കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ വിമര്‍ശനങ്ങളില്‍ അതൃപ്തി പ്രകടമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്. പറഞ്ഞത് ശരിയായോ എന്ന് അന്‍വര്‍ ആലോചിക്കട്ടേയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആണോ പറയേണ്ടത് എന്ന് ആലോചിക്കട്ടെ. അദ്ദേഹം കാര്യങ്ങള്‍ അറിയുന്ന ആളാണല്ലോ. പ്രായം കൂടിയ ആള് ആയതു കൊണ്ടാണ് താന്‍ ഉപദേശിക്കുന്നതെന്നും ശശീന്ദ്രന് പറഞ്ഞു.
അദ്ദേഹത്തെ പോലെയുള്ള എം.എല്‍.എ പറയുന്നതിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ ഞാന്‍ പഠിച്ചിട്ടില്ലെന്നും ശശീന്ദ്രന് പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട ആവശ്യമില്ല. അറിയേണ്ടത് എല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്. വ്യക്തിപരമായി വിഷമം ഇല്ല. ഇതൊന്നും കേട്ട് വികാരം കൊള്ളുകയോ ദുഃഖിക്കുകയോ ഇല്ലെന്നും അതിന് മാത്രമുള്ള പക്വതയുണ്ടെന്നും എ.കെ. ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
മന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു വനംവകുപ്പിനെതിരെ പി.വി.അന്‍വര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. വനംവകുപ്പുമായി ബന്ധപ്പെട്ട് ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയുണ്ടെന്നും സര്‍ക്കാര്‍ ഇടപെടേണ്ട വിഷയത്തില്‍ ഇടപെടാത്തതുകാരണം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് പോയെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ വനംവകുപ്പിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു വിമര്‍ശനം.
അതേസമയം, വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പി.വി.അൻവർ പരാതി നല്കി. രാജേഷ് എന്ന ഉദ്യോഗസ്ഥനെതിരെ മന്ത്രി എ.കെ.ശശീന്ദ്രൻ, സ്പീക്കർ എ.എൻ.ഷംസീർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്. നിലമ്പൂരിൽ വനംവകുപ്പിന്റെ പരിപാടിയിൽ പങ്കെടുത്ത് പുറത്തിറങ്ങിയപ്പോൾ അൻവർ വനം വകുപ്പ് ഉദ്യോഗസ്ഥനുമായി തർക്കമുണ്ടായിരുന്നു.
അൻവറിന്റെ വാഹനം മാറ്റിയിടാൻ ഡ്രൈവറോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ആദ്യം ഒരു സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തപ്പോൾ മാറ്റിയിടണമെന്ന് പറഞ്ഞു. വീണ്ടും മാറ്റിയിട്ടപ്പോള്‍ അവിടെ നിന്നും മാറ്റിയിടാൻ പറഞ്ഞുവെന്നാണ് ആരോപണം. ഇക്കാര്യം അൻവര്‍ പരിപാടി കഴിഞ്ഞ് എത്തിയപ്പോള്‍ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വണ്ടി മാറ്റിയിടാൻ പറഞ്ഞ ഓഫീസര്‍ ആരാണെന്ന് ചോദിച്ച് ഓഫീസിലേക്ക് അൻവര്‍ എത്തുകയായിരുന്നു. എന്നാല്‍ ഓഫീസര്‍ അവിടെ ഇല്ലെന്ന് റേഞ്ച് ഓഫീസര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് റേഞ്ച് ഓഫീസറോട് അൻവര്‍ കയര്‍ത്ത് സംസാരിച്ചത്.
തന്നോടുള്ള വിരോധത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് പി.വി. അൻവറിന്റെ ആരോപണം. വണ്ടി മാറ്റിയിടാൻ പറഞ്ഞ ഉദ്യോഗസ്ഥനോട് വൈകുന്നേരം നാലിന് മുമ്പ് ഗസ്റ്റ് ഗൗസില്‍ തന്നെ വന്ന് കാണണമെന്നും ഇല്ലെങ്കില്‍ ഇങ്ങോട്ട് വരുമെന്നും ഉദ്യോഗസ്ഥനോട് അൻവര്‍ പറഞ്ഞു.