Kerala

മുന്‍ ഡി.വൈ.എസ്.പി പി സുകുമാരന്‍ ബിജെപിയില്‍

കണ്ണൂര്‍ : മുന്‍ ഡി.വൈ.എസ്.പി പി സുകുമാരന്‍ ബിജെപിയില്‍ അംഗത്വമെടുത്തു. കണ്ണൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് സുകുമാരന്‍ അംഗത്വമെടുത്തത്. അരിയില്‍ ഷുക്കൂര്‍, ഫസല്‍ വധക്കേസ് കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി സുകുമാരന്‍.

മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുകുമാരന്റെ ബിജെപി പ്രവേശനം.

യുഡിഎഫ് ഭരണകാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ യുഎപിഎ ചുമത്തിയ നാറാത്ത് കേസിലെ അന്വേഷണത്തിനിടെ പി സുകുമാരന്‍ നടത്തിയ പല പരാമര്‍ശങ്ങളും ഇടപെടലുകളും വിവാദമായിരുന്നു. മദ്‌റസകള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വസ്തുതാന്വേഷണ സംഘത്തിനു മുമ്പാകെയും നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും മുസ്ലിം വിരുദ്ധമായിരുന്നു.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സിപിഎം പ്രവര്‍ത്തകന്റെ മലദ്വാരത്തില്‍ കമ്പി കയറ്റിയെന്ന ഗുരുതര ആരോപണം അന്നത്തെ സിപിഎം നേതാക്കള്‍ തന്നെ ഉന്നയിച്ചിരുന്നു. സിപിഎം അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ പി സുകുമാരനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. നാറാത്ത് കേസില്‍ പി സുകുമാരന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ആയുധപരിശീലന ക്യാംപെന്ന വിധത്തിലേക്ക് മാറ്റുകയും 21 യുവാക്കള്‍ക്ക് എട്ടുവര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്തത്.