വണ്ണം കുറയ്ക്കാൻ വേണ്ടി ജ്യൂസ് കുടിക്കുന്നവരുണ്ട്. ജ്യൂസ് കുടിച്ച് ശരീര ഭാരം നിയന്ത്രിക്കുന്ന ഡയറ്റുകൾ വരെ ഇന്നത്തെ കാലത്ത് ഉണ്ട്. എന്നാൽ ഇത്തരത്തിൽ ജ്യൂസ് കുടിക്കുന്നത് യഥാർത്ഥത്തിൽ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നുണ്ടോ? ഇല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. മാത്രമല്ല ഇതൊരു പക്ഷേ വണ്ണം വയ്ക്കാനും ഇടവരുത്തും എന്നും പഠനത്തിൽ പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ വണ്ണം കുറയ്ക്കാൻ തയ്യാറെടുക്കുന്നവരാണ് നിങ്ങൾ എങ്കിൽ ജ്യൂസ് കുടിക്കുന്നത് അത്ര ഗുണകരമല്ല.
ജാമാ പീഡിയാട്രിക്സ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാദിവസവും ഒരുഗ്ലാസ് 100% ജ്യൂസ് കുടിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും ചെറിയതോതിൽ വണ്ണംവെക്കാനിട വരുത്തുമെന്നാണ് പഠനത്തിലുള്ളത്. ആഡഡ് ഷുഗർ ചേർക്കാത്ത ജ്യൂസിനേയാണ് 100% ഫ്രൂട്ട് ജ്യൂസ് എന്നുപറയുന്നത്. 42 വിവിധ പഠനങ്ങളെ ആസ്പദമാക്കിയാണ് ഗവേഷകർ അവലോകനം നടത്തിയത്. പതിനൊന്നു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ ഓരോ എട്ട് ഔൺസ് അധിക ഫ്രൂട്ട് ജ്യൂസ് കുടിക്കുമ്പോഴും ബി.എം.ഐ.(Body mass index)-യിൽ വർധനവ് വരുന്നുണ്ടെന്നാണ് പഠനത്തിലുള്ളത്.
ജ്യൂസ് കുടിക്കുന്നത് തീരെ ഒഴിവാക്കണം എന്നല്ല മറിച്ച് വണ്ണംകുറയ്ക്കുന്നവർ ജ്യൂസിന്റെ അളവ് കുറയ്ക്കുന്നതാവും അഭികാമ്യമെന്നാണ് ഗവേഷകർ പറയുന്നത്. ജ്യൂസ് ആരോഗ്യകരമാണെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് ഇവ വണ്ണംവെക്കാൻ കാരണമാകുന്നതെന്ന ചോദ്യത്തിനും ഗവേഷകർക്ക് മറുപടിയുണ്ട്. ജ്യൂസിലടങ്ങിയിരിക്കുന്ന ലിക്വിഡ് കലോറിയാവാം അതിനു കാരണമെന്നാണ് പറയുന്നത്. പഴങ്ങളിലുള്ളതുപോലെ ഫൈബറിന്റെ അളവ് ജ്യൂസിലുണ്ടാകില്ല. അതിനാൽ അവ കുടിക്കുമ്പോൾ വയറുനിറഞ്ഞ അവസ്ഥ അനുഭവപ്പെടാതിരിക്കുകയും കൂടുതൽ കുടിക്കുകയും ചെയ്യും. ഇതാവാം വണ്ണംവെക്കാൻ കാരണമാകുന്നതെന്നാണ് ഗവേഷകർ പറയുന്നത്.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദേശിക്കുന്നതുപ്രകാരം ഒന്നുമുതൽ മൂന്നുവരെ പ്രായക്കാർ 4 ഔൺസ് ജ്യൂസും നാലുമുതൽ ആറുവരെ പ്രായക്കാർ 6 ഔൺസ് ജ്യൂസും ഏഴുമുതൽ പതിനെട്ടുവരെ പ്രായക്കാർ എട്ട് ഔൺസുമാണ് കുടിക്കേണ്ടത്.
content highlight: juices for weightloss