ന്യൂഡൽഹി: രാജിക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. അഴിമതി നടത്താനോ പണം സമ്പാദിക്കാനോ വന്നതല്ല, രാജ്യത്തിൻ്റെ രാഷ്ട്രീയം മാറ്റാനാണ് ഞാൻ വന്നത്. ആരോപണങ്ങൾ വേദനിപ്പിച്ചതിനാലാണ് മുഖ്യമന്ത്രി പദത്തിൽനിന്നു രാജിവച്ച് പുറത്തുപോയതെന്ന് അദ്ദേഹം പ്രതികരിച്ചു. താൻ സത്യസന്ധനല്ലെങ്കിൽ, സൗജന്യ വൈദ്യുതിക്ക് വേണ്ടിയുള്ള മൂവായിരം കോടി തനിക്ക് ധൂർത്തടിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘അഴിമതി ആരോപണങ്ങൾ വേദനിപ്പിച്ചതിനാലാണ് ഞാൻ രാജിവച്ചത്. ഞാനാകെ സ്വീകരിച്ചിട്ടുള്ളത് ബഹുമാനമാണ്, പണമല്ല. കഴിഞ്ഞ പത്തു വർഷമായി സത്യസന്ധമായി ഭരണം നടത്തിവരികയാണ്. വൈദ്യുതിയും വെള്ളവും സൗജന്യമായി നൽകി. ജനങ്ങൾക്കുളള ചികിത്സ സൗജന്യമാക്കി. വിദ്യാഭ്യാസം മെച്ചപ്പെട്ടതാക്കി. ഞങ്ങൾക്കെതിരെ വിജയിക്കണമെങ്കിൽ ഞങ്ങളുടെ സത്യസന്ധതയ്ക്കെതിരെ ആക്രമണം നടത്തണമെന്ന് മോദി മനസ്സിലാക്കി. കേജ്‌രിവാളും സിസോദിയയും എഎപിയും സത്യസന്ധരല്ലെന്ന് വരുത്തിത്തീർക്കാനും നേതാക്കളെ ജയിലിൽ അടയ്ക്കാനും അദ്ദേഹം ഗൂഢാലോചന നടത്തി.’’–അദ്ദേഹം ആരോപിച്ചു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിലായ കേജ്‌രിവാൾ ഈ മാസം ആദ്യമാണ് രാജിവയ്ക്കുന്നത്. ജാമ്യം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവേശിക്കുന്നതിന് സുപ്രീം കോടതി അനുവാദം നൽകിയിരുന്നില്ല. തുടർന്ന് കേജ്‌രിവാൾ രാജിവയ്ക്കുകയും അതിഷി പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.
‘‘നേതാക്കന്മാർക്ക് നല്ല തൊലിക്കട്ടിയാണ്. അഴിമതി ആരോപണങ്ങൾ അവരെ ബാധിക്കില്ല. ഞാൻ നേതാവല്ല, അതിനാൽ എന്നെ അതു ബാധിച്ചു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ വസതി ഞാൻ ഒഴിയും. എനിക്ക് ഒരു വീടു പോലുമില്ല. പത്തുവർഷം കൊണ്ട് ഞാനാകെ സമ്പാദിച്ചത് ജനങ്ങളുടെ സ്നേഹമാണ്. അതുകൊണ്ടാണ് എന്റെ വീട് സ്വീകരിക്കൂ എന്നുപറഞ്ഞ് നിരവധി പേർ എന്നെ വിളിക്കുന്നത്. നവരാത്രി ആരംഭിക്കുന്നതോടെ മുഖ്യമന്ത്രി വസതി വിടുന്ന ഞാൻ നിങ്ങളിലൊരാളുടെ വീട്ടിൽ താമസിക്കാനെത്തും.’’–കേജ്‌രിവാൾ പറഞ്ഞു.
മുഖ്യമന്ത്രി ഓഫിസിൽ പ്രവേശിക്കാനാകില്ലെന്ന സുപ്രീംകോടതിയുടെ നിർദേശമുള്ളതിനാലാണ് കേജ്‌രിവാൾ രാജിവച്ചതെന്നാണ് ബിജെപി പറയുന്നത്.
content highlight: i-resigned-because-arvind-kejriwal-reveals