ന്യൂയോര്ക്ക്: ഏതുരാജ്യത്ത് ജീവിച്ചാലും ഭാരതീയരെന്ന ഭാവം ഇല്ലാതാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമൂഹത്തിനിടയിൽ വിവിധ ഭാഷകളുണ്ട്. പഞ്ചാബി, ഗുജറാത്തി, മലയാളം എന്നിങ്ങനെ നിരവധി ഭാഷകൾ. ഭാഷകൾ വ്യത്യാസമുണ്ടെങ്കിലും നമ്മുടെ ഭാവം ഒന്നുമാത്രമാണ്. അത് ഭാരതമാതാവിന്റെ ഭാവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള നസ്സൗ കൊളീസിയത്തിൽ ഒത്തുകൂടിയ ഇന്ത്യൻ സമൂഹത്തെയായിരുന്നു മോദി നേരിൽ കണ്ട് സംവദിച്ചത്. നിങ്ങൾ ഏഴ് കടലുകൾ കടന്നു വന്നതായിരിക്കാം, എന്നാൽ ഒരു സമുദ്രത്തിനും നിങ്ങളെ ഇന്ത്യയിൽ നിന്ന് അകറ്റാൻ കഴിയുന്നത്ര ആഴമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നാം എവിടെ പോയാലും, എല്ലാവരെയും ഒരു കുടുംബമായി അംഗീകരിക്കുകയും, വൈവിധ്യത്തെ മനസ്സിലാക്കുകയും ചെയ്യണമെന്നാണ് ഭാരതമാതാവ് നമ്മെ പഠിപ്പിച്ചത്.- പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോൾ നമ്മുടെ നമസ്തേ പോലും മൾട്ടിനാഷണലായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക പദം ആഗോളപദമായി മാറി. ഇതെല്ലാം ചെയ്തത് നിങ്ങൾ തന്നെയാണ്. നിങ്ങൾ പ്രകടിപ്പിക്കുന്ന ഈ സ്നേഹം തന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിന്റെ കഴിവുകളെക്കുറിച്ച് എനിക്ക് നേരത്തെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. യാതൊരു വിധത്തിലുള്ള ഔദ്യോഗിക ചുമതലയും ഇല്ലാതിരുന്നപ്പോൾ പോലും അതെനിക്ക് മനസിലായിട്ടുണ്ട്. പണ്ട്, ഞാൻ നേതാവോ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ലാതിരുന്ന കാലത്ത് കൗതുകത്തോടെ ഞാൻ ഇവിടെ വന്നിട്ടുണ്ട്. ഈ നാടിനെക്കുറിച്ച് പഠിക്കാൻ. ഒരു പദവിയും ഇല്ലാതിരുന്നപ്പോൾ പോലും അമേരിക്കയുടെ 29 സ്റ്റേറ്റുകളിൽ ഞാൻ സന്ദർശനം നടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയായപ്പോൾ സാങ്കേതികവിദ്യയുടെ മാധ്യമത്തിലൂടെ നിങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിച്ചു. 2014 ൽ മാഡിസൺ സ്ക്വയർ. 2019 ഹൂസ്റ്റൺ. ഇന്നിപ്പോൾ ന്യൂയോർക്കിലെത്തി. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളെല്ലാവരും ഇന്ത്യയുടെ അംബാസഡർമാരാണ്. അതുകൊണ്ടാണ് നിങ്ങളെ രാഷ്ട്രദൂതരെന്ന് ഞാൻ വിളിക്കുന്നത്. കാരണം നിങ്ങളാണ് ഇന്ത്യയെ അമേരിക്കയുമായും അമേരിക്കയെ ഇന്ത്യയുമായും ബന്ധിപ്പിച്ചത്. നിങ്ങൾ ഭാരതത്തെയും അമേരിക്കയേയും പരസ്പരം ബന്ധിപ്പിക്കുന്നു. നിങ്ങളുടെ കഴിവിനും നൈപുണ്യത്തിനും ബുദ്ധിക്കും പകരംവയ്ക്കാൻ മറ്റൊന്നില്ല.
content highlight: modi-paints-the-town-red-in-new-york-city