ചെന്നൈ: മതേതരത്വമെന്നത് യൂറോപ്യൻ ആശയമാണെന്നും ഇന്ത്യയിൽ ആവശ്യമില്ലെന്നും തമിഴ്നാട് ഗവർണർ ആർ.എൻ രവി. മതേതരത്വത്തിന്റെ പേരിൽ ഇന്ത്യയിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരിയിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട് ഗവർണറുടെ വിവാദ പ്രസ്താവന. 1976ൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം കൂട്ടിച്ചേര്‍ത്തതിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
”ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പല തട്ടിപ്പുകളും നടന്നിട്ടുണ്ട്. അതില്‍ ഒന്ന് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്. മതേതരത്വം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? അതൊരു യൂറോപ്യൻ ആശയമാണ്, മതേതരത്വം ഒരു ഭാരതീയ സങ്കൽപ്പമല്ല. സഭയും രാജാവും തമ്മിൽ വഴക്കുണ്ടായതിനെ തുടര്‍ന്നാണ് യൂറോപ്പില്‍ മതേതരത്വം ഉയർന്നുവന്നത്. ദീർഘകാലമായി തുടരുന്ന ഈ സംഘർഷം അവസാനിപ്പിക്കാനാണ്, ഈ ആശയം രൂപപ്പെട്ടത്. ഇവിടെ അത്തരത്തിലൊന്നില്ല”- ഗവര്‍ണര്‍ വ്യക്തമാക്കി.
ഭരണഘടനാ രൂപവത്കരണ വേളയിൽ ചിലര്‍ മതേതരത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ നിര്‍മാണ സഭയിലെ മുഴുവന്‍ അംഗങ്ങളും മതേതരത്വം നമ്മുടെ രാജ്യത്തോ എന്നാണ് ചോദിച്ചത്. എവിടെങ്കിലും എന്തെങ്കിലും സംഘര്‍ഷമുണ്ടോ? ഭാരതം ധര്‍മത്തില്‍നിന്നാണ് ജന്മംകൊണ്ടത്. ധര്മത്തില് എവിടെയാണ് സംഘര്‍ഷമുണ്ടാവുകയെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ഗവർണറുടെ പരാമർത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തി. ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധമാണെന്ന് തമിഴ്നാട്ടിലെ വിരുദുനഗറിൽ നിന്നുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു.