Health

ചുവന്ന അരി ആരോഗ്യകരമാകുന്നത് എന്തുകൊണ്ട്? അറിയാം ചുവന്ന അരിയുടെ ഗുണങ്ങൾ- health benefits of red rice

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അരി ഒരു പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നു. എന്നാൽ അരി ആരോഗ്യകരമാണെന്നും അല്ലെന്നും  ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും മലയാളികളുടെ ഇഷ്ട ഭക്ഷണം ചോറ് തന്നെയാണ്. എന്നാൽ വെളുത്ത അരിയെക്കാളും ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ളവയാണ് ചുവന്ന അരി.

ജീവകങ്ങളും നാരുകളും അടക്കമുളള പോഷകഘടകങ്ങൾ ഏറ്റവും കൂടുതലുളളത് തവിടുളള ചുവന്ന അരിയിലാണ്.കൂടാതെ ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ് ചുവന്ന അരി.

ഫൈബര്‍ ധാരാളം ഉള്ളതിനാലും ഫാറ്റ് അടങ്ങിയിട്ടില്ലാത്തതിനാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉൾപ്പെടുത്താൻ ഏറെ സഹായകരമാണിത്. മലബന്ധം ഒഴിവാക്കാനും വെളളത്തിൽ ലയിച്ചു ചേരാത്ത നാരുകൾ അടങ്ങിയ ചുവന്ന അരി സഹായിക്കും. പ്രമേഹ നിയന്ത്രണത്തിനു രക്തത്തിലെ കൊളസ്ട്രോൾ നില കുറയ്ക്കാനും തവിട് ഉപകരിക്കുന്നു. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണ് ചുവന്ന അരി. കൂടാതെ പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം എന്നിവ അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ചുവന്ന അരിയില്‍ ഗ്ലൂട്ടണ്‍ ഒട്ടും അടങ്ങിയിട്ടില്ല.

ചുവന്ന അരിക്ക് ഗ്ലൈസിമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ട് പ്രമേഹ രോഗികൾക്ക് അനുയോജ്യം തവിടു കളയാത്ത ചുവന്ന അരിയുടെ ചോറാണ്. വെള്ള ചോറിന് ഗ്ലൈസിമിക് ഇൻഡക്സ് കൂടുതലായതിനാൽ പ്രമേഹ രോഗികള്‍ അവ മിതമായ അളവില്‍ മാത്രം കഴിക്കുന്നതാണ് ഉചിതം.

എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ, ശരീരഭാരം കുറയ്ക്കാൻ, ദഹനത്തെ സഹായിക്കാൻ, രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാൻ ഇങ്ങനെ ആരോഗ്യകരമായ ധാരാളം ഗുണങ്ങൾ ചുവന്ന അരിയിൽ അടങ്ങിയിട്ടുണ്ട്. വെളുത്ത അരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ചുവന്ന അരിയെ കൂടുതൽ ആരോഗ്യകരമാക്കുന്നത് അവിശ്വസനീയമായ പോഷകങ്ങളുടെ സാന്നിധ്യമാണ്. വെളുത്ത അരിയെക്കാളും ഏറെ ഗുണകരമാണ് ചുവന്ന അരി.

STORY HIGHLIGHT: health benefits of red rice