മഹേഷിന്റെ പ്രതികാരം, ഇടുക്കി ഗോൾഡ് മുതലായ പ്രശസ്ത സിനിമകളിൽ ഷൂട്ടിംഗ് സ്ഥലമായ ഇടുക്കിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് കാൽവരി മൗണ്ട്. മല കയറിയെത്തുന്ന ഓരോ സഞ്ചാരിയും മനസ്സ് നിറഞ്ഞ ആകും ഇടുക്കിയിലെ കാഴ്ചകൾ കണ്ടിറങ്ങുക, അത്രയും സുന്ദരമാണ് ഇടുക്കിയും അവിടുത്തെ കാഴ്ചകളും. മഞ്ഞിൽ പുതഞ്ഞ മലനിരകളും ഇടുക്കി ഡാമിന്റെ സൗന്ദര്യവും, തലോടി തഴുകുന്ന കുളിർക്കാറ്റും ചേർന്നതാണ് കാൽവരി മൗണ്ട്.
കാൽവരി മൗണ്ട് മലനിരകൾ ഇടുക്കി ഡാമിന്റെ വിദൂര ദൃശ്യങ്ങളുടെ നയനാനന്ദകരമായ കാഴ്ചകളാണ് ശ്രദ്ധയാകർഷിക്കുന്നത്. ചെറുതും വലുതുമായ ഇരിപ്പിടങ്ങൾ പോലുള്ള പാറകളും പുൽമേടുകളും നിറഞ്ഞ മലനിരകളാണ് ഇവിടെത്തെ ഭൂപ്രകൃതി. ദൂരെ മാറി കുറവൻ കുറത്തി മലകളുടെ ദൃശ്യവും, വൈകുന്നേരങ്ങളും രാവിലെയും മലകളിൽ പെയ്തിറങ്ങുന്ന കോടമഞ്ഞും , കുളിര് പകരുന്ന കാറ്റും ഇങ്ങനെയിങ്ങനെ കാൽവരി മൗണ്ടിനെ പ്രിയങ്കരിയാക്കാൻ കാരണങ്ങളേറെയാണ്.
കണ്ണകലെ ഇടുക്കി ഡാം
ആഗ്രഹിക്കുമ്പോഴൊക്കെ ഇടുക്കി ഡാം കാണാൻ കാൽവരി മൗണ്ട് കയറിയാൽ മതി . ഇടുക്കി ആർച്ച് ഡാം ലോകപ്രശസ്തമായതോടെയാണ് കാൽവരി മൗണ്ടും പ്രശസ്തിയുടെ മലകൾ കയറി തുടങ്ങിയത്. കല്യാണത്തണ്ട് എന്ന പേരിലും ഈ പ്രദേശം അറിയപ്പെടുന്നുണ്ട്. മല കയറി ചെല്ലുമ്പോൾ തന്നെ ഇടുക്കി ജലാശയം കാണാം. ഇവിടെ നിന്ന് നോക്കിയാൽ കൂറ്റൻ മരങ്ങളുടെ നടുവിൽ ആമസോൺ കാടുകളെ അനുസ്മരിപ്പിക്കുന്നത് പോലെയുള്ള ജലാശയം. അങ്ങനെയുള്ള ഇടുക്കി ഡാമിന്റെ അതിമനോഹരമായ വിദൂര ദൃശ്യം കാൽവരി മൗണ്ട് വ്യൂ പോയിന്റിൽ നിന്നാൽ കാണാം. മലകൾക്കിടയിൽ ചിറകുകൾ ഒതുക്കി പതുങ്ങിയിരിക്കുന്ന പക്ഷിയെ പോലെയാണ് കാൽവരി മൗണ്ടിലെ വിദൂര ദൃശ്യമാകുന്ന ഇടുക്കി ഡാം.
കാൽവരി മൗണ്ടിൽ എത്താൻ
കോട്ടയത്തുനിന്ന് ഏകദേശം 140 കിലോമീറ്റർ ദൂരമുണ്ട് കട്ടപ്പനയ്ക്ക്. കട്ടപ്പന–ചെറുതോണി റൂട്ടിൽ 16 കിലോമീമീറ്റർ പോയാൽ കാൽവരി മൗണ്ടിലെത്താം. ഒന്നര കിലോമീറ്റർ യാത്ര ചെയ്യണം മലയ്ക്കു മുകളിലെത്താൻ. ചില്ലറ പോരായ്മകൾ ഒക്കെയുണ്ടെങ്കിലും കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാവുന്ന വഴിയാണ്. മലമുകളിൽ ജില്ലാ ടൂറിസം കേന്ദ്രത്തിന്റെ കവാടത്തിന് സമീപത്തായി പാർക്കിംഗ് കേന്ദ്രങ്ങളും ഉണ്ട്. ജില്ലാ ടൂറിസം കേന്ദ്രത്തിന്റെ ഓഫീസിൽ നിന്നുള്ള പാസ് മുഖേനെയാണ് പ്രവേശനം. ഒരാൾക്ക് 25 രൂപയാണ് ഈടാക്കുന്നത്. ഇരുവശവും വേലിക്കെട്ടിത്തിരിച്ച ഉദ്യാനത്തിന് നടുവിലൂടെയാണ് വ്യൂ പോയിന്റിലേയ്ക്ക് പോകേണ്ടത്. ഇവയ്ക്ക് സമീപത്തായി ഇരുന്ന് വിശ്രമിക്കുന്നതിനുള്ള ചാരു ബഞ്ചുകളും ഉണ്ട്.
താമസം
ചെറുതോണിയിലോ ഇടുക്കിയിലോ താമസ സൗകര്യം ലഭിക്കും. ഇടുക്കി ഡാമിനെ കൂടാതെ കല്ലാണത്തണ്ട് , അഞ്ചുരുളി, അയ്യപ്പൻകോവിൽ, രാമയ്ക്കൽമേട്, തേക്കടി, മേഘമല, വാഗമൺ, പരുന്തുംപാറ, പീരുമേട് തുടങ്ങിയ നിരവധിയായ ടൂറിസം കേന്ദ്രങ്ങൾ ഇതിന്റെ അനുബന്ധ മേഖലകളാണ്.
ജില്ലാ ടൂറിസം വകുപ്പ് വിനോദ സഞ്ചാര കേന്ദ്രമാക്കി വളർത്തുന്ന ഒരിടം കൂടിയാണിത്. ഇടുക്കിയുടെ കൊതിപ്പിക്കുന്ന കാലാവസ്ഥയും പ്രകൃതിഭംഗിയും അതിനു കൂട്ടായി നിന്നു.
STORY HIGHLIGHT: Calvary mount