സേവന മികവ് കണക്കിലെടുത്ത് ഇന്ത്യൻ ഡോക്ടർ ദമ്പതികളെ പൗരത്വം നൽകി ആദരിച്ച് സൗദി അറേബ്യ. കശ്മീർ ശ്രീനഗർ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീൻ റാഷിദ് കബീർ ദമ്പതികൾക്കാണ് അപൂർവ നേട്ടം സിദ്ധിച്ചത്. കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ കൺസൽട്ടൻറ് എമർജൻസി ഡെപ്യുട്ടി ചെയർമാനാണ് ഡോ. ഷമീം അഹമ്മദ് ഭട്ട്. റിയാദിലെ സഫ മക്ക പോളിക്ലിനിക് ഹാര ബ്രാഞ്ചിൽ നേത്രരോഗ വിദഗ്ധയാണ് ഡോ. ഷിറീൻ റാഷിദ് കബീർ.
2023 ഒക്ടോബറിൽ രാജ്യം പ്രീമിയം ഇഖാമ നൽകി ഇരുവരെയും ആദരിച്ചിരുന്നു. ഒരു വർഷം തികയുംമുമ്പാണ് ഇപ്പോൾ പൗരത്വവും ലഭിച്ചിരിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് രേഖകൾ നൽകിയത്. എന്നാൽ പൗരത്വം ലഭിച്ചത് വിസ്‍മയിപ്പിച്ചെന്ന് ദമ്പതികൾ പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന് കീഴിയിലുള്ള പ്രവർത്തനം കണക്കിലെടുത്താണ് അംഗീകാരം എന്ന് കരുതുന്നു. 2012-ലാണ് ഡോ. ഷിറീൻ ആദ്യമായി സൗദയിലെത്തുന്നത്. അക്കാലത്ത് സൗദിയിലെ ഔദ്യോഗിക ജീവിതം മടുപ്പുണ്ടാക്കിയിരുന്നു. ഇങ്ങോട്ടേക്ക് പുറപ്പെടുേമ്പാൾ നാട്ടിലുള്ള പലരും മോശം അഭിപ്രായമാണ് പറഞ്ഞത്.
അതുകൊണ്ട് തന്നെ വന്നയുടനെയുണ്ടായ ഒറ്റപ്പെടൽ തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്നതായിരുന്നു. എന്നാൽ പതിയെ ഇവിടവുമായി പൊരുത്തപ്പെടുകയായിരുന്നു. രോഗികളായി എത്തുന്ന സ്വദേശികളും വിദേശികളുമായവരും സഹപ്രവർത്തകരും എല്ലാം ചിന്തയെ അടിമുടി മാറ്റിമറിച്ചു. രാജ്യവും ജനങ്ങളും നൽകുന്ന പിന്തുണയും വ്യത്യസ്ത മേഖലയിലെ സേവനങ്ങളും സൗദി അറേബ്യയെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിച്ചു.