രാജ്യാന്തര വിനോദസഞ്ചാര വളർച്ചയിൽ സൗദി അറേബ്യയുടെ കുതിപ്പ് തുടരുന്നു. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിലും ടൂറിസം വരുമാനത്തിന്റെ വളർച്ചയിലും ജി20 രാജ്യങ്ങളുടെ പട്ടികയിൽ സൗദി മുന്നിലാണ്. ഈ വർഷത്തെ ആദ്യ ഏഴ് മാസത്തെ കണക്കുകൾ പ്രകാരം രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി 73 ശതമാനം വർധന കൈവരിച്ചു. സെപ്റ്റംബറിൽ യു.എൻ ടൂറിസം സംഘടന പുറത്തിറക്കിയ ബാരോമീറ്റർ റിപ്പോർട്ട് അനുസരിച്ച് സൗദിയിലേക്കുള്ള അന്താരാഷ്ട്ര ടൂറിസം വരുമാനം 207 ശതമാനമാണ് വർധിച്ചത്.
സൗദിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഈ വർഷം എത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 73 ശതമാനം വർധിച്ചു. ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ വിദേശത്ത് നിന്ന് സൗദിയിൽ ഏകദേശം 1.75 കോടി വിനോദ സഞ്ചാരികളെത്തിയെന്നാണ് കണക്ക്.
2019നെ അപേക്ഷിച്ച് 2023ൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി 56 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. എണ്ണം 2.74 കോടിയായി ഉയർന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കായുള്ള 2023ലെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ വളർച്ചാനിരക്ക് സൂചികയിൽ ഐക്യരാഷ്ട്രസഭയുടെ ടൂറിസം പട്ടികയിൽ സൗദി അറേബ്യ ഒന്നാമതെത്തി. 2023ൽ 38 ശതമാനം വാർഷിക വർധനയോടെ 48 ശതകോടി റിയാലിന്റെ മിച്ചം രേഖപ്പെടുത്തി.