India

‘ഷിരൂരിൽ നാളെ റെഡ് അലര്‍ട്ട്, തെരച്ചിൽ തുടരും; പണത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല’: കാർവാർ എംഎൽഎ

ബെം​ഗളൂരു: ഷിരൂരിലെ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള ​ഗം​ഗാവലി പുഴയിലെ തെരച്ചിൽ നിർത്തില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. നാളെ റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചിൽ തുടരുകയെന്നും എംഎൽഎ അറിയിച്ചു.

സാഹചര്യം അനുകൂലമല്ലെങ്കിൽ തല്ക്കാലം ഒരു ദിവസം മാത്രമേ തെരച്ചിൽ നിർത്തുകയുളളൂ. നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളിൽ ആണ് പരിശോധന തുടരുന്നത്. അർജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധന. തിരച്ചിലിനാവശ്യമായ പണം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും എംഎൽഎ ഫണ്ടിൽ നിന്നും പണം സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാന പോയിന്റുകളിലെല്ലാം തിരച്ചിൽ നടത്തുകയാണ് പ്രധാന ഉദ്ദേശ്യം. നാലാം പോയിന്റിൽ തിരച്ചിൽ നടത്തിയിരുന്നു. ജനറൽ ക്യാപ്റ്റനും ഇവിടെ എത്തിയിട്ടുണ്ട്. വ്യക്തമായ പോയിന്റുകൾ അദ്ദേഹം അടയാളപ്പെടുത്തും. കഴിഞ്ഞ ദിവസം നേവിയും ഇന്ദ്രപാലനും അറിയിച്ച പോയിന്റുകളിലല്ല തിരച്ചിൽ നടത്തുന്നതെന്ന് അർജുന്റെ സഹോദരി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ദ്രപാലനെ അന്വേഷണ സംഘത്തോടൊപ്പം കൊണ്ടുവന്നിട്ടുണ്ട്. അർജുന്റെ സഹോദരി പറഞ്ഞ ഭാ​ഗങ്ങളിലും തിരച്ചിൽ നടത്തിയിട്ടുണ്ട്. ജിപിഎസ് സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്. തിരച്ചിലിന് ചെലവ് എത്ര വന്നാലും അതേക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തിരച്ചിലിന് ആവശ്യമായ തുക നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ജില്ലാ അധികാരികൾ മുതൽ എല്ലാവരും ദൗത്യത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്. തിരച്ചിലിന് 25 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും നൽകും. എല്ലാ പോയിന്റുകളിലും ഒന്നൊന്നായി തിരച്ചിൽ നടത്തും’, എംഎൽഎ സതീഷ് കൃഷ്ണ പറഞ്ഞു. വരും ദിവസങ്ങളിലും തെരച്ചിൽ നടത്തുമെന്നും റിട്ട.ജനറൽ സെക്രട്ടറി ഇന്ദ്രപാലൻ നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഇന്ന് ​ഗം​ഗാവലി പുഴയിൽ നടത്തിയ തെരച്ചിലിൽ ലോറിയുടെ ഭാ​ഗം കണ്ടെത്തി. ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. 4 ടയറുകളോട് കൂടിയ പിൻഭാഗമാണ് കണ്ടെത്തിയത്. ഇവ ​ഗ്യാസ് ടാങ്കർ ലോറിയുടേതാണോയെന്ന സംശയവും ഉയരുന്നുണ്ട്.