Sports

ചെപ്പോക്കില്‍ ഇന്ത്യക്ക് മിന്നും വിജയം; ഹോ ഗ്രൗണ്ടില്‍ തിളങ്ങിയ അശ്വിന്‍ കളിയിലെ താരമായി

ഹോം ഗ്രൗണ്ടായ ചെപ്പൊക്കില്‍ രവിചന്ദ്രന്‍ അശ്വിന്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ബംഗ്ലാദേശിനെതിരായിട്ടുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം. ഒന്നാം ഇന്നിംങ്‌സില്‍ ബാറ്റിങ് കരുത്തില്‍ സെഞ്ച്വറി നേടി ടീമിന് മികച്ച ടോട്ടല്‍ നല്‍കുകയും രണ്ടാം ഇന്നിങ്‌സില്‍ തന്റെ ഓഫ് സ്പിന്‍ ബോളിങിളുടെ ആറ് വിക്കറ്റ് നേടുകയും ബംഗ്ലാദേശിനെ 234 റണ്‍സില്‍ എറിഞ്ഞിടാന്‍ നേതൃത്വം വഹിച്ച അശിനാണ് ഇന്ത്യയുടെ വിജയ ശിള്‍പ്പിയും മാന്‍ ഓഫ് ദി മാച്ചും. നാലിന് 158 എന്ന നിലയില്‍ ഞായറാഴ്ച കളിയാരംഭിച്ച ബംഗ്ലാദേശിന് ടോട്ടല്‍ 234 റണ്‍സേ നേടാനായുള്ളൂ. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (127 പന്തില്‍ 82) ഇന്നിങ്‌സ് മാത്രം ബംഗ്ലാദേശ് നിരയില്‍ ബാറ്റിങ്ങില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചുള്ളു. നാലാം ദിനം കളിയാരംഭിക്കുമ്പോള്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും സീനിയര്‍ താരം ഷാക്കിബുള്‍ ഹസനും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധിക സമയം പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 4-194 റണ്‍സില്‍ നില്‍ക്കവേ അശ്വിന്റെ പന്തില്‍ യശ്വസി ജയ്‌സാളിന് ക്യാച്ച് നല്‍കി 25 റണ്‍സ് എടുത്ത് ഷാക്കിബ് മടങ്ങി. പിന്നീട് വന്നവര്‍ക്ക് ക്രീസില്‍ പിടിച്ചു നില്‍ക്കാനായില്ല. എട്ടാമനായാണ് നജ്മുല്‍ ഹുസൈന്‍ പുറത്തായത്. ലിറ്റണ്‍ ദാസ് (1), മെഹിദി ഹസന്‍ മിറാസ് (8), തസ്‌കിന്‍ അഹ്മദ് (5) എന്നിവരും മടങ്ങിയതോടെ വിജയ മണി ഇന്ത്യ മുഴക്കി.

21 ഓവറില്‍ 88 റണ്‍സ് വഴങ്ങിയാണ് അശ്വിന്റെ ആറുവിക്കറ്റ് നേട്ടം. 15.1 ഓവറില്‍ 58 റണ്‍സ് വഴങ്ങി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഇരുവരും ബാറ്റുകൊണ്ട് ബംഗ്ലാദേശിന്റെ അന്തകരായപ്പോള്‍, രണ്ടാം ഇന്നിങ്‌സില്‍ അത് പന്തുകൊണ്ടാക്കി മാറ്റി. രണ്ടുപേരും നടത്തിയ ഓള്‍റൗണ്ട് മികവാണ് നേരത്തെയുള്ള ഈ വിജയം സാധ്യമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 144ന് ആറ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അശ്വിന്റെ സെഞ്ചുറിയും (113) ജഡേജയുടെ തകര്‍പ്പന്‍ പ്രകടനവും (86) റണ്‍സ് ആണ് രക്ഷിച്ചിരുന്നത്. ഇരുവരും ഏഴാംവിക്കറ്റില്‍ 199 റണ്‍സിന്റെ കൂട്ടകെട്ടുയര്‍ത്തി.

സാക്കിര്‍ ഹസന്‍ (33), ശദ്മാന്‍ ഇസ്‌ലാം (35), മൊമീനുല്‍ ഹഖ് (13), മുഷ്ഫിഖുര്‍റഹീം (13) എന്നിവര്‍ മൂന്നാംദിനംതന്നെ പുറത്തായിരുന്നു. ബുംറ ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്‌സില്‍ ഒന്നും അടക്കം അഞ്ച് വിക്കറ്റുകളാണ് ആകെ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നേടിയ ജഡേജയുടെ ആകെ നേട്ടവും അഞ്ചായി. അശ്വിന് ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ചുറികളായിരുന്നു രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ കരുത്ത്. ഇതിനിടെ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് രണ്ട് ഇന്നിങ്‌സിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും ബലത്തില്‍ 376 റണ്‍സ് ഉയര്‍ത്തിയിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.