ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ ആതിഷി മർലേന കൈവശം വെക്കുക 13 വകുപ്പുകൾ. വിദ്യാഭ്യാസം, ധനകാര്യം, ഊർജം, ജലവിഭവം തുടങ്ങി നേരത്തേ കൈവശം വെച്ച വകുപ്പുകൾക്കൊപ്പമാണ് മറ്റു വകുപ്പുകളുടെയും ചുമതല ആതിഷി വഹിക്കുക. ആരോഗ്യം, നഗര വികസനം, സാമൂഹിക ക്ഷേമം എന്നിവയടക്കം എട്ടു വകുപ്പുകളുടെ ചുമതല സൗരഭ് ഭരദ്വാജ് വഹിക്കും.
പരിസ്ഥിതി ഉൾപ്പെടെ മൂന്ന് വകുപ്പുകളുടെ ചുമതലയാണ് ഗോപാൽ രവിക്ക് നൽകിയത്. കൈലാഷ് ഗെഹ്ലോട്ടിന് ഗതാഗതം അടക്കം നാലു വകുപ്പുകളും നൽകി. ഭക്ഷ്യ വിതരണ വകുപ്പിന്റെയും തെരഞ്ഞെടുപ്പ് വകുപ്പിന്റെയും ചുമതല ഇംറാൻ ഹുസൈന് ആണ്. മുകേഷ് അഹ്‍ലാവത് ആണ് എസ്.സി/എസ്.ടി മന്ത്രി. തൊഴിൽ ഉൾപ്പെടെ നാലു വകുപ്പുകളുടെ ചുമലയും അദ്ദേഹത്തിനുണ്ട്.
ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായാണ് ആതിഷി ചുമതലയേറ്റത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഡൽഹി മുഖ്യമന്ത്രി പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് 43കാരിയായ ആതിഷി.
സത്യപ്രതിജ്ഞക്കു ശേഷം അവർ മുഖ്യമന്ത്രി പദം രാജിവെച്ച അരവിന്ദ് കെജ്‍രിവാളിന്റെ കാൽ തൊട്ടു വന്ദിച്ചു. ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ഡൽഹി നിയമസഭ സ്പീക്കർ റാം നിവാസ് ഗോയൽ, പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചതോടെയാണ് ഡൽഹിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തത്. ഡൽഹിയിൽ ആംആദ്മിയുടെ ഉറച്ച ശബ്ദമായ അതിഷിയല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന് മുന്നിൽ മറ്റൊരു പേര് ഉണ്ടായിരുന്നില്ല. ആംആദ്മി രാഷ്ട്രീയകാര്യ സമിതിയിൽ കെജ്‌രിവാൾ അതിഷിയുടെ പേര് നിർദേശിച്ചു. മുതിർന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവർ പിന്തുണച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെത്തി. തൊട്ടടുത്ത ദിവസം അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.
കെജ്‌രിവാൾ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാൽ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവരെ നിലനിർത്തിക്കൊണ്ടായിരുന്നു മന്ത്രിസഭാ അഴിച്ചുപണി. മുകേഷ് കുമാർ അഹ്‌ലാവത് പുതുമുഖമാണ്. കെജ്‌രിവാൾ മന്ത്രിസഭയിൽ ഏഴ് പേരായിരുന്നെങ്കിൽ അതിഷി മന്ത്രിസഭയിൽ ആറ് പേരെയുള്ളൂ.