Travel

ഭൂകമ്പം വന്നാലും കുലുങ്ങില്ല; ശിൽപിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം! | Ramappa-Temple-telangana

ദക്ഷിണേന്ത്യയിലെ ഒരു ക്ഷേത്രം അറിയപ്പെടുന്നത് ആ ക്ഷേത്രത്തിന്റെ യഥാർഥ പേരിലോ അവിടത്തെ ദേവന്റെ പേരിലോ അല്ല. അതു നിർമിച്ച ശിൽപിയുടെ പേരിലാണ്. അത്രമാത്രം ഗംഭീരവും മനോഹരവുമാണ് നിർമാണം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. തെലങ്കാനയിലെ പാലംപേട്ടിലുള്ള രാമപ്പ ക്ഷേത്രത്തിനാണ് ഈ അപൂർവ ബഹുമതിയുള്ളത്. കാകതീയ ശിൽപചാതുരിയുടെ കൊടുമുടിയായി കണക്കാക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാദേവനാണ്. രുദ്രേശ്വരം ക്ഷേത്രമെന്ന് ശരിയായ പേര്. രാമലിംഗേശ്വരം എന്നും പറയാറുണ്ട്. പക്ഷേ, പ്രശസ്തി നേടിയത് മുഴുവൻ രാമപ്പക്ഷേത്രം എന്നാണ്.
കാകതീയഭരണാധികാരികളിൽ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായിരുന്ന ഗണപതിദേവയുടെ സേനാധിപൻ രേചർല രുദ്രനാണ് രാമപ്പക്ഷേത്രം പണികഴിപ്പിച്ചത്. എഡി1213 ൽ ആണ് ഇതിന്റെ പണി പൂർത്തിയായത്.രാമപ്പ താൻ പണിയാൻപോകുന്ന ക്ഷേത്രത്തിന്റെ ഒരു യഥാർഥമാതൃക നിർമിച്ചും 40 വർഷം വിശ്രമമില്ലാതെ പണിതുമാണ് ഈ ക്ഷേത്രം പൂർത്തിയാക്കിയതത്രെ.

ഭൂകമ്പമുണ്ടായാൽപോലും തകരാത്തവിധം മണലിട്ടുറപ്പിച്ച അടിത്തറയും വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുന്ന ശിലകൾ ഉപയോഗിച്ചുള്ള ശ്രീകോവിലിനു മുകളിലത്തെ ചതുശ്ശാല ഗോപുരവും കേവലം കൗതുകം മാത്രമല്ല, അക്കാലത്തെ വിജ്ഞാനത്തിന്റെ തെളിവുകൂടിയാണ്.ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ പുനരുദ്ധാരണ–സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുകയാണ് ഇവിടെ. ഹൊയ്സാല, പട്ടടക്കൽ, ഹംപി, കൊണാർക്ക് തുടങ്ങിയവയോടൊക്കെ ഏതുനിലയിലും കിടപിടിക്കുന്ന ഈ പൈതൃകസ്മാരകത്തെ പ്രശസ്ത ആർക്കിയോളജിസ്റ്റ് ഗുലാം യസ്ദാനി വിശേഷിപ്പിക്കുന്നത്. 6 അടി ഉയരത്തിൽ നക്ഷത്രാകൃതിയിലുള്ള ഒരു തറകെട്ടി അതിനുമുകളിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഇളം ചുവപ്പുനിറത്തിലുള്ള ബസാൾട് സാൻഡ് േസ്റ്റാൺകൊണ്ടാണ് നിർമാണം. ശ്രീകോവിലിനോട് ചേർത്തുതന്നെ പണിതിരിക്കുന്ന മണ്ഡപത്തിന് തെക്ക്, വടക്ക്, കിഴക്ക് ദിക്കുകളിലേക്ക് മുഖപ്പുകളും ഇളംതിണ്ണകളും തീർത്തിട്ടുണ്ട്. പടവുകൾ കയറിച്ചെല്ലുമ്പോൾ ഇളംതിണ്ണയുടെ വശങ്ങളിൽ ദ്വാരപാലികമാരുടെ രൂപങ്ങൾ കാണാം.

