Travel

കടുക് പൂക്കുന്ന ബംഗാളിലെ ചക്ള എന്ന ഗ്രാമത്തെ കുറിച്ച് അറിയാം

ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചക്ക്ള. പതിനെട്ട് – പത്തൊന്പത് നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ലോക്നാഥ് ബാവ എന്ന മനുഷ്യന് ദൈവിക പരിവേഷം ലഭിച്ചതിന്റെ ഫലമാണ് ഈ ചക്ല ക്ഷേത്രം. ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് ഗ്രാമത്തിന്റെ ജീവിതം തന്നെ. ശൈത്യകാലമാണ്. പൊതുവെ രാത്രിയിൽ പത്തു മുതൽ പതിനഞ്ചു ഡിഗ്രി സെൽഷ്യസ്‌ വരെയാണ് ചക്ലയിലെ താപനില. ഏഴു ഡിഗ്രി വരെ താഴ്ന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. പകൽ വെയിലുണ്ടാകും. പക്ഷെ തണുപ്പും കൂട്ടിനുണ്ട്. കടുകെണ്ണയിൽ പാചകം ചെയ്യുന്ന ഭക്ഷണം ആണ് ഇവിടെ. ഭക്ഷണശേഷം മധുരമുള്ള എന്തെങ്കിലും വിളമ്പും. തരുന്ന ഓരോവിഭവങ്ങളും കഴിച്ചു കഴിഞ്ഞാലേ അടുത്ത വിഭവം വിളമ്പുകയുള്ളു. പലദിവസങ്ങളിൽ പല തരത്തിലുള്ള മധുര വിഭവങ്ങൾ ആണ്. വഴുതനങ്ങ പൊരിച്ചത് എല്ലാര്ക്കും ഇഷ്ടാകും. നിറയെ കച്ചവടക്കാരു കാരണം ക്ഷേത്രവഴി ഒരു ഗ്രാമച്ചന്ത പോലെ തോന്നി. ക്ഷേത്രത്തിലേയ്ക്ക് വേണ്ട സാധനങ്ങളും , പച്ചക്കറികളും പഴങ്ങളും എല്ലാം വില്പനയ്ക്കായി വച്ചിരിക്കുന്നു.

ക്ഷേത്രത്തിനു സമീപത്തായി ഒരു മരത്തിൽ നിറയെ ചെറിയ കല്ലുകൾ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. അങ്ങനെ ചെയ്താൽ ആഗ്രഹിച്ച കാര്യങ്ങൾ നടക്കുമെന്നാണ് ഗ്രാമത്തിലുള്ളവരുടെ വിശ്വാസം. ചിലയിടങ്ങളിൽ മണ്ണുകൊണ്ടുള്ള ഗ്ലാസ്സുകളാണ്. ഇവിടുത്തെ ചായ നല്ല ടേസ്റ്റ് ആണ്. പാൽപ്പൊടി ഉപയോഗിച്ചാണ് ചായ ഉണ്ടാകുന്നത്. നമ്മുടെ നാട്ടിലെ ചായയെ അപേക്ഷിച്ചു നന്നായി കുറുക്കിയാണ് അവർ ചായ ഉണ്ടാക്കുന്നത്. ചായയുടെ ഗ്ലാസ് ചെറുതായതു പോലെ തന്നെ വിലയും കുറവാണ്. മൂന്നു രൂപ മുതൽ അഞ്ചുരൂപ വരെയായിരുന്നു ചായയുടെ പൊതുവെയുള്ള നിരക്ക്. കാർഷിക ഗ്രാമമാണ് ചക്ക്ള. ഭൂരിഭാഗം ആളുകളും കൃഷിക്കാരാണ്. പലയിടത്തും കടുകുപാടങ്ങൾ മഞ്ഞപ്പരവതാനി വിരിച്ച പോലെ പൂത്തുനിൽക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പല പച്ചക്കറികളും പഴങ്ങളും അവിടെയും കൃഷി ചെയ്യുന്നുണ്ട്. വഴുതനയും ചീരയും മാങ്ങയും ഇളന്തക്കയും എല്ലാം ഇതിൽ ഉൾപെടുന്നുണ്ട്. ജാതിയും മതവും അന്ധവിശ്വാസങ്ങളും നിൽക്കുന്നുണ്ട്. , ആരോഗ്യ- വിദ്യാഭ്യാസ- അടിസ്ഥാനസൗകര്യ മേഖലകളിൽ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാത്ത ബംഗാളിലെ അനേകം ഗ്രാമങ്ങളിലൊന്നാണ് ചക്ക്ള. കാര്യമായ ഗതാഗത സൗകര്യങ്ങൾ ഇല്ല. ഓട്ടോറിക്ഷകൾ ഓരോ സ്ഥലത്തേക്കും നിശ്ചിത സമയത്ത് ബോർഡുകൾ വച്ച് ബസ്സുകൾ പോലെ സർവീസ് നടത്തുന്നുണ്ട്. വളരെ അപൂർവ്വമായി മാത്രമാണ് ബസ്സുകൾ ചക്ക്ളയിൽ ഉള്ളത്. അതിൽ നല്ലൊരു പങ്കും ക്ഷേത്രത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നവയാണ്. ഷീറ്റുകൊണ്ടോ ഓടുകൊണ്ടോ മേൽക്കൂര നിർമിച്ച, മണ്ണുകൊണ്ടോ, ചണത്തിന്റെ ബാക്കിവരുന്ന ഭാഗങ്ങൾ കൊണ്ടോ ഭിത്തിയും നിർമ്മിച്ചിട്ടുള്ളവയാണ് ഗ്രാമീണ വീടുകൾ. ഇഷ്ടിക കൊണ്ടുനിർമിച്ച, കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകളുമുണ്ട്.

