Health

ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? പ്രമേഹത്തിന്റെ ആകാം

ലക്ഷണങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പ്രമേഹത്തെ പ്രതിരോധിക്കാനാകും

ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പ്രമേഹം. പ്രമേഹത്തിന് മുന്നോടിയായി ശരീരം നമുക്ക് ചില ലക്ഷണങ്ങള്‍ കാണിച്ച് തരാറുണ്ട്. ഇവ കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പ്രമേഹത്തെ പ്രതിരോധിക്കാനാകും. അതിന് ആദ്യം പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണം. അവയാണ്..

ശരീരത്തില്‍ ഉണ്ടാകുന്ന കറുപ്പ്

മുഖത്തും കഴുത്തിലുമായി കറുപ്പ് കണ്ടാല്‍ അവഗണിക്കരുത്. ടൈപ്പ് 2 പ്രമേഹമുള്ളവരിലാണ് ഈ ലക്ഷണം കാണുക. ശരീരത്തില്‍ അധിക ഇന്‍സുലിന്‍ അടിഞ്ഞു കൂടുന്നുവെന്നതിന്റെ സൂചനയാണിത്. കക്ഷത്തിലും ഈ പാടുകള്‍ ചിലപ്പോള്‍ കാണാനാകും.

അമിതമായ വിശപ്പ്

നിങ്ങളുടെ ശരീരം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ ഗ്ലൂക്കോസാക്കി മാറ്റുന്നു. കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് കൊണ്ടുവരാന്‍ ഇന്‍സുലിന്‍ ആവശ്യമാണ്. നിങ്ങള്‍ക്ക് പ്രമേഹം ഉള്ളപ്പോള്‍ നിങ്ങളുടെ പേശികള്‍ക്ക് ആവശ്യമായ ഊര്‍ജം ഭക്ഷണത്തില്‍ നിന്ന് ലഭിക്കാതെ വരുകയും ഈ ഊര്‍ജ്ജത്തിന്റെ അഭാവം വിശപ്പിന് കാരണമാകുകയും ചെയ്യുന്നു.

മുറിവ് ഉണങ്ങാതിരിക്കുക

പ്രമേഹം ഉളളവരില്‍ മുറിവ് ഉണങ്ങുന്ന പ്രക്രിയ പതുക്കെയായിരിക്കും സംഭവിക്കുക. ചെറിയ മുറിവുകള്‍ പോലും സുഖപ്പെടാന്‍ കൂടുതല്‍ സമയമെടുത്തേക്കാം. ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മങ്ങിയ കാഴ്ച

കാഴ്ച മങ്ങുന്നത് പ്രമേഹത്തിന്റെ ഒരു ലക്ഷണമാണ്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര കാരണം കണ്ണുകളിലെ ടിഷ്യൂകളില്‍ നിന്ന് ദ്രാവകം പുറത്തേക്ക് ഒഴുകാം. ഇത് കാഴ്ച മങ്ങുന്നതിന് കാരണമാകുന്നു.

പെട്ടെന്നുളള ഭാരക്കുറവ്

പ്രമേഹമുള്ള ആളുകള്‍ക്ക് പെട്ടെന്ന് ഭാരം കുറയുന്നു. ശരീരത്തിന് ഇന്‍സുലിന്‍ ശരിയായി ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കോശങ്ങള്‍ക്ക് ഊര്‍ജത്തിനാവശ്യമായ ഗ്ലൂക്കോസ് ലഭിക്കില്ല. അപ്പോള്‍ ശരീരം ഊര്‍ജത്തിനായി കൊഴുപ്പ് എരിച്ചു കളയാന്‍ തുടങ്ങും. ഇത് ശരീരഭാരം പെട്ടെന്ന് കുറയുന്നതിന് കാരണമാകുന്നു.

കൈകാലുകള്‍ക്ക് ഉണ്ടാകുന്ന മരവിപ്പ്

പ്രമേഹത്തിന്റെ സങ്കീര്‍ണത കൂടുമതോറും കൈകളിലും കാലുകളിലും മരവിപ്പ് ഉണ്ടാകുന്നു. ഇത് ശരീരത്തിലെ പരുക്കുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഇമോഷന്‍സ് നിയന്ത്രിക്കാനാകാതെ വരുക

പെട്ടെന്നുള്ള ദേഷ്യവും സങ്കടവുമെല്ലാം ബ്ലഡ് ഷുഗറിലെ വ്യത്യാസം കൊണ്ട് സംഭവിക്കുന്നതാകാം. ഇത് പ്രമേഹത്തിന്റെ സൂചനയാണ്.

STORY HIGHLIGHTS: Symptoms of diabetes