ബെംഗളൂരു: 29 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇയാൾ ബംഗാളിലുണ്ടെന്നും അറസ്റ്റ് ചെയ്യാൻ ശ്രമം തുടരുന്നതായും അദ്ദേഹം പറഞ്ഞു. മാളിലെ ജീവനക്കാരിയായിരുന്ന നെലമംഗല സ്വദേശിയായ മഹാലക്ഷ്മിയുടെ ശരീര ഭാഗങ്ങളാണ് വയാലിക്കാവിൽ മുന്നേശ്വര ബ്ലോക്കിലെ അപ്പാർട്മെന്റിൽ നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പൊലീസിന്റെ 4 പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.
വിവാഹിതയായ മഹാലക്ഷ്മി, ഭർത്താവും മകളുമായി വേർപെട്ട് ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. അപ്പാർട്മെന്റിൽ നിന്നു ദുർഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങളാണ് ഫ്രിജിൽ നിന്നു ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാലക്ഷ്മിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബാർബർ ഷോപ്പിലെ ജീവനക്കാരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാൾ മഹാലക്ഷ്മിയെ കാണാൻ അപ്പാർട്മെന്റിൽ നിരന്തരം എത്തിയിരുന്നതായി മൊഴി ലഭിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്തത്.