അന്താരാഷ്ട്ര തൊഴിൽ വിപണി സമ്മേളനം രണ്ടാം പതിപ്പിന് ജനുവരിയിൽ റിയാദ് ആതിഥേയത്വം വഹിക്കും. ദ്വിദിന സമ്മേളനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള തൊഴിൽ വിപണികളുടെ ‘ഭാവിയും വെല്ലുവിളികളും’ ചർച്ച ചെയ്യുന്ന ആഗോള സംവാദ വേദിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 40-ലധികം തൊഴിൽ മന്ത്രിമാർ പങ്കെടുക്കും.
മികച്ച അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ആധുനിക തൊഴിൽ വിപണി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് സൽമാൻ രാജാവിെൻറ പിന്തുണ നല്ല സ്വാധീനം ചെലുത്തുന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽ റാജ്ഹി പറഞ്ഞു.
അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനുള്ള ഒരു ആഗോള സംഭാഷണ സംവിധാനം സ്ഥാപിക്കുന്നതിനും ‘വിഷൻ 2030’െൻറ അഭിലാഷ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണിയുടെ ഭാവി രൂപപ്പെടുത്തുന്ന തന്ത്രപരമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിനും ഈ പതിപ്പിന് വളരെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.