുടെ അതേ വാദമാണ്. മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാൻ താനില്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കിയാലും താൻ പാര്‍ട്ടിയില്‍ നിന്ന് പോരാടുമെന്നും പിവി അൻവര്‍ എംഎല്‍എ പറഞ്ഞു.
എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ പൂർണ്ണമായും തളളിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. അൻവറിന്റെ ആരോപണങ്ങൾ ലക്ഷ്യം വെക്കുന്ന എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനും തന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും അദ്ദേഹം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സ്വർണക്കടത്തു കേസുകളിൽ പോലീസിന്റെ നടപടി ശരിവെക്കുന്ന കണക്കുകൾ ഉദ്ധരിച്ച് പോലീസിന്റെ മനോവീര്യം കെടുത്തി കള്ളക്കടത്തിനെതിരായി നടപടികൾ അവസാനിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
സ്വർണക്കടത്തിലും ഹവാല പണമിടപാടുകളിലും പോലീസ് ഇടപെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് അൻവറിനു പിന്നിലെന്ന സംശയം ഉണർത്തുന്നതായി മുഖ്യമന്ത്രിയുടെ വാക്കുകൾ. കരിപ്പുര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുളള സ്വർണക്കടത്തും മലബാറിലെ ഹവാലാപണമിടപാടുകളും പോലീസ് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പിടികൂടിയതിന്റെ കണക്കുകൾ മുഖ്യമന്ത്രി മാധ്യമപ്രവർത്തകർക്കു മുന്നിൽവെച്ചു. സ്വർണവും ഹവാലാപണവും പിടിച്ചതിൽ ഭൂരിഭാഗവും മലപ്പുറത്തു നിന്നായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിടിച്ചെടുക്കുന്ന സ്വർണത്തിൽ ഒരു ഭാഗം പോലീസ് തട്ടിയെടുക്കുന്നതായുള്ള ആരോപണത്തെ അദ്ദേഹം ഖണ്ഡിച്ചു. വസ്ത്രത്തിലും മറ്റും പൂശിയ നിലയിൽ കൊണ്ടുവരുന്ന സ്വർണം വേർതിരിച്ചെടുക്കുമ്പോൾ സ്വാഭാവികമായും തൂക്കം കുറയും. ഈ വേർതിരിക്കൽ നടക്കുന്നത് രഹസ്യമായല്ല, നിയമപ്രകാരം ചുമതലപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ വച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പിവി അൻവർ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.