ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ലേപാക്ഷി. ആന്ധ്ര-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ആന്ധ്രപ്രദേശില്‍ ആണെങ്കിലും ബെംഗളൂരു നഗരകേന്ദ്രത്തില്‍നിന്ന് 122 കിലോമീറ്റര്‍ മാത്രമേ ഇവിടേക്ക് ദൂരമുളളൂ. ലേപാക്ഷിയിലെ ക്ഷേത്രം, ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം എന്നാണറിയപ്പെടുന്നത്. ശിവന്റെ അവതാരമായ വീരഭദ്രസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇവിടെ ഭഗവാന്‍ കിഴക്കോട്ട് അഭിമുഖമായി നില്‍ക്കുന്നു. ശിവന്റെ പത്‌നിയായ ദുര്‍ഗ്ഗാദേവി എന്നാണ് ഇവിടെ പാര്‍വതിയായ് അറിയപ്പെടുന്നത്.രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്ന നഗരമാണ് ലേപാക്ഷി. രാമന്‍ ഹനുമാന്റെ കൂടെ ലങ്കയിലേക്കുള്ള യാത്രയില്‍ ജഡായുവിനെ കണ്ടുമുട്ടി. വെട്ടേറ്റു ചിറകറ്റ് കിടക്കുന്ന ജഡായുവിനെ കണ്ട് അടുത്തുചെന്ന രാമന്‍ ‘ലേ പക്ഷി’ എന്നു പറഞ്ഞുവെന്നാണ് പുരാണത്തില്‍ പറയുന്നത്. ‘എഴുന്നേല്‍ക്കുക പക്ഷി’ എന്നാണ് ഈ വാക്കുകളുടെ അര്‍ഥം. ആ വാക്കുകള്‍ ചേര്‍ന്ന് ലേപാക്ഷി എന്ന ഒറ്റവാക്കുണ്ടായി എന്നാണ് വിശ്വാസം. ലേപാക്ഷി ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് മുന്നിലുള്ള വൃക്ഷം ‘നന്ദി മരം അല്ലെങ്കില്‍ കാതല്‍ വൃക്ഷം എന്നാണ് അറിയപ്പെടുന്നത്. വലുതും പുരാതനവുമായ ഒരു ആല്‍മരമാണ് ഇത്.
ഈ വൃക്ഷം നൂറ്റാണ്ടുകളായി അവിടെ ഉണ്ടെന്നും സാമ്രാജ്യങ്ങളുടെ ഉയര്‍ച്ചയ്ക്കും തകര്‍ച്ചയ്ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നുമാണ് ഐതിഹ്യം. വീരഭദ്ര ക്ഷേത്രത്തിന്റെ നിര്‍മ്മാണ വേളയില്‍ വിദഗ്ദര്‍ ഈ മരം അവരുടെ അളവുകള്‍ക്കും വിന്യാസത്തിനുമായി ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിലെ നന്ദി പ്രതിമ ഏറെ പ്രസിദ്ധമാണ്. ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ നന്ദി പ്രതിമ വലതുഭാഗത്തായി കാണാം. 27 അടി നീളവും 15 അടി ഉയരവുമുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ നന്ദി പ്രതിമയാണിത്. പ്രതിമയ്ക്ക് ചുറ്റും ഒരു പാര്‍ക്കും നിര്‍മ്മിച്ചിട്ടുണ്ട്. ഒരു കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളൂ അവിടെനിന്നും ക്ഷേത്രത്തിലേക്ക്.സ്വന്തം വസ്ത്രം നിലത്തിനും തൂണിനും ഇടയിലുള്ള വിടവിലൂടെ കടത്തിയാല്‍ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ദുഃഖങ്ങള്‍ക്ക് ശാന്തി ലഭിക്കുകയും ചെയ്യുമെന്നാണ് ക്ഷേത്രത്തിലെ വിശ്വാസം. പുരുഷന്മാരുടെ ഡ്രസ് കോഡ് ഷര്‍ട്ടും ട്രൗസറും, ധോത്തി അല്ലെങ്കില്‍ പൈജാമ എന്നിവയാണ്. സ്ത്രീകളുടെ ഡ്രസ് കോഡ് സാരി അല്ലെങ്കില്‍ ഹാഫ് സാരി അല്ലെങ്കില്‍ പൈജാമയും ചുരിദാറുമാണ്. ഷോര്‍ട്ട്‌സ്, മിനി സ്‌കര്‍ട്ടുകള്‍, മിഡികള്‍, സ്ലീവ്ലെസ് ടോപ്പുകള്‍ ലോ-വെയ്സ്റ്റ് ജീന്‍സ്, നീളം കുറഞ്ഞ ടി-ഷര്‍ട്ടുകള്‍ എന്നിവ ക്ഷേത്രത്തിനുളളില്‍ അനുവദനീയമല്ല.
STORY HIGHLIGHTS: Lepakshi Temple Andhra Pradesh