ലോകത്തിന്റെ അത്ഭുതമായ ആമസോൺ മഴക്കാടുകളുടെ വിസ്തീർണം 23 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ബ്രസീലിലാണ് ഇത് ഏറ്റവും കൂടുതൽ സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുജാന ഹൈലാൻഡ്സും, പടിഞ്ഞാറ് ആൻഡീസ് പർവതനിരകളും കിഴക്ക് അറ്റ്ലാന്റിക് മഹാസമുദ്രവും ഈ മഴക്കാടുകൾക്ക് അതിർത്തിയൊരുക്കുന്നു.ഉയർന്ന മഴപ്പെയ്ത്തും താപനിലയുമുള്ള കാടുകളാണ് ഇവ. ലോകത്തിലെ ഏറ്റവും വൈവിധ്യമുള്ള ജൈവവ്യവസ്ഥ സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണ് ആമസോൺ മഴക്കാടുകൾ. വിവിധതരം കീടങ്ങൾതൊട്ട് മരങ്ങളും ചെടികളും പക്ഷികളും മൃഗങ്ങളുമൊക്കെ ഇവിടെയുണ്ട്. ജാഗ്വർ, മനാറ്റീ,കാപിബാര, വിവിധ തരം രാത്രിഞ്ചരജീവികൾ, കുരങ്ങൻമാർ, ഗ്രീൻ അനാക്കോണ്ട തുടങ്ങി വൈവിധ്യമായ ജൈവവിശേഷം ഇവിടെ സ്ഥിതി ചെയ്യുന്നു. എന്നാൽ ആമസോണ്‍ കാടുകളിൽ ചില ഭയങ്കരൻമാരുമുണ്ട്.
ലോകത്തിൽ വിവിധ ജീവികളിൽ നിന്നും കീടങ്ങളിൽ നിന്നുമേൽക്കുന്ന കുത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്ന സൂചികയാണ് ഷ്മിറ്റ് പെയിൻ ഇൻഡെക്സ്. തന്റെ ജീവിതകാലം ഇതെപ്പറ്റി ഗവേഷണം നടത്തിയ എന്റമോളജിസ്റ്റ് ജസ്റ്റിൻ ഷ്മിറ്റാണ് ഈ സൂചിക തയാർ ചെയ്തത്. ഇതിൽ ഏറ്റവും മുകളിൽ വരുന്നത്, അല്ലെങ്കിൽ ഏറ്റവും വേദനാജനകമായ കുത്തുള്ളതായി ഷ്മിറ്റ് പറഞ്ഞിരിക്കുന്നത് ഒരിനം ഉറുമ്പുകളെയാണ്. ബുള്ളറ്റ് ഉറുമ്പുകൾ എന്നറിയപ്പെടുന്ന ഇവ ആമസോണിലാണ് താമസം.3000 വരെ എണ്ണമുള്ള കോളനികളിലായാണ് ബുള്ളറ്റ് ഉറുമ്പുകളുടെ താമസം. വലുപ്പമുള്ള ഉറുമ്പുകളായ ഇവയുടെ ഉറുമ്പിൻകൂട് ആക്രമിക്കാൻ തക്കം പാർത്ത് നിരവധി ജീവികൾ നടപ്പുണ്ട്. പക്ഷികൾ മുതൽ പല്ലികൾ, തവളകൾ, കുരങ്ങുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പടും.
എന്നാൽ അത്ര ആക്രണമണകാരിയായ ഒരു ജീവിയല്ല ബുള്ളറ്റ് ഉറുമ്പെന്ന് ഗവേഷകർ പറയുന്നു. തന്നെ വേട്ടയാടാൻ വരുന്ന ജീവിക്ക് താക്കീതൊക്കെ ഇതു നൽകാറുണ്ട്. ശബ്ദം വഴിയും, പ്രത്യേക ഗന്ധം പുറപ്പെടുവിച്ചും ശരീരത്തിന്റെ നിറം മാറ്റിയുമൊക്കെയാണ് ഈ താക്കീതുകൾ നൽകുന്നത്. എന്നാൽ പിന്നീടും ആക്രമിക്കുന്നവരെ ബുള്ളറ്റ് ഉറുമ്പുകൾ കൂട്ടം കൂടി ആക്രമിക്കും. എന്നാൽ ഈ ആക്രമണത്തിൽ നിന്ന് മരണം സംഭവിക്കാൻ സാധ്യത വളരെ കുറവാണ്. എന്നാൽ കടിയേറ്റിടത്ത് വേദന 24 മണിക്കൂർ വരെ നിലനിൽക്കും.വേറെയും അപകടകാരികളായ ജീവികൾ ആമസോണിലുണ്ട്. ആമസോണിലെ ഏറ്റവും വലിയ വേട്ടക്കാരൻ ബ്ലാക്ക് കെയിൻമാൻ എന്നറിയപ്പെടുന്ന മുതലയാണ്. വെള്ളത്തിൽ ജീവിക്കുന്ന ആമകൾ, മീനുകൾ, പക്ഷികൾ, കരയില‍് ജീവിക്കുന്ന വിവിധ മൃഗങ്ങൾ തുടങ്ങിയവയെയൊക്കെ ഈ മുതല വേട്ടയാടും. ബനാന സ്പൈഡർ എന്നുമറിയപ്പെടുന്ന ബ്രസീലിയൻ വാണ്ടറിങ് സ്പൈഡർ മനുഷ്യർക്കറിയാവുന്നതിൽ ഏറ്റവും അക്രമാസക്തനായ ചിലന്തിയാണ്. ഈ വിഭാഗത്തിൽ എട്ടുതരം ചിലന്തികളുണ്ട്. ഇവയെല്ലാംതന്നെ ആമസോൺ കാടുകളിലുണ്ട്. ഇവ കടിച്ചാൽ നല്ല വേദനയാണ്. ആരോഗ്യകരമായ പ്രശ്നങ്ങളും സംഭവിക്കാം.
STORY HIGHLLIGHTS : amazon-rainforest-dangerous-creatures