India

ദുർ​ഗാ പൂജയ്ക്ക് ഇന്ത്യയിലേക്ക് 3000 ടൺ ഹിൽസയെത്തും; നിരോധനം നീക്കി ബംഗ്ലാദേശ്

ദുർഗാ പൂജ വേളയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ആവിയിൽ വേവിച്ച ഹിൽസ.

‌ദുർ​ഗാ പൂജയോടനുബന്ധിച്ച് ഇന്ത്യയിലേക്ക് ഏറെ ജനപ്രിയമായ ഹിൽസ മത്സ്യം എത്തും. പശ്ചിമബം​ഗാൾ അടങ്ങുന്ന ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ഏറെ പ്രചാരത്തിലുള്ള ഹിൽസയുടെ കയറ്റുമതി നിരോധനം ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ പിൻവലിച്ചു. ഇതോടെ, ദുർ​ഗാ പൂജയുമായി ബന്ധപ്പെട്ട് 3000 ടൺ ഹിൽസ മത്സ്യം ഇന്ത്യയിലെത്തും. ദുർഗാ പൂജ സമയത്ത് മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം.

ആഭ്യന്തര വിപണിയിലെ ലഭ്യത വർധിപ്പിക്കാനായി ഈ വർഷം ഇന്ത്യയിലേക്ക് ഹിൽസ മത്സ്യം കയറ്റുമതി ചെയ്യേണ്ടതില്ലെന്ന് സെപ്റ്റംബർ ആദ്യവാരം മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാർ തീരുമാനിച്ചിരുന്നു. ബംഗ്ലാദേശിലെ ജനങ്ങൾക്ക് ഹിൽസയുടെ ലഭ്യത ഉറപ്പുവരുത്താനായാണ്‌ കയറ്റുമതി നിരോധിച്ചതെന്നായിരുന്നു വാദം. ഈ തീരുമാനമാണ് ഇപ്പോൾ പുനഃപരിശോധിച്ചിരിക്കുന്നത്.

ബംഗാളിലേക്ക് ഹിൽസ മത്സ്യം കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യാപാരികളിൽനിന്ന് സെപ്റ്റംബർ 24നു മുമ്പ് അപേക്ഷകൾ സ്വീകരിക്കാൻ ബംഗ്ലാദേശ് വാണിജ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിബന്ധനകൾക്ക് വിധേയമായാണ് കയറ്റുമതി. ലോകത്തെ ഹിൽസ ഉൽപാദനത്തിന്റെ 70 ശതമാനവും ബം​ഗ്ലാദേശിലാണ്. ഇതിൽ കൂടുതലും കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. ഇന്ത്യൻ വിപണിയിൽ ദുർഗാ പൂജ ഉത്സവസമയത്തും മറ്റ് ആഘോഷവേളകളിലും ഹിൽസ മത്സ്യത്തിന് വലിയ ഡിമാൻഡാണ്.

പശ്ചിമ ബം​ഗാളിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന മത്സ്യമായ ഹിൽസ ദുർഗാ പൂജയുൾപ്പെടെയുള്ള ആഘോഷവേളകളിൽ വിശിഷ്ട വിഭവങ്ങളിലൊന്നായാണ് ഉപയോഗിക്കുന്നത്‌. ഇലിഷ് എന്ന പേരിലും അറിയപ്പെടുന്ന ഈ മീൻ ബംഗാളി വിഭവങ്ങളിൽ പ്രധാനമാണ്. ദുർഗാ പൂജയുടെ ആഘോഷങ്ങൾ അടുത്തിരിക്കെ മത്സ്യക്കയറ്റുമതി നിരോധിച്ചത് ചർച്ചയായിരുന്നു. പശ്ചിമ ബംഗാളിലെ മത്സ്യപ്രേമികളെ ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ തീരുമാനം.