ഒമാന്റെ ആരോഗ്യമേഖലക്ക് കരുത്ത് പകർന്ന് മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഒരുങ്ങുന്ന സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ നിർമാണം പുരോഗമിക്കുന്നു. ഇതിനകം 60 ശതമാനത്തോളം പൂർത്തിയായി. 2025ന്റെ രണ്ടാം പകുതിയിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18,155 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ 1,82,00,000 റിയാൽ ചെലവിലാണ് ഇത് ഒരുക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഇവിടെയുണ്ടാകും.
മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന നിലവിലുള്ള എല്ലാ റഫറൻസ് പബ്ലിക് ഹെൽത്ത് ലബോറട്ടറികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് സെൻട്രൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ലബോറട്ടറീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. ഹനാൻ ബിൻത് സലേം അൽ കിന്ദി പറഞ്ഞു.
ലബോറട്ടറികളുടെ ഡയഗ്നോസ്റ്റിക് കഴിവുകൾ വർധിപ്പിക്കുകയും പൊതുജനാരോഗ്യത്തിന്റെയും സുപ്രധാന ആരോഗ്യ സുരക്ഷയുടെയും ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ലബോറട്ടറിയുടെ പ്രധാന കെട്ടിടത്തിൽ മൂന്ന് നിലകളാണുണ്ടാകുക. ഒന്നാം നിലയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസുകളും 130 പേർക്ക് താമസിക്കാൻ കഴിയുന്ന ഹാളും സാമ്പിളുകൾ സ്വീകരിക്കുന്നതിനുള്ള ഒരു വിണ്ടും ഉൾപ്പെടുന്നതാകും.