ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യക്കടലാസ് ചോർച്ചയിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻടിഎ) ക്ലീൻചിറ്റ് നൽകി സിബിഐ. ജാർഖണ്ഡ് ഹസാരിബാഗിലെ ഒയാസിസ് സ്കൂൾ കേന്ദ്രീകരിച്ചുള്ള സംഘമാണ് പേപ്പർ ചോർത്തിയത്. സ്കൂൾ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു ചോർത്തൽ. തട്ടിപ്പിൽ എവിടെയും എൻടിഎ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കണ്ടെത്താനായില്ലെന്നും 150 വിദ്യാർഥികൾക്കാണു ചോദ്യക്കടലാസ് ചോർച്ച കൊണ്ടു ഗുണം ഉണ്ടായതെന്നും സിബിഐ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ചോദ്യക്കടലാസ് വിതരണത്തിലും പ്രശ്നം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു സിബിഐ അധികൃതർ അറിയിച്ചു.
ചോദ്യക്കടലാസ് ചോർച്ച വിവാദമായതോടെയാണ് കേസ് സിബിഐക്കു കൈമാറിയത്. തുടർന്ന് അന്നത്തെ എൻടിഎ മേധാവി സുബോധ് കുമാർ സിങ്ങിനെ സ്ഥാനത്തുനിന്നു നീക്കിയിരുന്നു. എൻടിഎയുടെ പ്രവർത്തനങ്ങളും മറ്റും അവലോകനം ചെയ്യാൻ സുപ്രീംകോടതി നിർദേശ പ്രകാരം സർക്കാർ ഏഴംഗ സമിതിക്കു രൂപം നൽകുകയും ചെയ്തു. കേസിൽ ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ഡോ.അഖ്സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംത്യാസ് ആലം എന്നിവരുൾപ്പെടെ 48 പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. പേപ്പർ ചോർത്തിയ സംഘത്തിന്റെ തലവനെന്നു കരുതുന്ന സഞ്ജീവ് കുമാറിനെ പിടികൂടാനായിട്ടില്ല. ജൂൺ 4ന് നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 67 ഉദ്യോഗാർഥികൾ ഒന്നാം റാങ്ക് നേടി. ഇവരിൽ ചിലർ ഒരേ പരീക്ഷാ കേന്ദ്രത്തിലുള്ളവരായിരുന്നു എന്നു കണ്ടെത്തിയതിനു പിന്നാലെയാണു ചോദ്യക്കടലാസ് ചോർച്ച വിവാദമായത്.