മലം പുറന്തള്ളാനുള്ള കഴിവില്ലായ്മ അല്ലെങ്കിൽ മലവിസർജ്ജനത്തിൻ്റെ ആവൃത്തി കുറയുന്നതിനെ മലബന്ധം എന്ന് വിളിക്കുന്നു. മലബന്ധമുള്ള മുതിർന്നവർക്ക് സാധാരണയായി ഓരോ ആഴ്ചയും മൂന്നിൽ താഴെ മലവിസർജ്ജനം മാത്രമേ ഉണ്ടാകൂ, അതേസമയം വ്യക്തിഗത വ്യത്യാസങ്ങളും നിലവിലുണ്ട്. അസ്വാസ്ഥ്യത്തിന് പുറമേ, മലബന്ധം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 40 വയസ്സിനു മുകളിലുള്ളവരിൽ മലബന്ധം കൂടുതലായി കാണപ്പെട്ടിരുന്നെങ്കിൽ, ഇപ്പോൾ ചെറുപ്പക്കാരിലും ഇത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു.
വയറിനുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ദഹനത്തേയും എന്തിനേറെ പറയുന്നു ചർമ്മാരോഗ്യത്തെ വരെയും ബാധിക്കും. ദഹനത്തിനും വയർ സംബന്ധമായ അസ്വസ്ഥതകൾക്കും പരമ്പരാഗതമായി നിർദ്ദേശിക്കപ്പെടുന്ന ചില മരുന്നുകളുണ്ട്. അത്തരത്തിലൊരു വിദ്യയെക്കുറിച്ചാണ് ഡയറ്റീഷ്യനായ സോണിയ നാരങ്ക് പറഞ്ഞു തരുന്നത്. നാരങ്ങയുടെ നീരും, ഒലിവെണ്ണയും ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കാനാണ് അവർ നിർദേശിക്കുന്നത്.
നാലാഴ്ചയ്ക്കുള്ളിൽ ഫലം അറിയാൻ സാധിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ചർമ്മാരോഗ്യവും ദഹനവും മെച്ചപ്പെടുത്തുന്നതിനായി ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ദിവസവും രാവിലെ ഇത് കുടിക്കാൻ സോണിയ നിർദേശിച്ചു.
ഒലിവെണ്ണയുടെ ഗുണങ്ങൾ
- പ്രകൃതി ദത്ത ലൂബ്രിക്കൻ്റായി ഒലിവെണ്ണ പ്രവർത്തിക്കും. ഇത് മലം സുഗമമായി കടന്നു പോകുന്നതിന് സഹായിക്കും.
- ദഹനപ്രക്രിയയെ സഹായിക്കുന്ന പിത്ത രസത്തെ ഉത്തേജിപ്പിക്കും.
- ഒലിവെണ്ണ ചർമ്മത്തിൻ്റെ ആരോഗ്യത്തിനും നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും, വിറ്റാമിൻ ഇ പോലെയുള്ള ആൻ്റി ഓക്സിഡൻ്റുകളും ഈർപ്പം നിലനിർത്തുന്നതിനും ചർമ്മ കാന്തി വർധിപ്പിക്കുകയും ചെയ്യും
നാരങ്ങ നീരിൻ്റെ ഗുണങ്ങൾ
- നാരങ്ങയുടെ നീരിൽ ധാരാളം സിട്രിക് ആസിഡ് ആടങ്ങിയിട്ടുണ്ട്. ഇത് ദഹന സഹായികളായ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ ദഹനപ്രക്രിയ സുഗമമായി നടക്കുകയും മലബന്ധം പരിഹരിക്കപ്പെടുകയും ചെയ്യും.
- വിറ്റാമിൻ സിയുടെ ഉറവിടം കൂടിയാണ് നാരങ്ങ. ചർമ്മത്തിൻ്റെ ഇലാസ്തികതയും മറ്റും നിയന്ത്രിക്കുന്ന കൊളാജൻ്റെ ഉത്പാദനത്തിന് ഇത് അവശ്യമാണ്.
- കറുത്ത പാടുകൾ അകറ്റി ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്ന പ്രകൃതിദത്തമായ അസ്ട്രിജൻ നാരങ്ങയുടെ നീരിൽ അടങ്ങിയിരിക്കുന്നു.
എന്നാൽ ഇവ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. നാരങ്ങയുടെ നീര് അമിത അളവിലായാൽ പല്ലിൻ്റെ ഇനാമലിനെ വരെ ബാധിച്ചേക്കാം. മാത്രമല്ല ഒലിവെണ്ണയുടെ അമിത അളവിലുള്ള ഉപയോഗം കൂടുതൽ കലോറി ശരീരത്തിലേയ്ക്ക് എത്തിക്കുന്നതിനു കാരണായേക്കാം. ഉപയോഗിക്കുന്നതിനു മുമ്പായി ഈ രണ്ടു വസ്തുക്കളോടും യാതൊരു വിധത്തിലുള്ള അലർജിയും ഇല്ലെന്ന് ഉറപ്പാക്കുക. എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥയിൽ ആയിരിക്കുന്നവരോ, മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവരോ അതാത് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം സ്വീകരിച്ചതിനു ശേഷം മാത്രമേ ഇങ്ങനെയുള്ള ശീലങ്ങൾ നടപ്പിലാക്കാവൂ.
ഇതുകൊണ്ട് മാത്രം ദഹനവും, ചർമ്മാരോഗ്യവും മെച്ചപ്പെടണം എന്നില്ല. ക്രമമായ ഭക്ഷണശീലം, ധാരാളം പഴ വർഗങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും അതിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ആറ് മുതൽ ഏഴ് മണിക്കൂർ വരെയുള്ള ഉറക്കം ഒരിക്കലും ഒഴിവാക്കരുത്. ചർമ്മാരോഗ്യത്തിന് ഇതേറെ ഗുണം ചെയ്യും.
content highlight: suffering-from-constipation