ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും പരിസരത്തും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. മരിച്ചവരിൽ 7 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു. 68 പേർക്കു പരുക്കേറ്റു. 23 പേരെ കാണാതായി. 2006ലെ ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധത്തിനുശേഷം ബെയ്റൂട്ട് കണ്ട കനത്ത വ്യോമാക്രമണമാണ് വെള്ളിയാഴ്ച നടന്നത്.
രഹസ്യയോഗം ചേർന്ന കെട്ടിടമാണു തകർത്തതെന്നും ഉന്നതനേതാവ് ഇബ്രാഹിം അക്കീൽ, കമാൻഡർ വാഹ്ബി എന്നിവരടക്കം 11 ഹിസ്ബുല്ല പ്രവർത്തകരെ വധിച്ചെന്നുമാണ് ഇസ്രയേൽ വാദം. 15 പ്രവർത്തകർ കൊല്ലപ്പെട്ടെന്നു ഹിസ്ബുല്ല വക്താക്കൾ പ്രതികരിച്ചു. വടക്കൻ ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളിൽ നടത്തിയ ബോംബ് ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നാണ് ഹിസ്ബുല്ലയുടെ വിലയിരുത്തൽ. ഇസ്രയേൽ ഹമാസ് യുദ്ധത്തിനു സമാന്തരമായി 11 മാസമായി ലബനൻ അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളിൽ ഇതുവരെ 740 പേർ കൊല്ലപ്പെട്ടു.