നടനും എംഎല്‍എയുമായ മുകേഷ്, ജയസൂര്യ, മണിയന്‍ പിള്ള രാജു, ഇടവേള ബാബു ഉള്‍പ്പടെയുള്ളവര്‍ക്കതിരെ പീഢനപരാതി നല്‍കിയ നടയ്‌ക്കെതിരായുള്ള പോക്‌സോ കേസ് തമിഴ്‌നാട് പോലീസിലേക്ക് മാറ്റും.കേസിന് ആധാരമായ സംഭവം നടന്നത് ചെന്നൈയില്‍ ആയതിനാലാണ് അന്വേഷണം തമിഴ്‌നാട് പോലീസിലേക്ക് ഏല്‍പ്പിക്കാന്‍ പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച നിയമവശങ്ങള്‍ മനസ്സിലാക്കിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പോലീസ് ആസ്ഥാനത്തുനിന്നും ഇത് സംബന്ധിച്ച കൃത്യമായ നിര്‍ദ്ദേശം ലഭിച്ചതിനുശേഷം ആയിരിക്കും റൂറല്‍ പോലീസ് തമിഴ്‌നാട് പോലീസിനെ കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് സൂചന.
പോക്‌സോ കേസിന് ആധാരമായ സംഭവം നടന്നത് 2014 ആയിരുന്നു. 16 വയസ്സുള്ളപ്പോള്‍ ചെന്നൈയില്‍ ഒരു ഓഡിഷന്‍ ഉണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടത് മുന്‍പേ പറഞ്ഞ നടിയായിരുന്നു. തന്റെ ബന്ധുകൂടിയായ ഇവര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് ഓഡിഷന് പോയത്. ആലുവ സ്വദേശിനിയായ നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍, കേസിനാസ്പദമായ സംഭവം നടന്നത് ചെന്നൈയിലായതിനാലാണ് തുടര്‍നടപടികളില്‍ ആശയക്കുഴപ്പമുണ്ടായത്. ഇതോടെ റൂറല്‍ പോലീസ് പോലീസ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് കൈമാറി. ഇവിടെത്തന്നെ അന്വേഷണം നടത്താമെന്ന് പോലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശം ലഭിച്ചാല്‍ കേസിന്റെ തുടര്‍നടപടികളിലേക്ക് പോലീസ് കടക്കും. അതല്ല, അന്വേഷണം നടത്തേണ്ടത് തമിഴ്‌നാട് പോലീസാണെന്ന നിര്‍ദേശം ലഭിച്ചാല്‍ കേസ് തമിഴ്‌നാട് പോലീസിന് കൈമാറും. അതിനിടെ, പരാതിക്കാരിയോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നടിക്ക് പെണ്‍വാണിഭസംഘവുമായി ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. പോക്‌സോ കേസിലെ പ്രതിയായ നടി നേരത്തെ മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരേ പീഡനാരോപണം ഉന്നയിച്ചിരുന്നു. മുകേഷ്, ജയസൂര്യ, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയായിരുന്നു നടിയുടെ ആരോപണം.