Kerala

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവം: അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എഡിജിപി അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് അഞ്ച് മാസത്തിന് ശേഷം സമർപ്പിച്ചു. ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇന്ന് സീൽഡ് കവറിൽ 600 പേജുള്ള റിപ്പോർട്ട് മെസഞ്ചർ വഴി സമർപ്പിച്ചത്. എന്നാൽ ഡിജിപി ഓഫീസിൽ ഇല്ലാത്തതിനാൽ നാളെ മാത്രമേ അദ്ദേഹം ഇത് പരിശോധിക്കൂവെന്നാണ് വിവരം. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും.

പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം അഞ്ച് മാസത്തിനിപ്പുറവും എങ്ങുമെത്തിയില്ല എന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴി തുറന്നത്. പിന്നാലെ, സെപ്റ്റംബര്‍ 24-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചത്.