പി വി അന്‍വറിനെ തള്ളി സിപിഎം. പരസ്യപ്രതികരണങ്ങളില്‍ നിന്നും അന്‍വര്‍ പിന്മാറണം. പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്നതാണ് അന്‍വറിന്റെ നടപടികള്‍. അന്‍വറിന്റെ ആരോപണങ്ങള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആക്രമിക്കാനുള്ള ആയുധമായി മാറി. അന്‍വറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
പി വി അന്‍വര്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ചില പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് നല്കിയ പരാതിയിലും അന്വേഷണം നടക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അന്‍വര്‍ പരസ്യ പ്രതികരണങ്ങള്‍ തുടരുകയാണ്. ഇത് ാെരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ് പറയുന്നു.
ഇത്തരം നിലപാടുകള്‍ തിരുത്തി അന്‍വര്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പി വി അന്‍വര്‍ ആരോപണം ഉന്നയിച്ച എഡിജിപി എം ആര് അജിത് കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും പിന്തുണച്ചു കൊണ്ടാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. പി വി അന്‍വറിന്റെ രാഷ്ട്രീയ അസ്തിത്വത്തെ മുഖ്യമന്ത്രി തള്ളിപ്പറയുകയും ചെയ്തിരുന്നു.