അങ്കോല: ഷിരൂരിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന് തെരച്ചിലിൽ പങ്കുചേരും. തിരച്ചിലിന് മേജർ ഇന്ദ്രബാലും നേവിയുടെയും എൻഡിആർ എഫിൻ്റെയും സംഘങ്ങളും പങ്കാളികളാവും. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. അസ്ഥിഭാഗം ഇന്ന് ഡി എൻ എ പരിശോധനയ്ക്ക് അയക്കും. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ ഇത് ഉറപ്പിക്കാനാവൂ. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ടാങ്കർ ലോറിയുടെ എഞ്ചിൻ്റെ ഭാഗവും ഒരു സ്കൂട്ടറും കണ്ടെത്തിയിരുന്നു. കൂടാതെ അർജുൻ്റെ ലോറിയിലുണ്ടായിരുന്ന കൂടുതൽ മരത്തടികളും കണ്ടെത്തി.