ഒരാൾ വെൺചാമരം വീശുന്നതായും മറ്റൊരാൾ വില്ലു കുലയ്ക്കുന്നതായുമാണ് ചിത്രീകരിച്ചിരിക്കുന്നത്! റാണി രുദ്രമാദേവി ഭരിച്ച സാമ്രാജ്യത്തിൽ സ്ത്രീകേസരികൾ സർവ സാധാരണമായിരുന്നിരിക്കണം. മണ്ഡപത്തിന്റെ തൂണുകൾ തിളക്കമാർന്ന കൃഷ്ണശില കൊണ്ടാണ്. വൃത്താകാരത്തിലുള്ള ഈ സ്തംഭങ്ങൾ ഓരോന്നും അടിമുടി കൊത്തുപണികളാൽ സമൃദ്ധമാണ്. തൂണിന്റെ ഏറ്റവും മുകളിൽ ഓരോ വശത്തും വിവിധ വാദ്യകലാകാരന്മാരെ വരച്ചു വച്ചിരിക്കുന്നതുപോലെ കൊത്തിഎടുത്തിരിക്കുന്നു. അതിനു താഴെ മടക്കിയിട്ട മുത്തുമാലകൾപോലെയുള്ള അലങ്കാരപ്പണി. തുടർന്ന് താഴോട്ട് കൊത്തിഎടുത്തിരിക്കുന്ന മൊട്ടുകൾ. പിന്നെ ഒരു നിര നക്ഷത്രങ്ങൾ, അതിനു താഴെ സാമാന്യം വലിപ്പത്തിൽ പല ഭാവങ്ങളിലുള്ള വാദ്യ–നൃത്തകലാകാരന്മാരും രാസക്രീഡയിലെ രംഗങ്ങളും ഒക്കെ കൊത്തിവച്ചിരിക്കുന്നു. ഇത്രമാത്രം സൂക്ഷ്മമായ വിശദാംശങ്ങളോടു കൂടിയ കൊത്തുപണി അമ്പരപ്പുളവാക്കും. ശ്രീകോവിൽ വാതിലിന് രണ്ടാൾപ്പൊക്കമുണ്ടാകും. അതിന് ഇരു വശങ്ങളിലും വായുവും പ്രകാശവും അകത്തേക്കു കടക്കുന്ന വിധത്തിൽ ഒരു വെന്റിലേറ്റർ കാണാം. അടുത്തുചെന്നു പരിശോധിക്കുമ്പോൾ മനസ്സിലാകും ആ ജാലികയിലെ ഓരോ കഷ്ണവും ഓരോ ശിൽപമാണെന്ന്.

കട്ടളയ്ക്ക് ഇരുവശവും ഓടക്കുഴലൂതി നിൽക്കുന്ന കൃഷ്ണരൂപം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ശ്രീകോവിൽ മേൽക്കുര മാനത്തേക്കുയരുന്ന ഗോപുരംപോലെ സ്തൂപികാകൃതിയിൽ ഉയർന്നിരിക്കുമ്പോൾ അതിന്റെ കിഴക്കോട്ടുള്ള ഒരു നീട്ട് പോലെയാണ് മണ്്ഡപവും മുഖപ്പുകളുമടങ്ങുന്ന ഭാഗം.പുറത്തേക്കിറങ്ങിയാൽ ക്ഷേത്രത്തിന്റെ ഭിത്തി ചുറ്റിനും മനോഹരമായ കൊത്തുപണികളാണ്. താഴെനിന്നും പല തലങ്ങളിലായി ഒരു ഡിസൈൻ പാറ്റേൺതന്നെയുണ്ട്. പാദുകം, ജഗതി തുടങ്ങിയ വാസ്തുവിദ്യാധിഷ്ഠിതമായ കെട്ടുകളിൽ ഒരു നിര ആന, അതിനു മുകളിൽ സൂര്യൻ അതിന്റെ മുകളിൽ നൃത്തം ചെയ്യുന്ന രൂപങ്ങൾ, പിന്നെ നക്ഷത്രങ്ങൾ. ക്ഷേത്രച്ചുവരിനെ പൂർണമായും ചുറ്റുന്ന ആയിരത്തിലധികം വരുന്ന ഈ ആനരൂപങ്ങൾ ഓരോന്നും വ്യത്യസ്തമാണ്. മുഖപ്പുകളുടെ അരഭിത്തിയിലും വാദ്യനൃത്തകലാകാരന്മാരുടെയും നക്ഷത്രങ്ങളുടെയും പാറ്റേണുകൾ കൊത്തിയിട്ടിട്ടുണ്ട്. കാകതീയസൈന്യാധിപനായ ജയപ സേനാനി രചിച്ച നൃത്യരത്നാവലി എന്ന നൃത്തശാസ്ത്രകൃതിയിലെ നടനഭാവങ്ങളെ ചിത്രീകരിക്കുന്നവയാണ് കൊത്തിവച്ചിരിക്കുന്ന നൃത്തരൂപങ്ങൾ. മുഖപ്പുകളുടെ തൂണുകൾ മേൽക്കുരയിൽ മുട്ടുന്നിടത്ത്, താങ്ങുപലകകളായി നിൽക്കുന്ന സ്ത്രീകളുടെയും ഗജവ്യാളികളുടെയും രൂപങ്ങൾ പെട്ടന്നു ശ്രദ്ധയിൽപ്പെടും. അതിൽ കിഴക്കുവശത്തുള്ള ഒരു ചെരിപ്പ് അണിഞ്ഞ സ്ത്രീരൂപം പ്രത്യേകിച്ച് ശ്രദ്ധേയമാണ്. തറനിരപ്പിൽനിന്നും മുകളിലേക്കുള്ള പടവുകളുടെ ഇരുവശത്തും ആനകളുടെ ശിൽപങ്ങൾ കാണാം.

STORY HIGHLLIGHTS:  Ramappa-Temple-telangana