ബംഗാൾ ഗ്രാമങ്ങളിൽ ശ്രദ്ധിച്ച മറ്റൊരു പ്രത്യേകതയാണ് കുളങ്ങളുടെ സാന്നിധ്യം. മിക്കയിടങ്ങളിലും ചെറുതും വലുതുമായ ധാരാളം കുളങ്ങൾ നമുക്ക് കാണാൻ സാധിക്കും. മീനുകളെയും താറാവിനെയും മറ്റും വളർത്താനും ജലസേചനത്തിനും വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാനും മറ്റും ഈ കുളങ്ങൾ ഉപയോഗിക്കുന്നു. കുടിവെള്ളത്തിനായി ചാമ്പ് പൈപ്പുകൾ ഉപയോഗിക്കുന്നുണ്ട്. തണുപ്പ് കാലമായതിനാൽ വളർത്തു മൃഗങ്ങൾക്കും തണുപ്പിൽ നിന്നും രക്ഷ നേടാൻ ഉടുപ്പുകൾ തയ്യാറാക്കി നൽകിയിട്ടുണ്ട് ഇവിടെയുള്ള ഗ്രാമവാസികൾ. ചക്ലയുടെ തൊട്ടടുത്ത ഗ്രാമമാണ് ഹരിങ്കോള. കടുക് പാടങ്ങൾക്കിടയിലൂടെ മനോഹരമായ നാട്ടുവഴി. നെല്ല് കൃഷി ചെയ്യുന്ന പാടങ്ങൾ കൊയ്ത്ത് കഴിഞ്ഞ് വരണ്ടുണങ്ങിയിരിക്കുന്നു. ചില റോഡുകൾ ടാർ ചെയ്തവയാണ്. മറ്റുള്ളവ മെറ്റൽ വിരിച്ചതോ മണ്ണിട്ടവയോ ആണ്. പാറയുടെ ലഭ്യതക്കുറവാണ് റോഡുകൾ മണ്ണിട്ടവയാകാനുള്ള കാരണം. വഴിയിൽ മിക്കവാറും വീടുകളുടെ മുൻവശങ്ങളിൽ ചില ഭാഗങ്ങളിൽ മാത്രം വട്ടത്തിൽ ചാണകം മെഴുകിയിരിക്കുന്നത് കാണാം . ഇത് ഭൂതം വരാതിരിക്കാനത്രേ! ഡോക്ടർമാരേക്കാൾ ഗ്രാമീണ ജനങ്ങൾക്ക് വിശ്വാസം മന്ത്രവാദികളെയാണ്. അടുപ്പിൽ തീ കത്തിക്കാനായി വിറകിനെക്കാൾ കൂടുതലായി അവർ ഉപയോഗിക്കുന്നത് ചാണകവറളി ആണെന്ന് തോന്നി. ഭൂരിഭാഗം വീടുകളുടെയും മുൻപിൽ ചാണകവറളികൾ ഉണക്കുന്നുണ്ട്. പൂട്ടിയ സ്കൂളുകളും, അംഗൻവാടികളും മന്ത്രവാദികൾ പൂട്ടിച്ച ആശുപത്രിയുടെ കെട്ടിടവുമൊക്കെ ആ യാത്രയിൽ കാണാം
Story Highlights ; Bengal travel