പണ്ട് തൊട്ടേ യാത്ര ചെയ്യാൻ വല്ലാത്തൊരു ഇഷ്ട്ടം ആണ്. അതിനായി എന്ന് ഞാൻ തിരഞ്ഞെടുക്കുന്നത് ഒറ്റയ്ക്കുള്ള യാത്രയാണ്. കാരണങ്ങളുണ്ട് അതിന്. കൂട്ടുകാരുടെ കൂടെ യാത്ര പോയാൽ പോകുന്ന സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനേക്കാൾ ഫോട്ടോയെടുത്തു അവരുടെ കൂടെ സംസാരിച്ചു സമയം കളയും. വെറുതെ ഓർമ്മിക്കാൻ വേണ്ടി കുറെ സംസാരങ്ങളും ചായ കുടി മാത്രമായിരിക്കും തിരിച്ചുവരുമ്പോൾ ബാക്കിയായിട്ടുണ്ടാവുക. ഈ തിരിച്ചറിവ് വന്നത് മുതൽ യാത്ര ഒറ്റയ്ക്കായി തുടങ്ങി. ബസ്സിലെ സൈഡ് സീറ്റും ഏറ്റവും ഇഷ്ടമുള്ള പാട്ട് കേട്ട് ബസ്സിന്റെ യാത്രയ്ക്കനുസരിച്ച് പുറകിലേക്ക് നീങ്ങുന്ന മരങ്ങളും കാടും കണ്ടുള്ള യാത്ര തെരഞ്ഞെടുത്തത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തൊട്ടാണ് ഒറ്റയ്ക്കുള്ള യാത്ര തുടങ്ങിയത്. കോഴിക്കോട് ആയിരുന്നു സ്ഥിരം പോക്ക്. രാവിലെ ഒന്നും പറയാതെ വീട്ടിൽ നിന്ന് ബാഗ് എടുത്ത് ഇറങ്ങും. കാസർകോട് നിന്ന് എപ്പോഴും കോഴിക്കോടേക്ക് ട്രെയിൻ കാണും. രാവിലെ ആറുമണിയുടെ ബസ്സിന് ഇറങ്ങിയാൽ ഒരു 10 ആകുമ്പോൾ കോഴിക്കോട് എത്തും. അതുകൊണ്ടുതന്നെ എളുപ്പത്തിൽ പോകാനും വരാനും പറ്റിയത് കൊണ്ട് സ്ഥിരം പോകാനുള്ള ഇടമായി അതിനെ ഇന്നും മനസ്സിൽ കൊണ്ടുനടക്കാൻ തുടങ്ങി. ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതെന്ന് ചോദിച്ചാൽ ആദ്യം മനസ്സിൽ വരുന്നത് കോഴിക്കോട് തന്നെ. അങ്ങനെയൊരു യാത്രയ്ക്ക് ആണെങ്കിൽ
അനുഭൂതിയുടെ അനന്തവിഹായസ്സെന്നൊക്കെ വേണമെങ്കില്‍ യാത്രകളെ വിശേഷിപ്പിക്കാം. ചില യാത്രകള്‍ ഈ നിമിഷം മനസ്സ് പറയുന്നതനുസരിച്ച് നടക്കുന്നതാണ്. സ്വപ്നങ്ങളിലൂടെയും സങ്കല്പങ്ങളിലൂടെയും നാളെകളിലെക്കുള്ളവയാണ് മറ്റു ചിലത്. ഓര്‍മകളിലൂടെ പിന്നിലെക്കുള്ള യാത്രകള്‍ വേറെ. ഇത് തന്നെയല്ലേ മനുഷ്യജീവിതവും ??. ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളും നാളകളെപ്പറ്റി നെയ്തുകൂട്ടുന്ന സ്വപ്നങ്ങളും ഇന്നലകളെ ചുറ്റിപ്പറ്റിയുള്ള ഓര്‍മകളും. ഒരു പക്ഷെ അതായിരിക്കണം ജീവിതം ഒരു യാത്രയാണ് എന്നൊക്കെ പലരും ആലങ്കാരികമായി പറഞ്ഞുവെച്ചിട്ടുള്ളത്. യാത്ര.. യാത്രകള്‍.. ആ വാക്ക് തന്നെ മനസ്സില്‍ എന്തൊക്കെയോ വികാരങ്ങളുടെ വിത്തുകള്‍ പാകുന്നു. ഇഷ്ടങ്ങളും ഓര്‍മകളും സ്വപ്നങ്ങളും എല്ലാം ഒത്തുകൂടുന്നു. അങ്ങനെ ആദ്യത്തെ യാത്രയെ കുറിച്ച് പറയാം. കണ്ണൂർ വരെ ഒക്കെ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടുള്ളൂ. അങ്ങനെ കണ്ണൂർ പോകാനും പറഞ്ഞു ബാഗും തൂക്കി ഇറങ്ങിയപ്പോൾ ഉണ്ട് കോഴിക്കോട് പോകുന്ന ട്രെയിൻ. എന്നാപ്പിന്നെ ഇന്ന് കോഴിക്കോട്ടേക്ക് ആകാം യാത്ര