പൊലീസ് അക്കാദമി സെക്യൂരിറ്റി കമാൻഡ് ആൻഡ് സ്റ്റാഫ് പ്രോഗ്രാം പരിശീലന പ്രോഗ്രാമിന്റെ പ്രഥമ ബാച്ചിന് തുടക്കം കുറിച്ചു. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി പ്രഥമ ബാച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയം, ലഖ്വിയ, അമിരി ഗാർഡ്, സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേരാണ് ആദ്യ ബാച്ചിലുള്ളത്.
പരിശീലനം, ഗവേഷണം, സ്പെഷലൈസ്ഡ് പഠനം ഉൾപ്പെടെ ഒരുവർഷം നീളുന്ന വിപുലമായ പരിശീലന പരിപാടി ഉൾക്കൊള്ളുന്നതാണ് സ്റ്റാഫ് പ്രോഗ്രാം. രാജ്യത്തിനകത്തും പുറത്തും വിവിധ കേന്ദ്രങ്ങളിലെ സന്ദർശനവുമുണ്ടാവും. പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ലീഡർഷിപ് ബിരുദാനന്തര സർട്ടിഫിക്കറ്റ് സമ്മാനിക്കും.