കണ്ണൂർ: എംപോക്സ് ലക്ഷണങ്ങളോടെ കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന യുവതിക്ക് അസുഖമില്ലെന്ന് സ്ഥിരീകരണം. യുവതിക്ക് ചിക്കൻപോക്സാണ് ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് എംപോക്സ് ഇല്ലെന്ന് സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്നെത്തിയ മുപ്പത്തിയൊന്നുകാരിയാണ് എം പോക്‌സ് ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്നത്. സെപ്റ്റംബർ ഒന്നിനാണ് ഇവർ അബൂദബിയിൽ നിന്ന് നാട്ടിലെത്തിയത്. പിന്നാലെ യുവതിയും ഭര്‍ത്താവും നിരീക്ഷണത്തിലായിരുന്നു. യുവതിയുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് സമാന രോഗ ലക്ഷണങ്ങൾ ഉണ്ടാവുകയും പിന്നീട് അത് ചിക്കൻപോക്സ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് ഒരാളില്‍ എംപോക്സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ നിന്നും എത്തിയ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം മറ്റുള്ളവരുമായി വലിയ തോതിലുള്ള സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചത്.