അബുദാബി കടുത്ത ചൂടിൽ നിന്ന് യുഎഇ ശൈത്യകാലത്തേക്ക് കടക്കുന്നു. കാലാവസ്ഥ കലണ്ടർ അനുസരിച്ചുള്ള വേനൽ സീസൺ ഇന്നലെ അവസാനിച്ചു. ആഘോഷങ്ങളും തിരക്കും നിറയുന്നതാകും ഇനിയുള്ള മാസങ്ങൾ. ചൂട് പതിയെ പിൻവാങ്ങുകയാണ്.
ഇനി രാത്രികളിൽ ചൂട് 25 ഡിഗ്രിക്ക് താഴെയും പകൽ 40ന് താഴെയും എത്തും. ഇത്തവണ പകൽ ചൂട് അൻപതും കടന്നിരുന്നു. ഇനിയങ്ങോട്ട് പകലുകൾക്ക് നീളം കൂടും. തണുപ്പിന് ഒപ്പം 22 ശതമാനം മഴ ലഭിക്കുന്ന മാസങ്ങൾ കൂടിയാണ് വരുന്നത്. മഴയോട് കൂടിയ ശൈത്യകാലം നവംബർ മുതൽ മാർച്ച് വരെയാണ്. ഏറ്റവും സജീവമാകുന്ന സീസൺ കൂടിയാണ് ഇത്.
ഗ്ലോബൽ വില്ലേജ് ഉൾപ്പടെ എല്ലാ ഉത്സവങ്ങളും സജീവമാകുന്ന കാലം. ക്രിസ്മസ്, ന്യൂ ഇയർ എന്നിവ കളറാകും. രാജ്യത്തേക്ക് വിനോദ സഞ്ചരികളുടെ ഒഴുക്കാകും ഇനിയുള്ള മാസങ്ങൾ. ചൂടിൽ ഏറെക്കുറെ നിശ്ചലമായിരുന്ന പാർക്കുകളും ബീച്ചുകളും ഇനി നിറയും. മലയാളികളുടെ ഉൾപ്പടെ കൂട്ടായ്മകളും ആഘോഷങ്ങളും സജീവമാകുന്ന കാലം കൂടിയാണിത്. പൊതുവിൽ ഗാൾഫ് രാജ്യങ്ങൾ എല്ലാം സുഖകരമായ കാലാവസ്ഥയിലേക്ക് നീങ്ങുകയാണ്.