നിലമ്പൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിച്ച സംഭവത്തില്‍ വിശദീകരണവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. ഉദ്യോഗസ്ഥ തന്‍പ്രമാണിത്തമൊക്കെ കൈയില്‍വച്ചാല്‍ മതിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നിലമ്പൂർ വനംവകുപ്പിന്‍റെ പരിപാടിയിൽ മന്ത്രി എകെ ശശീന്ദ്രനെ വേദിയിലിരുത്തി വനംവകുപ്പിനെതിരെ പിവി അൻവര്‍ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. വേദിയിലുള്ള പരസ്യവിമര്‍ശനത്തിന് പിന്നാലെ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ അൻവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോടും തട്ടിക്കയറി. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഉദ്യോഗസ്ഥനോട് അൻവര്‍ രോഷം പ്രകടിപ്പിച്ചത്. അൻവറിന്‍റെ വാഹനം മാറ്റിയിടാൻ ഡ്രൈവറോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.
വാഹനം മാറ്റിയിടാന്‍ പറഞ്ഞ ഉദ്യോഗസ്ഥനോട് നാലുമണിക്ക് മുന്‍പ് തന്നെ വന്ന് കാണാന്‍ ആവശ്യപ്പെട്ടു. ‘ആവശ്യത്തിന് മതി. ആളുകളോട് മര്യാദവേണം. നിങ്ങള്‍ കുറേ ആളുകള്‍ ട്രൗസര്‍ ഇട്ട് നടക്കുന്നതല്ല ഫോറസ്റ്റ്. തെണ്ടിത്തരം ചെയ്യുകയാണോ?’, എന്ന് കയര്‍ത്തു സംസാരിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഇതിലാണ് അന്‍വറിന്റെ വിശദീകരണം.
പി.വി. അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പി.വി.അന്‍വര്‍ പാവപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചത്രേ.!
സ്ഥലം എം.എല്‍.എ എന്ന നിലയില്‍ വനം വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി യോഗം നടക്കുന്ന സ്ഥലത്തെത്തുന്നു.
പ്രോട്ടോക്കോള്‍ പ്രകാരം,വകുപ്പ് മന്ത്രി പങ്കെടുക്കുന്ന യോഗത്തിന്റെ അധ്യക്ഷനാണ് സ്ഥലം എം.എല്‍.എ.
പരിപാടി നടക്കുന്നതിനിടയില്‍ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ‘എം.എല്‍.എ ബോര്‍ഡ്’ വച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ വന്ന് മാറ്റി ഇടീച്ചത് മൂന്ന് തവണയാണ്.
വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാതെ,
പരിപാടിക്കെത്തുന്നിടത്തെല്ലാം എം.എല്‍.എ ഇനി ‘വാഹനം തലയില്‍ ചുമന്നൊണ്ട് നടക്കണം’ എന്നാണോ.
ആണെങ്കില്‍,അതൊന്നും അംഗീകരിച്ച് കൊടുക്കാന്‍ മനസ്സില്ല.ഉദ്യോഗസ്ഥ തന്‍പ്രമാണിത്തമൊക്കെ കൈയ്യില്‍ വച്ചാല്‍ മതി.