അമേരിക്കയിലെ അലബാമ സ്റ്റേറ്റില്‍ ബര്‍മിങ്ഹാം നഗരത്തിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 11.00 ടെ അലബാമയിലെ തെക്കന്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. അലബാമ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന ഇടമാണിത്. റെസ്റ്റോറന്റുകളും ബാറും ഉള്‍പ്പെടുന്ന ഈ മേഖല താരതമ്യേന തിരക്കേറിയ ഇടമാണ്.
അപകടത്തിന് പിന്നില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബര്‍മിങ്ഹാം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബര്‍മിങ്ഹാമിലെ ഫൈവ് പോയിന്റ് സൗത്ത് ഏരിയയിലെ മഗ്‌നോലിയ അവന്യൂവിന് അടുത്ത് 20ാം സ്ട്രീറ്റിലായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു.
വെടിവെപ്പ് നടക്കുന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും മരിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിലൊരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. ആരാണ് വെടിവെച്ചതെന്നോ ആക്രമണത്തിന്റെ ഉദ്ദേശമെന്തെന്നോ വ്യക്തമല്ല. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേര് വിവരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.