എന്നായി. അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. സ്ഥിരം കേൾക്കുന്നതുപോലെ ആ എന്തെങ്കിലും ഒക്കെ ചെയ്യ്. അമ്മക്കറിയാം എവിടെപ്പോയാലും പൂച്ചയെപ്പോലെ തിരിച്ച് വീട്ടിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന്. അപ്പന്റെ അല്ലേ വിത്ത് പിന്നെ എങ്ങനെ പറഞ്ഞാൽ കേൾക്കും. അങ്ങനെ ട്രെയിൻ കയറി. നേരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പോയി ഇറങ്ങി. പപ്പയുടെ കൂടെ പലതവണ കോഴിക്കോട് പോയിട്ടുണ്ട്. ആർട്ട് ഫെസ്റ്റിവലിനും ബുക്ക് മേളകൾക്കും സ്ഥിരം കുട്ടികളായിരുന്നു ഞാനും പപ്പയും. പോരാത്തതിന് മിട്ടായിത്തെരുവ് ഉള്ളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഹൽവയുടെ മധുരമൂറുന്ന ഓർമ്മയുമാണ്. ട്രെയിൻ ഇറങ്ങിയ ഉടനെ ഒരു ചായ കുടിച്ചു. സ്ട്രോങ്ങ് ചായ നിർബന്ധം. അതുകഴിഞ്ഞ് ബാഗും തൂക്കി നടക്കാൻ തുടങ്ങി. നല്ല പൂരി വെയിലത്ത് ഇങ്ങനെ നടക്കുന്നത് നല്ല സുഖമാണ്. എന്തായാലും യാത്ര വീട്ടിലെത്തുമ്പോൾ മൈഗ്രേൻ കൂടെ വരും. അതോർത്ത് ഇപ്പോഴേ കുട പിടിക്കേണ്ട എന്നോർത്ത്. അങ്ങനെയാത്ര മിഠായി തെരുവിലേക്കായി. മിട്ടായിത്തെരുവ് ഒരിക്കലും പകല് കാണാൻ പറ്റിയതല്ല. മിഠായിതെരുവിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ വൈകുന്നേരങ്ങളിലേക്ക് പോകണം. അത് പറ്റില്ല രാത്രിയോടുകൂടി വീട്ടിലെത്തണം. അങ്ങനെ പയ്യെ പയ്യെ നടന്നു. Sm സ്ട്രീറ്റിൽ എത്തി. ചുമരിൽ കോഴിക്കോടിന്റെ ചരിത്രം വിളിച്ചോതുന്ന ഒരുപാട് ചിത്രങ്ങളും കുറിപ്പുകളും. ചെറുതും വലുതുമായ ഒരുപാട് കടകൾ. ഒരുപാട് തവണ പപ്പയുടെ കയ്യും പിടിച്ച് അതിലൂടെ തേരാപ്പാര നടന്നിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക് പോയപ്പോൾ വല്ലാത്ത ഒരു സുഖം തന്നെ. വെറുതെ ആ മരത്തിന്റെ തണലിലേക്ക് ഒന്ന് ഇരുന്നു. കുറച്ചുനേരം ഇരുന്ന് പാട്ടും കേട്ട് വിശപ്പ് ആളാൻ തുടങ്ങി. വീണ്ടും നടത്തം തുടങ്ങി. നടന്നുനടന്ന് മിട്ടായിത്തെരുവിന്റെ അറ്റം വരെ എത്തി. ഒന്നും തന്നെ വാങ്ങിയില്ല. കാഴ്ചകൾ മനോഹരമായിരുന്നു. ഒരുപാട് വിൽപ്പനക്കാർ അവരുടെ തൊണ്ടയിലെ വെള്ളം വറ്റുന്നത്ര ഉച്ചത്തിൽ വിളിച്ചു കൂവുന്നുണ്ട്. പലനിറത്തിലായി അടുക്കി വച്ചിരിക്കുന്ന ഹൽവക്കഷണങ്ങൾ. വീട്ടിൽ ഒരു നെയ്യ്റുമ്പ് ഉള്ളതുകൊണ്ട് ഒരു ചെറിയ ഡബ ഹൽവ വാങ്ങി ബാഗിലാക്കി. അമ്മയ്ക്ക് കൊണ്ട് കൊടുത്ത സന്തോഷം. കേൾക്കുന്ന വഴക്കിന്റെ ആഴം കുറയും അത്രതന്നെ. കടകളുടെയും തെരുവിന്റെയും ഒരുപാട് ഫോട്ടോകൾ എടുത്തു കൂട്ടി. ഇനി വല്ലതും കഴിക്കണം. ഓട്ടോയിൽ കയറി നേരെ പാരഗണിലേക്ക് പോയി. നല്ല ചൂട് ചിക്കൻ ബിരിയാണിയും ചായയും. ബിരിയാണിയുടെ കൂടെ ചായയോ എന്നല്ലേ. അത് വേറൊരു കോമ്പിനേഷൻ ആണ്. ചായ പ്രേമികൾക്ക് മാത്രം ഇഷ്ടപ്പെടുന്ന നല്ല ഒന്നാന്തരം ഡെഡ്ലി കോമ്പിനേഷൻ. ബിരിയാണിയും കഴിച്ച്. റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള ഒരു പുസ്തക കടയിൽ നിന്ന് കുറച്ച് പുസ്തകങ്ങളും വാങ്ങി. ബീച്ചിലേക്ക് യാത്ര. അപ്പോഴേക്കും വെയില് കുറച്ച് തണുത്തു തുടങ്ങിയിരുന്നു. ബീച്ചിന്റെ കരയിലിരുന്ന് തിരകൾ എണ്ണി അങ്ങനെ ഇരുന്നു. കയ്യിൽ കരുതിയിരുന്ന ഒരു പുസ്തകം എടുത്ത് വായന തുടങ്ങി. അപ്പോഴേക്കും ഒരു വെള്ള സാരിയുടുത്ത് അമ്മച്ചി മക്കളെ കൈ നോക്കട്ടെ എന്നും പറഞ്ഞു വന്നു. മകൾക്ക് ഇനി വരാൻ പോകുന്നത് നല്ല കാലമാണ്. നല്ല ജോലി നല്ലൊരു പയ്യനെ വിവാഹം കഴിക്കാം… 100 രൂപ തന്നാൽ ബാക്കി പറയാം. അത്രയും കേട്ടതോട് കൂടി എനിക്കറിയാനുള്ളതൊക്കെ കിട്ടി. ഇനി 100 രൂപ കൊടുത്ത് ബാക്കി കേൾക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ട് എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. ചേച്ചിയുടെ മുഖം മാറി. ആദ്യം ചിരിച്ചു കൊണ്ടുവന്ന ചേച്ചി പറഞ്ഞു. നീയൊന്നും ഒരുകാലത്ത് നന്നാവില്ല. ആ പ്രാക്ക് ആണെന്ന് തോന്നുന്നു ഇതുവരെ നന്നായിട്ടില്ല. വെറുതെ നൂറു രൂപ കൊടുത്താൽ മതിയായിരുന്നു. അല്ലെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണല്ലോ പറയുന്നത്. അങ്ങനെ ആ പ്രാക്കും കേട്ട് കുറച്ച് കടലയും കൊറിച്ച് അവിടെ തന്നെ ഇരുന്നു. ഒരുപാട് കാക്കകൾ ചുറ്റിനും വരുന്നുണ്ട്. ടോവിനോ തോമസിനെ എആർഎം ചിത്രത്തിൽ സുരഭി പറയുന്നതുപോലെ അല്ലെങ്കിലും കൂട്ടുകൂടാൻ കാക്കയും പൂച്ചയും തന്നെയാണ് നല്ലത്. കാക്കയോട് കുറേനേരം എന്തൊക്കെയോ പറഞ്ഞു. സമയം പോയതറിഞ്ഞില്ല. ഇരിപ്പിടത്തിൽ നിന്ന് മെല്ലെ എഴുന്നേറ്റു നടത്തം റെയിൽവേ സ്റ്റേഷനിലോട്ട് ആക്കി. റെയിൽവേ സ്റ്റേഷനിൽ എത്തിയതും കൃത്യമായി ട്രെയിൻ വന്നു നിൽപ്പുണ്ട്. പിന്നെ ഒന്നു നോക്കിയില്ല ട്രെയിനിൽ അങ്ങ് ചാടി കേറി. ഭാഗ്യത്തിന് സീറ്റും കിട്ടി. സീറ്റ് കിട്ടിയില്ലെങ്കിൽ മുകളിലുള്ള ബെർത്തിലേക്ക് വലിഞ്ഞുകയറുന്നത് സ്ഥിരം പരിപാടിയാണ്. അതിന്റെ ആവശ്യം ഇപ്രാവശ്യം വന്നില്ലായിരുന്നു. അങ്ങനെ പാട്ടും കേട്ട് യാത്ര വീട്ടിലേക്കായി. ആദ്യത്തെ കോഴിക്കോട് യാത്ര അതും ഒറ്റയ്ക്കുള്ളത് എന്തോ ലോകം കീഴടക്കിയ സന്തോഷവും ആത്മവിശ്വാസവും കൊണ്ട് മനസ്സിൽ ഇന്ന് മായാതെ നിറഞ്ഞു നിൽപ്പുണ്ട്. അന്ന് തുടങ്ങിയ ഒറ്റക്കുള്ള യാത്രയാണ് ഇന്നും അതിനൊരു അന്ത്യം വന്നിട്ടില്ല. യാത്ര ചെയ്യുന്തോറും അതിനോടുള്ള ലഹരി മൂത്ത മൂത്ത് വരുന്നു. ഇനിയും ഇനിയും യാത്ര ചെയ്യണം ഒരുപാട് ഒരുപാട് ദൂരെ ഒറ്റയ്ക്ക്.