തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫിന്റെ പരാജയം അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് എന്ന പേരില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്ന് അന്വേഷണസമിതി അംഗമായ കെ.സി. ജോസഫ് പറഞ്ഞു. പരാജയകാരണങ്ങള്‍ സംബന്ധിച്ച സമഗ്രമായ പഠനമാണ് കെപിസിസിയുടെ സമിതി നടത്തിയത്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്ന് പറഞ്ഞുകൊണ്ട് ഇപ്പോള്‍ ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല കാര്യങ്ങളും ആ റിപ്പോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്.
തൃശൂര്‍-ആലത്തൂര്‍ പാര്‍ലമെന്റ് സീറ്റിലെ യുഡിഎഫിന്റെ പരാജയം അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച സബ്കമ്മിറ്റി അംഗങ്ങളായ മുന്‍മന്ത്രി കെ.സി.ജോസഫ്, ടി.സിദ്ദിഖ് എംഎല്‍എ, ഐ.എന്‍.റ്റി.യു.സി പ്രസിഡന്റ്‌റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരുടെ റിപ്പോര്‍ട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് സമര്‍പ്പിച്ചിരുന്നു. അന്വേഷണ സമിതി റിപ്പോര്‍ട്ട് കെപിസിസിയുടെ സജീവമായ പരിഗണനയിലാണെന്ന് കെപിസിസി പ്രസിഡണ്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ആരും പുഴ്ത്തിവെച്ചിട്ടില്ല. ഇത് പൂര്‍ണമായും അന്വേഷണാത്മകവും, യാഥാര്‍ത്ഥ്യം കണ്ടെത്താനുള്ള ഒരു പഠന റിപ്പോര്‍ട്ടാണ്. കെപിസിസിയുടെ വിശദമായ പരിശോധന ക്കുശേഷം റിപ്പോര്‍ട്ടിന്റെ പേരില്‍ നടപടി ഉണ്ടാകും എന്നാണ് കെപിസിസി പ്രസിഡണ്ടുതന്നെ അറിയിച്ചിട്ടുള്ളത്. തൃശൂരില്‍ സിപിഎം-ആര്‍എസ്എസ് ബാന്ധവമാണ് മുരളീധരന്റെ പരാജയത്തിന്റെ മുഖ്യകാരണങ്ങളില്‍ ഒന്നായി സമിതി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സിപിഐ സ്ഥാനാര്‍ത്ഥി സുനില്‍ കുമാറിനെ ബലികൊടുത്തുകൊണ്ട് ബിജെപിയെ സഹായിക്കാന്‍ തീരുമാനിച്ചത് സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.