കേരള ക്രിക്കറ്റ് അസോസിയേഷന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടത്തിയ പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ കോഴ ആരോപണത്തില്‍ അന്വേഷണം തുടങ്ങി പോലീസ്. മത്സരങ്ങളില്‍ ഒത്തു കളിച്ചാല്‍ കോഴ നല്‍കാമെന്ന കാണിച്ച് രണ്ടു കളിക്കാരുടെ ഫോണില്‍ സന്ദേശം വന്നിരുന്നു. വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലാണ് സന്ദേശം വന്നത്. ടെലിഗ്രാം അക്കൗണ്ട് വഴി തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യന്‍ സംഘങ്ങളിലേക്ക് അന്വേഷണം നടത്താനാണ് തീരുമാനം. കളിക്കാരുടെ ഫോണുകളിലേക്ക് വന്നിരിക്കുന്നത് സന്ദേശം വിശദമായി പരിശോധിച്ച അന്വേഷണ സംഘം വിശദമായ പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ആദ്യം ഛത്തീസ്ഗഢില്‍നിന്നാണ് ഒരു കളിക്കാരന് കോഴ വാഗ്ദാനം ചെയ്ത് മൊബൈല്‍ ഫോണിലേക്ക് സന്ദേശമെത്തിയത്. വൈഡ്, നോബോള്‍ എന്നിവ എറിഞ്ഞാല്‍ ഓരോ പന്തിനും ഒരുലക്ഷം രൂപ വീതമായിരുന്നു വാഗ്ദാനം. ഒരോവറില്‍ തങ്ങള്‍ പറയുന്ന രീതിയില്‍ പന്തെറിഞ്ഞാല്‍ അഞ്ചുലക്ഷം രൂപ തരാമെന്നാണ് രണ്ടാം കളിക്കാരന് കിട്ടിയ വാഗ്ദാനം. കളിക്കാര്‍ വിവരമറിയിച്ചതനുസരിച്ച് ടീം മാനേജ്‌മെന്റ് ബി.സി.സി.ഐ. അധികൃതരെ കാര്യം ധരിപ്പിച്ചു. ബി.സി.സി.ഐ. നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നിയമവിരുദ്ധമായ ഗെയിമിങ്, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്‌റ്റേഷനുകളില്‍ കേസെടുത്തിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം കൃത്യമായറിയാന്‍ ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് നോഡല്‍ ഓഫീസര്‍മാരെയും ബന്ധപ്പെട്ടിട്ടുണ്ട്. കമ്പനികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് വിശ്വസിക്കുന്നത്.