സ്ത്രീകൾക്ക് നേരെ മോശം സമീപനങ്ങൾ സിനിമയിൽ നിന്ന് മാത്രമല്ലെന്ന് നടി ദിവ്യ പ്രഭ. ഒരു യൂട്യൂബ് ചാനലിന് നൽകിയഅഭിമുഖത്തിലാണ് പ്രതികരണം. പ്രൊഡക്ഷൻ ടീമിൽ നിന്നും ബഹുമാനമില്ലാത്ത സംസാരമുണ്ടായിട്ടുണ്ടെന്നും ദിവ്യ പ്രഭ പറയുന്നു. പ്രതിഫലം പറയുമ്പോൾ അത്രയൊക്കെ പറഞ്ഞാൽ സംവിധായകൻ വേറെ ആളെ നോക്കാമെന്ന് പറയുമെന്ന് പറയും. ശരിക്കും ഇത് സംവിധായകൻ അറിയുന്നുണ്ടോ എന്ന് സംശയമാണെന്നും ദിവ്യ പ്രഭ വ്യക്തമാക്കി.
സിനിമയ്ക്ക് പുറത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും താരം മനസ് തുറന്നു. കൊച്ചിയിൽ വർക്ക് ചെയ്യുകയായിരുന്നു. അച്ഛനും അമ്മയും കൂടിയാണ് എന്നെ ആ ഓഫീസിൽ കൊണ്ട് വിട്ടത്. മൂന്ന് മാസം ട്രെയിനിംഗ്. ഹോസ്റ്റലിൽ ഡ്രോപ് ചെയ്യുകയാണെന്ന് പറഞ്ഞ് ഹോസ്റ്റലിൽ എത്തുന്നത് വരെയുള്ള സമയത്ത് മോശം സ്പർശനം ഉണ്ടായിട്ടുണ്ട്.
വീക്കെന്റിൽ കാബിനിലോട്ട് വിളിച്ച് നമ്മൾ ചെയ്ത വർക്ക് സബ്മിറ്റ് ചെയ്യേണ്ടി വരും. പക്ഷെ അവിടെ പോയിരുന്നാൽ ആൾ അവിടെ നിന്ന് നോക്കിക്കൊണ്ടിരിക്കും. ആകെ അൺകംഫർട്ടബിൾ ആകും. അത് കഴിഞ്ഞ് മോശം അനുഭവം അവിടെ നിന്നുണ്ടായി. അതോടെ രാജി വെച്ച് എജ്യുക്കേഷണൽ കൺസൽട്ടൻസിയിൽ ജോലി ചെയ്തു. സിനിമയിൽ നിന്ന് മാത്രമല്ല മോശം സമീപനങ്ങൾ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്നതെന്നും ദിവ്യപ്രഭ വ്യക്തമാക്കി.
എന്തുകൊണ്ട് ഇപ്പോൾ പറയുന്നു, അന്ന് നോ പറഞ്ഞില്ലല്ലോ എന്ന വാദങ്ങളോട് ഒട്ടും യോജിപ്പില്ല. അത്രയും പ്രിവിലേജ്‍ഡ് ആയ പശ്ചാത്തലത്തിൽ നിന്നായിരിക്കില്ല എല്ലാവരും വരുന്നത്. എനിക്ക് ആ ഓഫീസിൽ നിന്നുണ്ടായ അനുഭവം ഏറ്റവും അടുത്ത കസിനോടും ഫ്രണ്ടിനോടും മാത്രമേ പറഞ്ഞിട്ടുള്ളൂ. അച്ഛനോടും അമ്മയോടും പോലും പറഞ്ഞിട്ടില്ല. പെട്ടെന്ന് നോ പറയാൻ പറ്റില്ല. അപ്രതീക്ഷിതമായാണത് സംഭവിക്കുക. ഒരു തരം ട്രോമയാണത് ഉണ്ടാക്കുന്നത്.
ഞാനും ആ ഓഫീസിൽ വർക്ക് ചെയ്ത സമയത്ത് നോ പറഞ്ഞിട്ടില്ല. പക്ഷെ ആ അനുഭവത്തിന് ശേഷം താൻ വളരെയധികം ശ്രദ്ധിക്കാറുണ്ടെന്നും ദിവ്യ പ്രഭ വ്യക്തമാക്കി. ഒരു സ്ത്രീ വർക്ക് ചെയ്തിട്ടാവും ചിലപ്പോൾ കുടുംബം നോക്കുന്നത്. അവരുടെ ശമ്പളത്തിൽ മാത്രമായിരിക്കും കുടുംബം നിലനിൽക്കുന്നത്. അത്രയും പ്രവിലേജ്ഡ് അല്ലാത്ത സ്പേസിൽ നിന്ന് വരുന്നവരെ ശരിക്കും ആലോചിക്കണം. നോ എല്ലാവരും പറയണം. പക്ഷെ പറയാത്തവരെ നമ്മൾ ജഡ്ജ് ചെയ്യരുതെന്നും ദിവ്യ പ്രഭ ചൂണ്ടിക്കാട്ടി.
content highlight: divya-prabha-bad-experience