സൗദിയിൽ ദേശീയ ദിനം അടുത്തിരിക്കെ രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കുന്നതിൽ മാർഗ്ഗ നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. നിറം മങ്ങിയതും കേടുപാടുകൾ സംഭവിച്ചതുമായ പതാകകൾ ഉപയോഗിക്കരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. പതാകയിൽ വാണിജ്യമുദ്രകൾ പതിപ്പിക്കുന്നതും പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നതും ശിക്ഷാർഹമായിരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സൗദിയിൽ 94-ാമത് ദേശീയദിനം ആഘോഷിക്കാൻ രാജ്യം തയ്യാറെടുക്കുന്ന സന്ദർഭത്തിലാണ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. നിറം മങ്ങിയതും മോശം അവസ്ഥയിലുള്ളതുമായ പതാകകൾ ഉപയോഗിക്കാൻ പാടില്ല. പതാകയിൽ വ്യാപാര മുദ്ര പതിപ്പിക്കുകയോ പരസ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പതാകയ്ക്ക കേടുപാടുകൾ വരുത്തുന്നതോ അഴുക്ക് ഉണ്ടാക്കുന്നതോ ആയ മോശം സ്ഥലത്ത് പതാക ഉയർത്തരുത്.
മൃഗങ്ങളുടെ ശരീരത്തിൽ പതാക സ്ഥാപിക്കാനോ അച്ചടിക്കാനോ പാടില്ല. പതാകയെ അപമാനിക്കുന്നതോ കേട് വരുത്തുന്നതോ ആയ ഏതു വിധത്തിലും ഉപയോഗിക്കരുത്. തലകീഴായി പതാക ഉയർത്താൻ പാടില്ല. പതാക താഴ്ത്തി കെട്ടുന്നത് നിരോധിച്ചിരിക്കുന്നു. തുടങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങളാണ് മന്ത്രാലയം പുറത്ത് വിട്ടത്.