തിരക്കുപിടിച്ച ജീവിതത്തിൽ ആരും ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല. ഇഷ്ടമുള്ള സമയത്ത് ഭക്ഷണം കഴിക്കുന്നു. ഇഷ്ടമുള്ള സമയത്ത് കിടന്നുറങ്ങുന്നു. ഈ അലസമായ ജീവിതരീതി പലതരത്തിലുള്ള പാർശ്വഫലങ്ങൾക്കും കാരണമാകുന്നു. വയറു നിറയെ ഭക്ഷണം കഴിച്ചു ഉടൻ തന്നെ കിടന്നുറങ്ങുന്നത് നല്ലതല്ല. ആരോഗ്യവിദഗ്ധർ പറയുന്നതിന് അനുസരിച്ച് ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞുവേണം ഉറങ്ങാൻ. ഇങ്ങനെ ചെയ്യുന്നത് വഴി ദഹനം സുഗമമാവുകയും പോഷകങ്ങളുടെ ആഗിരണം ശരിയായ രീതിയിൽ നടക്കുകയും ചെയ്യുന്നു.
ഉറക്കത്തിന് തടസം
ഭക്ഷണം കഴിച്ചശേഷം ഉടൻ കിടന്നുറങ്ങുന്നത് വയറിന് അസ്വസ്ഥതയുണ്ടാക്കാം. രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസപ്പെടുത്തും. ഇത് നെഞ്ചെരിച്ചിലിന് ഇടയാക്കും. അതുകൊണ്ടാണ് വൈകുന്നേരം ലഘുഭക്ഷണം കഴിക്കാൻ നിർദേശിക്കുന്നത്.
എൽഡിഎൽ കൊളസ്ട്രോൾ
ഭക്ഷണം ദഹിപ്പിക്കാനും കലോറി എരിച്ചുകളയാനും സമയം കിട്ടാതെ വരുമ്പോൾ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് എൽഡിഎൽ കൊളസ്ട്രോൾ അല്ലെങ്കിൽ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ വർധനവിന് കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം, സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങൾക്ക് കാരണമാകും.
മോശം ദഹനം
അത്താഴം കഴിച്ച ഉടൻ കിടന്നുറങ്ങുകയാണെങ്കിൽ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കും. ഭക്ഷണം കഴിച്ചയുടനെ കിടന്നാൽ ഭക്ഷണം ദഹിപ്പിക്കാനും കലോറി പ്രോസസ് ചെയ്യാനും ശരീരത്തിന് സമയം ലഭിക്കില്ല. ഇത് നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, മലബന്ധം, വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
ശരീരഭാരം കൂട്ടും
അമിതമായി ഭക്ഷണം കഴിക്കുന്നതും ഉടൻ ഉറങ്ങുന്നതും ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ദഹനപ്രക്രിയയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ
അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷം ഉറക്കം വരുന്നതായി തോന്നുന്നത് പ്രമേഹത്തിന്റെ ലക്ഷണമാകാം. ഇത് പഞ്ചസാരയുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാവുകയും ചെയ്യും. പ്രമേഹമുള്ളവർക്ക് ഇത് നല്ലതല്ല.
content highlight: side-effects-of-sleeping-right-after-eating