തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ പൂരം നാളിൽ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം വിവാദത്തിൽ സർക്കാർ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് നാളെ തന്റെ കൈയിൽ എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശ്ശൂരിൽ അഴീക്കോടൻ രക്തസാക്ഷിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരങ്ങൾ തനിക്ക് ഇപ്പോൾ അറിയില്ല. അതേക്കുറിച്ച് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. റിപ്പോർട്ട് പുറത്തുവിടും. റിപ്പോർട്ട് കാണാതെയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ എന്താണെന്ന് മൂന്നാല് ദിവസം കാത്തിരുന്നാൽ മനസിലാകും. അപ്പോഴേക്കും ജനത്തിൻ്റെ മനസിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൂരം അലങ്കോലമാക്കിയ സംഭവത്തിൽ 24 ന് മുമ്പ് റിപ്പോർട്ട് ലഭിക്കണം എന്ന് താൻ ഉത്തരവിട്ടിരുന്നു. 23 ന് തന്നെ റിപ്പോർട്ട് ഡിജിപിയുടെ ഓഫീസിലെത്തി. ആ റിപ്പോർട്ട് നാളെ എൻ്റെ കൈയ്യിലെത്തും. നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് മുന്നിൽ വഴങ്ങിക്കൊടുക്കേണ്ടതല്ല സർക്കാരെന്നും പിവി അൻവറിൻ്റെ പേര് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. സിപിഎം പാർട്ടിയുടേതായ മാർഗ്ഗത്തിൽ മുന്നോട്ട് പോവുകയാണ്. നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് വഴങ്ങില്ല. പറഞ്ഞ് മനസ്സിലാക്കുമ്പോൾ വഴങ്ങിയില്ലെങ്കിൽ സർക്കാർ സർക്കാരിന്റെ വഴിക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾക്കിടയിൽ വല്ലാത്ത വികാരം ഉണ്ടാക്കുകയാണ് മാധ്യമങ്ങൾ. അന്വേഷണത്തിന്റെ ഭാഗമായി എന്തോ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്ന പ്രതീതി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഈ പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്ന് വന്നാൽ എത്ര വലിയ നെറികേടാവും വലതുപക്ഷ മാധ്യമങ്ങൾ കാണിച്ചിരിക്കുക. എങ്ങനെയെങ്കിലും നാട് തകർന്നാൽ മതി എന്ന നിലപാടാണ് നിർഭാഗ്യവശാൽ കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും പിണറായി വിമർശിച്ചു.
മാധ്യമങ്ങൾ കൂട്ടായി ആലോചിച്ച് തിരുത്താൻ തയ്യാറാകണമെന്നും ഇത്തരം തെറ്റായ നടപടികൾകൊണ്ട് നാട് വല്ലാതെ തകർന്നുപോകുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.