പൂരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ആശങ്കകള്‍ പരിഹരിക്കപ്പെടുക തന്നെ ചെയ്യണം. ഒന്നും സ്വകാര്യമായി വെക്കാന്‍ കഴിയില്ലെന്നും തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും അതിന് ശേഷവും ആശങ്കകള്‍ ബാക്കിയുണ്ടെങ്കില്‍ ഇടപെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വങ്ങള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് പൂരം എക്‌സിബിഷന്‍ മുടങ്ങാന്‍ പോകുന്നുവെന്ന് ഒരുഘട്ടത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിരുന്നു.
മുഖ്യമന്ത്രി നേരിട്ട് ഇരു ദേവസ്വം ബോര്‍ഡുകളെയും ഇരുത്തി ആ പ്രശ്‌നത്തിന് ഒരു പരിഹാരം കാണുകയും ചെയ്തു. തുടര്‍ന്ന് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കോടതി ഇടപെടലുണ്ടായി. ആ ഘട്ടത്തിലും സര്‍ക്കാരും സര്‍ക്കാര്‍ അഭിഭാഷകനും ഇടപെട്ടു. ആദ്യഘട്ടം മുതല്‍ തന്നെ സര്‍ക്കാര്‍ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും നടത്തിയെന്നും മന്ത്രി പറഞ്ഞു.