ഹൈക്കോടതിയും കൈവിട്ടതോടെ സിദ്ദിഖിനെ പിടികൂടാന്‍ വേഗത്തിലുള്ള നടപടിക്രമങ്ങളുമായി സ്‌പെഷ്യല്‍ അന്വേഷണ സംഘം. സാഹചര്യ തെളിവുകള്‍ എല്ലാം ശേഖരിച്ച അന്വേഷണ സംഘം ഹൈക്കോടതി വിധിവരാന്‍ കാത്തിരിക്കുകയായിരുന്നു. വിധി സിദ്ദിഖിന് പ്രതികൂലമായതോടെ അറസ്റ്റ് എത്രയും വേഗം രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്ന് രാവിലെ മുതല്‍ സിദ്ദിഖ് ഒളിവിലാണെന്ന വാര്‍ത്തകളാണ് വരുന്നത്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ അന്വേഷണം സംഘത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളെല്ലാം സാധൂകരിക്കുന്ന സാഹചര്യത്തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സിനിമാ പ്രിവ്യൂ കഴിഞ്ഞ് അച്ഛനമ്മമാര്‍ക്കും കൂട്ടുകാരിക്കുമാെപ്പമാണ് സിദ്ദിഖിനെ കാണാന്‍ ഹോട്ടലില്‍ എത്തിയതെന്ന നടിയുടെ മൊഴി ശരിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. 2016 ജനുവരി 27ന് രാത്രി 12ന് തിരുവനന്തപുരത്തെ മാസ്റ്റ് ഹോട്ടലില്‍ 101 ഡി നമ്പര്‍ മുറിയെടുത്ത സിദ്ദിഖ് മടങ്ങിയത് പിറ്റേന്ന് വൈകിട്ട് 5നാണെന്ന ഹോട്ടല്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. സിദ്ദിഖ് ചോറും മീന്‍കറിയും തൈരും കഴിച്ചതിന്റെ ബില്ലും ഇതിലുള്‍പ്പെടുന്നു. നടിയുടെ മൊഴിയില്‍ ഭക്ഷണത്തിന്റെ കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു. തന്നെ സിദ്ദിഖ് ക്ഷണിച്ച മുറിയില്‍ നിന്ന് നോക്കി കഴിഞ്ഞാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്ന് നടി മൊഴി നല്‍കിയിരുന്നു. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പരാതിക്കാരി ഇത് അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു. സിദ്ദിഖ് സംഭവ ദിവസം കഴിച്ച ഭക്ഷണത്തിന്റെ ബില്‍ എടുപ്പിച്ചപ്പോള്‍ അത് ശരിയാണെന്ന് തെളിയുകയും ചെയ്തു. സംഭവത്തിന് ശേഷം മാനസിക നില തകരാറിലായ പരാതിക്കാരി ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിശദാംശങ്ങളും പീഡനം നടന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഇത്തരം സാഹചര്യത്തെളിവുകളാണ് സിദ്ദിഖിന് കുരുക്ക് മുറുക്കിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്‌തേക്കും. ജസ്റ്റിസ് സി.എസ് ഡയസ് അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നേരത്തെ വാദം കേട്ടിരുന്നെങ്കിലും വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. 376ാം വകുപ്പ് ചുമത്തി മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു. 376ാം വകുപ്പ് അനുസരിച്ച് ബലാല്‍സംഗത്തിന് പത്തു വര്‍ഷത്തില്‍ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. സെക്ഷന്‍ 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവര്‍ഷംവരെ തടവോ പിഴയോ രണ്ടുംകൂടിയ ശിക്ഷയോ ലഭിച്ചേക്കാം.എന്നാല്‍ അറസ്റ്റ് തടയുന്നതിനായി സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. വിധിപകര്‍പ്പ് വന്നതിന് ശേഷമായിരിക്കും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
അതിനിടെ, സിദ്ദിഖ് വിദേശത്ത കടക്കുമെന്ന് സൂചന ലഭിച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിദേശത്തേക്ക് കടന്നാല്‍ പിന്നീട് സിദ്ദിഖിനെ കിട്ടാന്‍ സമയമെടുക്കുമെന്ന കാരണത്താലാണ് മുന്‍ക്കൂട്ടി ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയിലെ വിവിധ വനിതാ പ്രവര്‍ത്തകര്‍ പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ തെളിവുകള്‍ രജിസ്റ്റര്‍ ചെയ്ത ഏറ്റവും ശക്തമായ കേസായിരുന്നു സിദ്ദിഖിന്റെത്. എല്ലാ പഴുതുകളടച്ചും ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.